ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Wednesday 16 November 2016

കടുവാ മുരുകൻ

പോകുന്ന വഴിയെല്ലാം കുഞ്ഞനുമമ്മേം പാടിക്കൊണ്ടിരുന്നു
മുരുകാ ..മുരുകാ ..പുലിമുരുകാ .
നോവോ സിനിമാസ്സിൽ കൃത്യം പത്തുമണിക്ക് തന്നെയെത്തുമ്പോൾ തിയേറ്റർ ശാന്തം .
പ്രവൃത്തി ദിനത്തിൽ പകൽ സിനിമയ്ക്ക് വരാൻ ആർക്കാ നേരം ?
സ്വസ്ഥമായൊരു സിനിമാക്കാഴ്ച നേർന്നു ഹൃദയമൊരിടത്തു സ്വസ്ഥമായിരുന്നു .
തീയേറ്ററിനുള്ളിലെ പടികളോരോന്നും എണ്ണിച്ചാടി പുലിമുരുകനെത്തുന്നതും കാത്തു കുഞ്ഞൻ .
ഒടുക്കം അവനെത്തി !
പുലിയെക്കണ്ടു നിശബ്ദമായവർക്കിടയിൽ പുലിയുടെ അലർച്ചയ്ക്കും മേലെ കുഞ്ഞനലറി ,
ഇത് കടുവയാ !!
പോപ്കോൺ വായിൽത്തിരുകി അവന്റെ വായടപ്പിച്ചു ഹൃദയം താളം വീണ്ടെടുത്തു .
കാര്യഗൗരവക്കുഞ്ഞൻ വീണ്ടും പറഞ്ഞു
അമ്മാ പുലിയല്ല ..കടുവ .
അമ്മക്കുന്തം കടുവയുടെ മറ്റൊരുപേര് വരയൻ പുലിയാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ പാടുപെട്ടു .
അപ്പൊ ദാ വരുന്നു അടുത്ത ചോദ്യം
കടുവേക്കൊല്ലാമോ ?
ഇവൻ w w f ന്റെ വക്താവാണോ കർത്താവേന്ന് ഹൃദയം !
കടുവയെ കൊല്ലുകയല്ല .ഇത് സിനിമയല്ലേ ഗ്രാഫിക്സ് ആണ് മോൻ ലൈഫ് ഓഫ് പൈ കണ്ടില്ലേ എന്നൊക്കെ പറഞ്ഞു ഹൃദയം തടിതപ്പി .
മോൻലാലങ്കിളിന്റെ ചാട്ടോം ഓട്ടോം പാട്ടുമൊക്കെ കുഞ്ഞന് പെരുത്തിഷ്ടം .
പക്ഷേ കൊച്ചിനെ കടുവ കൊന്നതും കടുവേ മുരുകൻ കൊന്നതും കുഞ്ഞന് പിടിച്ചില്ല !
ഇന്റെർവെല്ലിനു ശേഷം കസേരക്കുഞ്ഞൻ തറക്കുഞ്ഞനായി .
സീറ്റിനിടയിലൂടെ കടുവേം മോൻലാലങ്കിളും ഫൈറ്റെയ്യണ കണ്ടു .
(പുലിയെന്നു പലതവണ പറഞ്ഞിട്ടും കുഞ്ഞൻ പിന്നേം കടുവേൽ തന്നെ !)
തിരിച്ചു ടാക്സിയിൽ വരുമ്പോൾ പുലിപ്പാട്ടു കടുവപ്പാട്ടായി .
മുരുകാ മുരുകാ കടുവ മുരുകാ
(താളമൊക്കുന്നില്ലെന്നു തലയാട്ടി കുഞ്ഞൻ തന്നെ പാട്ടു മംഗളം പാടിയവസാനിപ്പിച്ചു )
ഫ്ലാറ്റിന്റെ പടികൾ ഓടിക്കയറി കതകുതുറക്കുമ്പോഴേയ്ക്കും കുഞ്ഞൻ അലമാരപ്പുസ്തകങ്ങൾക്കരികിൽ എത്തിയിരുന്നു .
