ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Friday 14 December 2018

മോറലുകൾ

ഈസോപ്പ് കഥകളിൽ നിന്ന് ഐതിഹ്യമാലയിലേയ്ക്ക്
കഥക്കളം മാറ്റിച്ചവിട്ടി നടക്കുകയാണ് കഥയമ്മ
ഉറങ്ങാൻ നേരം ഒരു കഥാവായനയും കവിതാപാരായണവും (എന്നും കുന്നും പൂതപ്പാട്ട്..ഇടയ്ക്കു ട്രൈ ചെയ്ത മാമ്പഴം കേട്ട് നെലോളിച്ചു കുഞ്ഞൻ അമ്മേടെ ഉറക്കം കൂടിക്കളഞ്ഞു .), പിന്നൊരു മയങ്ങിക്കഥയും !
മയങ്ങിക്കഥയെന്നാൽ ഉണർവ്വിനും ഉറക്കത്തിനുമിടയിലെ പാതിക്കണ്ണിൽ കുഞ്ഞൻ മൂളികേൾക്കുന്ന കഥ !
എന്നിട്ട് ..എന്ന ചോദ്യം മൂളലാവുമ്പോ കഥയമ്മ കഥനിർത്തി ചിന്നഞ്ചിറു കിളിയേ കണ്ണമ്മാ പാടും .
അങ്ങനെയൊരു മയങ്ങിക്കഥയ്ക്കിടയിലാണ്
അട്ട വീണ ചോറും പാക്കനാരും കേട്ടിരുന്ന പാതിക്കണ്ണൻ കുഞ്ഞൻ മുഴുക്കണ്ണും ഡിങ്കോന്ന് വിടർത്തി ,ഉറക്കത്തെ കാറ്റിൽപ്പറത്തി ഠപ്പോന്നു ചോദിച്ചത് :
"അട്ട വീണ ചോറ് കൊടുത്താ ചിത്തറ ഗുത്തന് (ചിത്രഗുപ്തൻ) എങ്ങന്യാ ശിക്ഷിക്കാമ്പറ്റാ ?"
ന്നാപ്പിന്നെ അയ്യാള് ചൈനേലോട്ടു പോട്ടെ .
ചൈനേം ചിത്രഗുപ്തനും തമ്മിലെ ബന്ധം മനസിലാവാതെ അന്തം വിട്ട കഥയമ്മ :
അതെന്തിനാ? അയ്യാൾക്കെന്താ ചൈനേല് കാര്യം ?(പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം ലൈൻ )
കുഞ്ഞൻ : ഈയ്യമ്മ മണ്ടൂസാ .ന്നാപ്പിന്നെ മുഴോൻ ചൈനാക്കാർക്കും ശിക്ഷ കിട്ടണ്ടേ ?
കഥയമ്മ പ്ലിംഗ് !
...പിന്നെ ...ദത് ....ദിത് ......
"അതിന് അട്ട വീണ ചോറാണെന്ന കാര്യം പണിക്കാരോട് പറയാതെയല്ലേ കൊടുത്തേ ?
അവരത് അറിയാണ്ടല്ലേ കഴിച്ചേ ?
ആരേം നമ്മള് പറ്റിക്കാമ്പാടില്ലാ ."
ആശ്വാസക്കുഞ്ഞൻ : അപ്പം ,ഇതാമ്മാ ഈ കഥേലെ മോറല് ? ആരേം നമ്മള് പറ്റിക്കാമ്പാടില്ല .ല്ലേ ?
ഹോ , അങ്ങനെ പാക്കനാർ കഥയിലെ മോറൽ കണ്ടു പിടിച്ച ആശ്വാസത്തിൽ ചിന്നഞ്ചിറുകിളിയെ കേട്ട് കുഞ്ഞനുറങ്ങി .😉

കുഞ്ഞുങ്ങളോളം ക്ഷമയുള്ള അധ്യാപകരില്ല !😍

ഋഷി സ്കൂളിലേയ്ക്ക് .
കുളിച്ചു കുട്ടപ്പനായി പുതിയ സ്കൂളിലേയ്ക്ക് പോകാനിറങ്ങിയ ഋഷിയോട് 'അമ്മ -മക്കളേ നല്ലതു ചെയ്തു പഠിക്കണംട്ടാ 🙂
സന്ദർഭോചിതമായി ഋഷി തലകുലുക്കുന്നു .
