ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Friday 14 December 2018

ഉമക്കുട്ടി എഴുതട്ടെ

പണ്ട് ..പണ്ട് വളരെപ്പണ്ട്‌ ഒരു കുട്ടിയുണ്ടായിരുന്നു ..
ബാലരമേൽ വരുന്ന കഥകളിൽനിന്നൊക്കെ പ്രചോദനം കൊണ്ട്‌ സ്വന്തമായി നക്ഷത്രക്കണ്ണുള്ള ഒരു മുയലിന്റേം നെറുകേല് പുള്ളീള്ള കുതിരക്കുട്ടീടേം കഥയെഴുതിയ ,ചുണ്ടിന്റെ അറ്റത്തു കുഞ്ഞു കാക്കപ്പുള്ളിയുള്ള കുട്ടി .
താനൊരു വല്യ സംഭവമാണെന്ന് കരുതി ആ കഥ പൊക്കിപ്പിടിച്ചു നടന്ന് ,ഒടുക്കം വായിച്ചവരെല്ലാം ഇവളിതേതോ ബുക്കീന്നു കട്ടെടുത്തതാണെന്നു പറഞ്ഞു കേട്ടു മനസ്സു മടുത്ത് വിലയേറിയ കലാസൃഷ്ടി ഞഞ്ഞം പിഞ്ഞം നുള്ളിക്കീറിക്കളഞ്ഞു "കൃഷ്ണാ നീ ഇതൊന്നും കാണുന്നില്ലേയെന്നു കണ്ണീരൊഴുക്കിയ കുട്ടി .
പിന്നെആരും കാണാതിരിക്കാൻ നോട്ടുപുസ്തകത്തിൽ മാത്രം സാഹിത്യ സൃഷ്ടികൾ നടത്തി .
അങ്ങനെ ,1998ലെ മഞ്ഞുകാലത്തു കണ്ടുപിടിക്കപ്പെട്ട നോട്ട്ബുക്കിൽ ,എഴുത്തിനു താഴെ അച്ഛന്റെ കുറിപ്പ് കണ്ടാണ് എഴുതുന്നതൊരു തെറ്റല്ലെന്ന് മനസ്സിലായത് .
"ശ്ലാഘനീയം "എന്ന വാക്കു പരിചയപ്പെട്ട ആ കഥ പണ്ടൊരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് .
ജനയുഗം മാസികയിൽ വന്ന പാഥേയം എന്ന കവിതയാണ് അച്ചടിമഷി പുരണ്ട ആദ്യ ഐറ്റം .
പിന്നെ കോളേജ് മാഗസിനുകളിൽ കുട്ടികൾ പോലും വായിച്ചു നോക്കിയിട്ടുണ്ടാവില്ലെന്നു കരുതപ്പെടുന്ന ഒന്ന് രണ്ടു കഥകളും .
ചില ഓൺലൈൻ പുസ്തകാസ്വാദനങ്ങളും കൂട്ടത്തിൽ വേണേൽ ഉൾപ്പെടുത്താം .
ഇത്രയും എഴുതാൻ കാരണം ഒരു കുഞ്ഞിക്കഥയാണ് .
തസ്രാക്ക് ഡിജിറ്റൽ മാസികയിൽ വന്ന ഉമക്കുട്ടിയുടെ പേനക്കഥ .
ഉമക്കുട്ടി പറയുന്നു ,"തെറ്റുകൾ മായ്ക്കുകയാണ് റബ്ബറിന്റെ ജോലി .അല്ലാതെ ഭംഗിയുള്ള ചിത്രങ്ങൾ മായ്ക്കുകയല്ല "
സത്യത്തിൽ ഉമക്കുട്ടി പറഞ്ഞപോലെ നമ്മളിപ്പോൾ ചിത്രങ്ങൾ മായ്ച്ചുകൊണ്ടിരിക്കുകയല്ലേ ?.തെറ്റുകൾ മായ്ച്ചു കളയുക എളുപ്പമേയല്ലെന്നോർത്തുകൊണ്ട് !അതുമല്ലെങ്കിൽ തെറ്റുകൾ കാണുന്നേയില്ലെന്നു നടിച്ചു കൊണ്ട് !
ഭംഗിയുള്ളതൊക്കെയും മാഞ്ഞുകഴിഞ്ഞ് "കണ്ടില്ലേ ഒക്കെയും ഇല്ലാതായെന്നു" നമ്മൾ പരിതപിക്കും .അത്രതന്നെ .
കുഞ്ഞുങ്ങൾക്ക് മാത്രം പഠിപ്പിച്ചു തരാൻ പറ്റുന്ന ചില ഗുണപാഠങ്ങളുണ്ട് .
"നമ്മക്ക് കാണാമ്പറ്റാത്ത ദൈവം എങ്ങന്യാമ്മാ നമ്മളെ രക്ഷിക്കാ ..നമ്മളെ നമ്മള് തന്നാ രക്ഷിക്കേണ്ടെ "എന്ന് "രക്ഷിക്കണേ സ്വാമീന്നു പ്രാർത്ഥിക്കു മോനെയെന്ന അമ്മൂമ്മഭക്തിയ്ക്ക് മറുപടി ഗുണപാഠം
"എന്റെ ദൈവോം ജോയലിന്റെ ദൈവോം എങ്ങന്യാ രണ്ടാളാവ്വാ ?" എന്ന് സംശയഗുണപാഠം
"കുട്ട്യോള് അച്ഛനും അമ്മയ്ക്കും ശല്യക്കാരാണോമ്മാ ന്ന് "കേബിൾ ടി വി- ഇന്റർനെറ്റ് പരസ്യത്തിന് ശേഷമുള്ള തിരിച്ചറിവ് ഗുണപാഠം .
"ആളോള് വിചാരിക്കണത് നമ്മള് നോക്കണതെന്തിനാ ?എനിക്കിങ്ങനെ പോയാ മതീന്ന് " സ്ലിപ്പറിൽ ടപ്പോ ടപ്പോ ചെളിവെള്ളം തെറിപ്പിച്ചു നടന്നു സന്തോഷ ഗുണപാഠം .
"നമ്മടെ ഉടുപ്പ് ചീത്തായാലും സാരോല്ലമ്മാ ആ പൂച്ചക്കുട്ടി നനഞ്ഞില്ലല്ലോ" എന്ന് സഹജീവി ഗുണപാഠം .
"എന്താ ആയാന്റി എന്റെ ഫുഡ് സരിനു കൊടുക്കാൻ സമ്മയ്ക്കാത്തെ ?കുട്ട്യോൾക്ക് കൊതി വരാമ്പാടില്ലേ ?ഫുഡ് ഷെയറെയ്യാനൊള്ളതല്ലേ "എന്ന് സൗഹൃദ ഗുണപാഠം
അങ്ങനെ എഴുതിയാൽ തീരാത്ത ഗുണപാഠങ്ങൾ ,
പഠിച്ചിട്ടും പഠിക്കാത്ത മുതിർന്നവരുടെ ലോകത്തെയൊന്നാകെ പിടിച്ചുലയ്ക്കാൻ കഴിവുള്ള കുഞ്ഞു ഗുണപാഠങ്ങൾ !
.ഉമക്കുട്ടി എഴുതട്ടെ .....ഉമക്കുട്ടിയ്ക്കുമ്മകൾ 😘

No comments:

Post a Comment