വംശനാശം നേരിടുന്ന ജീവികളുടെ വർണ്ണചിത്രങ്ങൾ നിറഞ്ഞ ചോന്ന ചട്ടയുള്ള ബുക്കെടുത്തു നിവർത്തി
അതിലെ "Royal Bengal Tiger " നിൽക്കുന്ന നിൽപ്പ് ചൂണ്ടി
അവൻ പറഞ്ഞു ,
ഞാമ്പറഞ്ഞില്ലേമ്മാ ..പുലിയല്ല കടുവ
കടുവേക്കൊല്ലാമ്പാടില്ലാ .
ഒടുക്കം വക്കീലമ്മയുടെ വക്കീൽപ്പുത്രൻ വാദമുറപ്പിക്കാൻ അടുത്ത "ലാ "പോയിന്റ് കാച്ചി .
കടുവ ഇന്ത്യേടെ നാഷണൽ അനിമലാ .
അമ്മപ്പേച്ചിന്റെ വാക്കുപെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുറപ്പിച്ചുള്ള അവന്റെയാ നിൽപ്പുകണ്ടു
ഹൃദയമൊരു ചിന്താക്കുഴപ്പത്തിലായി .
പിന്നെ ,
കുഞ്ഞുമനസ്സിൽ പുലിമുരുകൻ എത്തിച്ച തിരിച്ചറിവ്
സിനിമയുടെ സാങ്കേതിക -വാണിജ്യ തലങ്ങൾക്കും അപ്പുറത്താണെന്നോർത്തു നെടുവീർപ്പിട്ടു .
മോൻലാലങ്കിളിന്റെ മെയ്‌വഴക്കത്തെക്കുറിച്ചു
കുഞ്ഞനോട് ആവർത്തിച്ചു പറഞ്ഞു സായൂജ്യം കൊണ്ടു. .

യക്ഷി സ്റ്റിക്കർ

ഓം ഐം ഹ്രീം ക്ളീം ..
എന്റെ നാല് വയസുകാരൻ കുഞ്ഞൻ മന്ത്രോച്ചാരണം തുടങ്ങി . ഒരാവാഹനം നടക്കുകയാണ് .
യക്ഷിയെ മൊട്ടുസൂചിയിലേക്കു വരുത്തുന്നു . കുഞ്ഞൻ പട്ടേരി ഇപ്പോൾ യക്ഷിക്ക് പിന്നാലെയാണ് .
കുറേനാൾ മുൻപ് , വൈകിട്ട് ഉസ്കൂൾ കഴിഞ്ഞു വരുന്ന ടീച്ചറമ്മേടെ കയ്യും പിടിച്ചു
ആടിയാടി തിരക്ക് കുറഞ്ഞ തെരുവിലൂടെ വഴിയോരം ചേർന്ന് നടക്കുമ്പോൾ
അവന്റെ കണ്ണ് മാനത്തും മരത്തിലുമായിരുന്നു .
പുള്ളും പ്രാവുംതൂവല് ചിക്കിപ്പറക്കുന്നതും കൊമ്പുകളിൽ കൊക്കുരുമ്മുന്നതും ചൂണ്ടിക്കാട്ടി
അവൻ കൈകൊട്ടിച്ചിരിച്ചു .
പിന്നെപ്പിന്നെ കുഞ്ഞുനോട്ടം താഴേയ്ക്കായി .
വഴിയിൽ ചിതറിക്കിടക്കുന്ന "പാറ്റാ നശീകരണ " സ്റ്റിക്കറുകൾ ശേഖരിച്ചു
അതിലെ പാറ്റ , മൂട്ട , കൊതുക് , പല്ലി ,ചിലന്തി ,എലി ഇത്യാദി ജന്തുക്കളെ
എണ്ണം പറഞ്ഞു തിരിച്ചും മറിച്ചും അടുക്കി വച്ച് അവൻ കൃതാർത്ഥനായി .
മുറി വൃത്തിയാക്കുന്നതിനിടയിൽ ഇത്തരം "കൂറ "സ്റ്റിക്കർ ശേഖരങ്ങൾ
ചവറ്റുകുട്ടയിൽ തട്ടി ഞാൻ മടുത്തു .