നീലാകാശക്കണ്ണിയും (മാനത്തുകണ്ണിയ്ക്ക് ഋഷി വക പേര് )കെട്ട്യോനും മഴയത്തു നിറഞ്ഞൊഴുകിയ ചെറിയതോട്ടിൽ നിന്ന് തോട്ടുവക്കത്തെ റോഡിലേയ്ക്ക് ചാടി മരിച്ചു പോയിക്കാണുമോ എന്ന ആകാംക്ഷയിൽ ഷൂ മുഴുവൻ നനച്ചാണ് സ്കൂളിലേക്കുള്ള നടത്തം .
അങ്ങനെ ചാരക്കൊക്കുകള് പറക്കുമ്പോ എങ്ങന്യാ വെള്ളയാവാന്നും ചോദിച്ചു ഋഷി നടക്കുമ്പോഴാണ്
പെട്ടെന്ന് കുഞ്ഞു തലയ്ക്കുള്ളിൽ നേരത്തെയുള്ള തലകുലുക്കം ഓർമ്മ വന്നത് .
ഉടനെ സംശയകുമാരൻ വക ചോദ്യം -ഈ നല്ലതെന്നു വച്ചാ എന്താമ്മാ ?
അന്തംവിട്ടയമ്മ -അത് നല്ല കാര്യങ്ങൾന്നു വച്ചാ ..നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും നല്ലതാവേണ്ട കാര്യങ്ങൾ .(സത്യായിട്ടും തലയ്ക്കകത്തു അന്നേരം ഒന്നും വന്നില്ല )
സംശയകുമാരൻ -എനിക്ക് നല്ലതാവണ കാര്യങ്ങളൊക്കെ എല്ലാർക്കും നല്ലതാ ?
'അമ്മ -അതെന്താ അങ്ങനെ ചോദിച്ചേ ?
സ : കു -അമ്മയൊരു കുരുത്തംകെട്ട അമ്മയാല്ലേ ? അമ്മയ്‌ക്കൊന്നുമറിഞ്ഞൂടാ .എനിക്കിഷ്‌ടോള്ള കാര്യങ്ങള് അമ്മയ്ക്ക് ചെലപ്പോ ഇഷ്ടല്ലല്ലോ .അതോലെ എനിക്ക് നല്ലതാവണ കാര്യം എല്ലാർക്കും നല്ലതാവൂല്ല 😮പിന്നെങ്ങന്യാ നമ്മക്ക് നല്ലതു മാത്രം ചെയ്യാമ്പറ്റാ .ന്നാലും ഞാൻ നല്ല കുട്ട്യാവാൻ ട്രൈ ചെയ്യാമേ .'അമ്മ വെഷമിക്കണ്ട.
അങ്ങനെ മുപ്പത്താറാം വയസ്സിൽ ഋഷിയുടെ 'അമ്മ ചില പാഠങ്ങൾ പഠിക്കയാണ് .ഓരോ ചോദ്യത്തിലൂടെയും അവന്റേതായ ഉത്തരങ്ങളിലൂടെയും അവനെന്നെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ് .
ഒന്നു പറയാതെ വയ്യ ,കുഞ്ഞുങ്ങളോളം ക്ഷമയുള്ള അധ്യാപകരില്ല !😍

ഒന്നാമൻ കുട്ടിയാവണ്ട ഒന്നാന്തരം കുട്ടിയാവട്ടെ ...😍.

ഇന്നലെസ്കൂളിൽ നിന്ന് വരും വഴി കുഞ്ഞനോട് പതിവ് ചോദ്യം ചോദിച്ചു -"ഇന്നെന്തൊക്കെയാ സ്കൂളില് നടന്നത് ?"
അമ്മേടെ സിക്സ്ത് സെൻസ് ഇപ്പൊ തീരെ വർക്ക് ചെയ്യണില്ലല്ലേ എന്ന് സഹതാപത്തോടെ ചോദിച്ചു കുഞ്ഞൻ വിശേഷങ്ങൾ പറഞ്ഞു .
ഒരീസം ആരും കാണാതെ സ്കൂളിലെ കൂട്ടില് വളർത്തണ കിരീടം വച്ച തത്തയെ തുറന്നു വിടണമെന്ന സ്വപ്നം എന്നത്തേയും പോലെ പറഞ്ഞു .
സ്നാക്ക്സ് തിന്നാൻ വന്ന ബലിക്കാക്കയ്ക്കു അപ്പൂപ്പന്റെ പോലെ വെള്ളത്തൂവൽത്താടിയുള്ളതും ,
ചാരനിറപ്രാവ് ആൽഫബെറ്റ്‌സ് എഴുതുമ്പോ കുറുകുറൂന്നു വിളിച്ചു ജനലിനു വെളിയിലെ ആനച്ചെവിയൻ അത്തിമരത്തിൽ നനഞ്ഞു വിറച്ചിരുന്നതും,
ഒന്നേ രണ്ടേ എഴുതുമ്പോ സ്കൂളിലെ ജനാലക്കണ്ണാടിയിൽ മരംകൊത്തി വന്നു കൊത്തിക്കൊത്തി കൂടുവയ്ക്കാൻ നോക്കീതും ,
ബിസ്ക്കറ്റ് പൊടിയിലെ വലുതൊരെണ്ണം കൊച്ചുങ്ങൾക്കു കൊടുക്കാൻ അച്ഛനുറുമ്പു കഷ്ടപ്പെട്ട് വലിച്ചോണ്ടു പോയതും നീണ്ടപീലിയിമചിമ്മി അവൻ വിവരിച്ചു !
വഴിയരികിലെ വീട്ടിൽ നിന്ന് ആരും കാണാതെ ഞാനവന് ചാമ്പയ്ക്ക പൊട്ടിച്ചു കൊടുത്തു .
നാളെ സ്നാക്ക് ബോക്സിൽ അപ്പൂപ്പൻ കാക്കയ്ക്ക് സ്പെഷ്യൽ കൊഴുക്കട്ട വേണമെന്ന് നിബന്ധന വച്ചു.
ആനച്ചെവിയൻ അത്തിയിലെ തൂവൽകുതിർന്ന പ്രാവിന് നാളെ റെയിൻ കോട്ട് കൊടുത്തോട്ടെയെന്നു അനുവാദം ചോദിച്ചു .
ഉറുമ്പുഫാമിലി എവിടേയ്ന്നറിഞ്ഞിരുന്നേൽ ഒരു വലിയ ബിസ്ക്കറ്റ് അവിടെക്കൊണ്ടു കൊടുക്കാരുന്നു പാവം അച്ഛനുറുമ്പ് എന്ന് സങ്കടപ്പെട്ടു .
അങ്ങനെ ചിരിയും കളിയുമായി വീട്ടിലെത്തി ബാഗിലെ സാധനങ്ങൾ മാറ്റിവയ്ക്കുന്നതിനിടയിൽ അവന്റെ ഇംഗ്ലീഷ് നോട്ടുബുക്ക് കണ്ട ഞാൻ ഞെട്ടി ! .
ആൽഫബെറ്റ്‌സ് എഴുതിയിരിക്കുന്ന പേജിൽ വലിയൊരു തെറ്റിട്ടിട്ട് "Learn Capital and Small Letters "എന്ന് ഗമണ്ടൻ അക്ഷരങ്ങളിൽ എഴുതി ടീച്ചർ ഒപ്പുവച്ചിരിക്കുന്നു .
ഞാൻ പേജ് കണ്ടത് കുഞ്ഞൻ ശ്രദ്ധിച്ചോ എന്നറിയാനായി ഞാനവനെ ഏറുകണ്ണിട്ടു നോക്കി .
അവൻ ലഞ്ച് ബോക്സ് എടുത്തു മാറ്റുന്ന തിരക്കിലാണ് .
വീണ്ടും ഞാനാ പേജ് നോക്കി പെട്ടെന്ന് എനിക്കൊന്നും പിടികിട്ടിയില്ല .
ഒന്നുകൂടി നോക്കിയപ്പോൾ അവൻ രണ്ടും മിക്സ് ചെയ്താണ് എഴുതിയിരിക്കുന്നതെന്നു മനസ്സിലായി .