ഇതൊന്നവസാനിപ്പിക്വോ കുട്ടീ എന്ന എന്റെയപേക്ഷയ്‌ക്ക്‌
നിഷ്കളങ്ക കണ്ണുചിമ്മി എല്ലാം അനിമൽസല്ലേമ്മാന്ന് മൃഗസ്നേഹിക്കുഞ്ഞൻ പറഞ്ഞു .
ഒടുക്കം കൂറക്കളക്ഷൻ നിലച്ചു . പകരം മറ്റൊന്നാരംഭിച്ചു .
പതിവ് രാത്രി നടത്തത്തിൽ , വഴിയിൽ നിയോൺ ലാമ്പിന്റെ വെളിച്ചത്തിൽ
ചിതറിക്കിടന്നു "കളർഫുള്ളായി "ചിരിക്കണ ചേച്ചിമാരെ കക്ഷിക്ക്‌ ഇഷ്ടപ്പെട്ടു .
മസ്സാജ് പാർലർ തരുണീമണിമാർ പള്ളേം തൊള്ളേം കാട്ടി
"മലമ്പുഴ യക്ഷി "മട്ടിൽ കൈയും പൊക്കി പോസ് ചെയ്തു നിന്ന് ചിരിച്ചു .
പാർക്ക് ചെയ്തിരിക്കുന്ന കാറുകളെല്ലാം ഇത്തരം സ്റ്റിക്കറുകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു .
( ഓഫീസിൽ ജോലി കഴിഞ്ഞു തലമണ്ട പൊട്ടുന്ന ടെൻഷനുമായി വരുന്ന ചേട്ടന്മാർക്കു ഒരു ദുർബല നിമിഷത്തിൽ വല്ലോം തോന്നിയാലോ ..)
എന്തായാലും ആദ്യത്തെ സ്റ്റിക്കർ ചോദ്യം വന്നു കഴിഞ്ഞു .
എന്തിനമ്മാ ഈ ചേച്ചി ബെല്ലി ബട്ടൺ കാണിച്ചു നിക്കണേ ?
ആ ചേച്ചിയ്ക്ക് തുണി അലർജിയാ ..
അമ്മയുത്തരം കേട്ട് അവനെന്തോ ആലോചിച്ചു
( അമ്മയ്ക്ക് അലർജിയില്ലേ ? എന്ന ചോദ്യത്തിന് മറുപടിയാലോചിച്ചു ഞാൻ നിന്നു -
ഭാഗ്യം ആ ചോദ്യം വന്നില്ല )
പിന്നെ സ്റ്റിക്കർ ശേഖരണത്തിൽ വ്യാപൃതനായി .
(പ്രവാസികൾക്ക് ഈ സ്റ്റിക്കർ പരിചിതമാണ് .
ഇതെന്തു സ്റ്റിക്കർ എന്ന് തല പുകയ്ക്കുന്നവർക്കു വേണ്ടി - ഇവിടെ ഒട്ടനവധി മസ്സാജ് പാർലറുകൾ ഉണ്ട്.
നമ്മുടെ നാട്ടിലെ അശാസ്ത്രീയ ആയുർവേദ പാർലറുകൾ പോലെ . പുരുഷന്മാരെ ആനന്ദ തുന്ദുലിതരാക്കാൻ
തരുണീമണികൾ അല്പവസ്ത്ര ധാരിണികളായി അവിടങ്ങളിൽ സുഗന്ധ എണ്ണകൾ കൊണ്ട് ഉഴിച്ചിലും പിഴിച്ചിലും നടത്താറുണ്ടത്രെ ! അതിന്റെ പരസ്യമാണ് ഇത്തരം വിസിറ്റിങ് കാർഡ് രൂപത്തിലുള്ള സ്റ്റിക്കറുകൾ .)
ഈശ്വരാ ..ഈ ശേഖരണം കൈവിട്ടു പോകുമോ ?
എന്റെ കെട്ട്യോൻ വിരുന്നുകാരുടെ മുന്നിൽ തെറ്റിദ്ധരിക്കപ്പെടുമോ ?