ഇടയ്ക്കു ചിലതിൽ പെൻസിൽ കൊണ്ട് വട്ടമിട്ടിട്ടുണ്ട്
എന്താണ് സംഭവമെന്ന് ആശാനോട് നേരിട്ട് ചോദിക്കുമ്പോൾ അവൻ പറഞ്ഞതിങ്ങനെ ; .അമ്മാ ടീച്ചറ് പറഞ്ഞു small letters എഴുതീട്ട് vowels സർക്കിൾ ചെയ്യാൻ .ഞാൻ ചെയ്തല്ലോ !!😮
പക്ഷെ ടീച്ചറ് തെറ്റിട്ടല്ലേ ?ടീച്ചറിന് തെറ്റിപ്പോയതായിരിക്കും .😝
"ന്നിട്ട് വിശേഷം പറഞ്ഞപ്പോ മോനെന്താ ഇത് പറയാഞ്ഞേ ?"
"ഓ ,,'അമ്മയ്ക്ക് വെഷമാവൂല്ലേ അതോണ്ടാ അത് സാരോല്ലമ്മാ .പാവം ടീച്ചർ അല്ലേ .പോട്ടെ "😂
ഞാനാ നിർദേശം അല്ല ആജ്ഞ വീണ്ടും വായിച്ചു നോക്കി .അതിലെ നെഗറ്റിവിറ്റി കുഞ്ഞനെ ബാധിച്ചില്ലല്ലോ എന്നോർത്തു സമാധാനിച്ചു .
ആൽഫബെറ്റ്‌സ് എഴുതിയപ്പോ കണ്ട പ്രാവിനെക്കുറിച്ചു അവൻ പറഞ്ഞത് വീണ്ടുമോർത്തു
.ആ ശ്രദ്ധ തിരിയലിനിടയിലും കൃത്യമായി അവൻ അടയാളപ്പെടുത്തിയ vowels കണ്ടു .ശ്രദ്ധമാറിയപ്പോൾ കൂടെമാറിപ്പോയ ഇടയ്ക്കിടെയുള്ള capital letters ഞാൻ ശ്രദ്ധിച്ചതേയില്ല .
ഒരു ടീച്ചർ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും മനസ്സിലോർത്തു .
POSITIVE REINFORCEMENT എന്നൊരു സംഗതി കുഞ്ഞു മക്കളെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപകർക്കറിയില്ലെങ്കിൽ പഠനം സഹനമാവുന്നതോർത്തു നെടുവീർപ്പിട്ടു.
അഞ്ചു വയസ്സുകാരനുള്ളതല്ല അവന്റെ അമ്മയ്ക്കുള്ളതാണ് "LEARN" എന്ന് തുടങ്ങുന്ന ആ നിർദ്ദേശം എന്ന് സമാധാനിച്ചു ,
"വവ്വൽസെന്നാലെന്താ വവ്വാലല്ലല്ലോ "എന്ന് കുഞ്ഞനൊപ്പം പാടിരസിച്ചു .
പിന്നെ മനസ്സിലുറപ്പിച്ചു ,
ഋഷി ഒന്നാമൻ കുട്ടിയാവണ്ട
ഒന്നാന്തരം കുട്ടിയാവട്ടെ ...😍.
വാൽക്കഷ്ണം -അദ്ധ്യാപക ഈഗോ ഏതറ്റം വരെപ്പോകും എന്ന് കൃത്യമായി അറിയാവുന്നതു കൊണ്ട് ഈയൊരൊറ്റ കുറിപ്പിലിതു നിർത്തുന്നു .വർഷം മുഴുവൻ ക്ലാസിലിരുന്ന് അനുഭവിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളാണല്ലോ .ഒരു parental tip പറഞ്ഞു തരാം .അദ്ധ്യാപകപെരുമാറ്റത്തിൽ അമർഷം തോന്നി ചെന്ന് ബഹളം വയ്ക്കുന്ന ചിലരുണ്ട് .നിങ്ങൾ follow ചെയ്യേണ്ടത് "Request &Reward "എന്ന സംഗതിയാകുന്നു .പുരിഞ്ചിതാ 😉

ദൈവം സംസാരിക്കുന്ന ഭാഷ

കുളിമുറിനേരങ്ങൾ നേരമ്പോക്ക് നേരങ്ങളാകുന്നു
കഥയും കടങ്കഥയും പാട്ടും നിറഞ്ഞ വെള്ളത്തുള്ളിനേരങ്ങൾ !
എൽസയേം മാഷയേം (ഏതോ മിട്ടായിപ്പെട്ടിയിൽ കിട്ടിയ കുഞ്ഞു ബൊമ്മക്കുട്ടികൾ )കുളിപ്പിക്കലും
അമ്മേടെ മേത്തു വെള്ളം തെറിപ്പിക്കലും ഒക്കെയായി അതങ്ങനെ മുന്നേറുമ്പോൾ ഇടയ്ക്കിടെ അമ്മൂമ്മക്ളോക്ക് ദോശ മറിച്ചിട്ട ചട്ടുകോം കൊണ്ട് നടന്നു നേരം പറയും ....
ഏഴേ കാല് ,ഏഴര, ഏഴേമുക്കാല് ! പിള്ളേരേ നേരം പോയി.
അങ്ങനെ പാഞ്ഞു പിടിച്ചു തലതോർത്തുന്നതിനിടയിലാണ് സംശയകുമാരൻ ഋഷി വക ചോദ്യം -
..ദൈവം സംസാരിക്കുന്നത് ഏതുഭാഷേലാമ്മാ?
അറബിക് ,ഹീബ്രൂ , സംസ്കൃതം അങ്ങനെ അവനു മനസ്സിലാവാത്ത പല ഭാഷകളിലെ ,
പല ദേശങ്ങളിലെ ദൈവങ്ങളെയോർത്തു
എന്തിന് ,മനുഷ്യദൈവങ്ങളെപ്പോലും ഓർമ്മ വന്നു !
തണുത്തു വിറച്ചു അരയിൽ കെട്ടിപ്പിടിച്ചു നിന്ന കുഞ്ഞനെ പൊക്കിയെടുത്തു കട്ടിലിൽ നിർത്തി
മുറുകെ കെട്ടിപ്പിടിച്ചു പറഞ്ഞു
ദൈവം സംസാരിക്കുന്നത് സ്നേഹത്തിന്റെ ഭാഷേലാ😍
ഉത്തരം കേട്ട് അവനെന്തോ ആലോചിച്ചു നിന്ന് ചിരിച്ചു .
അന്നേരം ലോകത്തോട് മുഴുവൻ എനിക്ക് സ്നേഹം തോന്നി .
ഹൃദയമുറക്കെ വിളിച്ചു പറഞ്ഞു
അതെ ,ഞാൻ ജീവിച്ചിരിക്കുന്നു 🤩

ഉമക്കുട്ടി എഴുതട്ടെ

പണ്ട് ..പണ്ട് വളരെപ്പണ്ട്‌ ഒരു കുട്ടിയുണ്ടായിരുന്നു ..
ബാലരമേൽ വരുന്ന കഥകളിൽനിന്നൊക്കെ പ്രചോദനം കൊണ്ട്‌ സ്വന്തമായി നക്ഷത്രക്കണ്ണുള്ള ഒരു മുയലിന്റേം നെറുകേല് പുള്ളീള്ള കുതിരക്കുട്ടീടേം കഥയെഴുതിയ ,ചുണ്ടിന്റെ അറ്റത്തു കുഞ്ഞു കാക്കപ്പുള്ളിയുള്ള കുട്ടി .
താനൊരു വല്യ സംഭവമാണെന്ന് കരുതി ആ കഥ പൊക്കിപ്പിടിച്ചു നടന്ന് ,ഒടുക്കം വായിച്ചവരെല്ലാം ഇവളിതേതോ ബുക്കീന്നു കട്ടെടുത്തതാണെന്നു പറഞ്ഞു കേട്ടു മനസ്സു മടുത്ത് വിലയേറിയ കലാസൃഷ്ടി ഞഞ്ഞം പിഞ്ഞം നുള്ളിക്കീറിക്കളഞ്ഞു "കൃഷ്ണാ നീ ഇതൊന്നും കാണുന്നില്ലേയെന്നു കണ്ണീരൊഴുക്കിയ കുട്ടി .
പിന്നെആരും കാണാതിരിക്കാൻ നോട്ടുപുസ്തകത്തിൽ മാത്രം സാഹിത്യ സൃഷ്ടികൾ നടത്തി .
അങ്ങനെ ,1998ലെ മഞ്ഞുകാലത്തു കണ്ടുപിടിക്കപ്പെട്ട നോട്ട്ബുക്കിൽ ,എഴുത്തിനു താഴെ അച്ഛന്റെ കുറിപ്പ് കണ്ടാണ് എഴുതുന്നതൊരു തെറ്റല്ലെന്ന് മനസ്സിലായത് .