എന്നുള്ള ചിന്തകൾ കൊണ്ട് തലപുകഞ്ഞ ഞാൻ ഇനിയെന്തു വേണ്ടൂ എന്നാലോചിച്ചു നിന്നു .
ഒരുപായവും തോന്നാഞ്ഞു കള്ളിയങ്കാട്ടു നീലിക്കഥ മെനഞ്ഞു .
പാർവ്വതീപുരത്തിനടുത്തെ കള്ളിയങ്കാട്ടു കുന്നും കരിമ്പനച്ചോടും
മുടിയഴിച്ചിട്ട് എം ടി കഥയിലെപ്പോലെ നിരതെറ്റിയ പല്ലുകളും
വെള്ളാരംകണ്ണുകളുമുള്ള കളഭക്കുറിയിട്ട യക്ഷി , വേഷം മാറി ,
മിനി സ്കർട്ടും വയറു കാണിച്ച ഷോർട് ടോപ്പുമിട്ടു ചുണ്ണാമ്പിനു പകരം ച്യൂയിംഗം
ചോദിച്ചു കുഞ്ഞനടുത്തു വന്നു .
അമ്മക്കണ്ണുരുണ്ട് അമ്മപ്പല്ലു തള്ളി അമ്മനാവുനീട്ടി അമ്മയക്ഷിയായി നീലിയെയും വെല്ലുന്ന മട്ടിൽ കുഞ്ഞനെ നോക്കി ."നമ്മക്ക് സ്റ്റിക്കറു വേണ്ടമ്മാ എനിക്ക് പേടീല്ല അച്ചനെ പിടിച്ചോണ്ട് പോയാലോ ന്നു " ചോദിച്ചു കുഞ്ഞൻ സ്റ്റിക്കർ ശേഖരണം മംഗളം പാടി അവസാനിപ്പിച്ചു . ഹൃദയം ദീർഘ നിശ്വാസമുതിർത്തു .
മൃഗ കഥകൾ യക്ഷിക്കഥകൾക്കു വഴി മാറിയതും സ്റ്റോക്ക് തീർന്നു 'ഐതിഹ്യമാല' തേടി കരാമ ഡീ സിയുടെ മുന്നിൽ ഞാൻ ചെന്ന് നിന്നതും അങ്ങനെയാണ് .
എന്നാലും യക്ഷിസ്റ്റിക്കറുകൾ സവാരിക്കിടയിൽ കുഞ്ഞനെടുത്തു നോക്കാറുണ്ട് .
അവൻ നോക്കുമ്പോഴെല്ലാം എന്റെ കണ്ണിൽ ,കാറ്റത്തു പാറിയ സിൽക്ക് മുടിയിഴയ്ക്കിടയിലൂടെക്കണ്ട
ഇരുണ്ടുരുണ്ട മുഖം തെളിയും ."തൻവി " എന്ന പേരും .
അപ്പോഴെല്ലാം അറപ്പിന്റെ കയ്പു വിഴുങ്ങി ചലിക്കുന്ന കൈകളും
നഖപ്പാടു ചുവപ്പിച്ച നെഞ്ചും പാതിരാവിൽ കണ്ണീർ നനച്ച തലയിണക്കുട്ടികളും
എന്നെ നൊമ്പരപ്പെടുത്താറുണ്ട് .
പിന്നെ,അവൾ പറഞ്ഞു കേട്ട വെറുപ്പിക്കുന്ന "പുരുഷാവശ്യങ്ങളും ".
യക്ഷിസ്റ്റിക്കറുകളുടെ വിഭ്രമിപ്പിക്കുന്ന വർണ്ണങ്ങളിൽ , മനം മയക്കുന്ന "പള്ള " കാട്ടലുകളിൽ
ദൂരെയെവിടെയോ നിറഞ്ഞുറങ്ങുന്ന ചില " പള്ള "കളുണ്ടെന്ന്
തൻവി പറഞ്ഞ കഥകൾ ഹൃദയത്തോടാവർത്തിക്കുന്നു .
മരുക്കാറ്റിൽ പറന്നു നടന്ന പെൺചിത്രങ്ങൾ
ഉള്ളിലൊരു കണ്ണീർ ഭൂപടം മെനയുന്നു .