"ശ്ലാഘനീയം "എന്ന വാക്കു പരിചയപ്പെട്ട ആ കഥ പണ്ടൊരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് .
ജനയുഗം മാസികയിൽ വന്ന പാഥേയം എന്ന കവിതയാണ് അച്ചടിമഷി പുരണ്ട ആദ്യ ഐറ്റം .
പിന്നെ കോളേജ് മാഗസിനുകളിൽ കുട്ടികൾ പോലും വായിച്ചു നോക്കിയിട്ടുണ്ടാവില്ലെന്നു കരുതപ്പെടുന്ന ഒന്ന് രണ്ടു കഥകളും .
ചില ഓൺലൈൻ പുസ്തകാസ്വാദനങ്ങളും കൂട്ടത്തിൽ വേണേൽ ഉൾപ്പെടുത്താം .
ഇത്രയും എഴുതാൻ കാരണം ഒരു കുഞ്ഞിക്കഥയാണ് .
തസ്രാക്ക് ഡിജിറ്റൽ മാസികയിൽ വന്ന ഉമക്കുട്ടിയുടെ പേനക്കഥ .
ഉമക്കുട്ടി പറയുന്നു ,"തെറ്റുകൾ മായ്ക്കുകയാണ് റബ്ബറിന്റെ ജോലി .അല്ലാതെ ഭംഗിയുള്ള ചിത്രങ്ങൾ മായ്ക്കുകയല്ല "
സത്യത്തിൽ ഉമക്കുട്ടി പറഞ്ഞപോലെ നമ്മളിപ്പോൾ ചിത്രങ്ങൾ മായ്ച്ചുകൊണ്ടിരിക്കുകയല്ലേ ?.തെറ്റുകൾ മായ്ച്ചു കളയുക എളുപ്പമേയല്ലെന്നോർത്തുകൊണ്ട് !അതുമല്ലെങ്കിൽ തെറ്റുകൾ കാണുന്നേയില്ലെന്നു നടിച്ചു കൊണ്ട് !
ഭംഗിയുള്ളതൊക്കെയും മാഞ്ഞുകഴിഞ്ഞ് "കണ്ടില്ലേ ഒക്കെയും ഇല്ലാതായെന്നു" നമ്മൾ പരിതപിക്കും .അത്രതന്നെ .
കുഞ്ഞുങ്ങൾക്ക് മാത്രം പഠിപ്പിച്ചു തരാൻ പറ്റുന്ന ചില ഗുണപാഠങ്ങളുണ്ട് .
"നമ്മക്ക് കാണാമ്പറ്റാത്ത ദൈവം എങ്ങന്യാമ്മാ നമ്മളെ രക്ഷിക്കാ ..നമ്മളെ നമ്മള് തന്നാ രക്ഷിക്കേണ്ടെ "എന്ന് "രക്ഷിക്കണേ സ്വാമീന്നു പ്രാർത്ഥിക്കു മോനെയെന്ന അമ്മൂമ്മഭക്തിയ്ക്ക് മറുപടി ഗുണപാഠം
"എന്റെ ദൈവോം ജോയലിന്റെ ദൈവോം എങ്ങന്യാ രണ്ടാളാവ്വാ ?" എന്ന് സംശയഗുണപാഠം
"കുട്ട്യോള് അച്ഛനും അമ്മയ്ക്കും ശല്യക്കാരാണോമ്മാ ന്ന് "കേബിൾ ടി വി- ഇന്റർനെറ്റ് പരസ്യത്തിന് ശേഷമുള്ള തിരിച്ചറിവ് ഗുണപാഠം .
"ആളോള് വിചാരിക്കണത് നമ്മള് നോക്കണതെന്തിനാ ?എനിക്കിങ്ങനെ പോയാ മതീന്ന് " സ്ലിപ്പറിൽ ടപ്പോ ടപ്പോ ചെളിവെള്ളം തെറിപ്പിച്ചു നടന്നു സന്തോഷ ഗുണപാഠം .
"നമ്മടെ ഉടുപ്പ് ചീത്തായാലും സാരോല്ലമ്മാ ആ പൂച്ചക്കുട്ടി നനഞ്ഞില്ലല്ലോ" എന്ന് സഹജീവി ഗുണപാഠം .
"എന്താ ആയാന്റി എന്റെ ഫുഡ് സരിനു കൊടുക്കാൻ സമ്മയ്ക്കാത്തെ ?കുട്ട്യോൾക്ക് കൊതി വരാമ്പാടില്ലേ ?ഫുഡ് ഷെയറെയ്യാനൊള്ളതല്ലേ "എന്ന് സൗഹൃദ ഗുണപാഠം
അങ്ങനെ എഴുതിയാൽ തീരാത്ത ഗുണപാഠങ്ങൾ ,
പഠിച്ചിട്ടും പഠിക്കാത്ത മുതിർന്നവരുടെ ലോകത്തെയൊന്നാകെ പിടിച്ചുലയ്ക്കാൻ കഴിവുള്ള കുഞ്ഞു ഗുണപാഠങ്ങൾ !
.ഉമക്കുട്ടി എഴുതട്ടെ .....ഉമക്കുട്ടിയ്ക്കുമ്മകൾ 😘

"പറഞ്ഞതെല്ലാം പിന്നേം പറേണം പിന്നേം പറഞ്ഞാ പിള്ളേരോർക്കും "

കുറച്ചു ദിവസങ്ങളായി കുഞ്ഞൻ സന്തോഷത്തിലാണ് .
സ്കൂളിൽ പ്രച്ഛന്നവേഷം ചെയ്യാൻ അവസരം കിട്ടിയിരിക്കുന്നു .
ഇന്ന് രാവിലെ അവന്റെ കൈ പിടിച്ചു സ്കൂളിലേയ്ക്ക് നടക്കുമ്പോൾ തോട്ടിലെ മാനത്തുകണ്ണികളോട് വരെ അതേക്കുറിച്ചു പറയുന്നുണ്ടായിരുന്നു അവൻ .
തനിയെ സംസാരിക്കലും ചിരിക്കലും കുഞ്ഞന്റെ പതിവാണ് .
അങ്ങനെ എന്തോ ഓർത്തു ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു ,
"അപ്പൊ ഞാൻ പട്ടാളക്കാരനാവും ല്ലേ മ്മാ ?"
പട്ടാളക്കാരൻ വേണോ ചാച്ചാജി വേണോന്നു കൺഫ്യൂസ്ഡമ്മ !
ആരാ ചാച്ചാജീന്നു സംശയക്കുഞ്ഞൻ .
എത്രതവണ പറഞ്ഞു തന്നിട്ടുണ്ട് ,ഇത് മറവിക്കുഞ്ഞനാണോ 🙄
അവൻ മറുപടിപ്പാട്ടുപാടി
"പറഞ്ഞതെല്ലാം പിന്നേം പറേണം
പിന്നേം പറഞ്ഞാ പിള്ളേരോർക്കും "
അങ്ങനെ ശിശുദിനചരിതം പറഞ്ഞു കേൾപ്പിക്കുമ്പോ ദാ വരണൂ അടുത്ത ചോദ്യം !
"അപ്പൊ ടീച്ചേഴ്സ് ഡേ യോ ?"
ഇനീം പഴയ ചോദ്യം ചോദിച്ചാൽ പാട്ടുകേൾക്കുമെന്നറിയാവുന്നതിനാൽ
ഒന്നും മിണ്ടാതെ പണ്ട് പറഞ്ഞു കൊടുത്ത അധ്യാപകദിനചരിതം ആവർത്തിച്ചു .
"അപ്പൊ രാനാകൃഷ്ണൻ വല്യ ടീച്ചറാരുന്നു ല്ലേ ?"
രാനാ അല്ല രാധാ...ന തിരിച്ചിടുന്ന ധ 😂യെന്ന് ടീച്ചറമ്മ !
ദാ വരണൂ പിന്നേം ചോദ്യം ,
"അപ്പൊ ഗാന്ധിജിയപ്പൂപ്പന്റെ ഹാപ്പി ബർത്ഡേ ഏതു ദിനാമ്മാ ?"
"അഹിംസാദിനംന്നു ടക്കെന്ന് അമ്മയുത്തരം "
പിന്നെ അഹിംസാചരിതമായി .
അങ്ങനെ നടക്കുമ്പോ ദാ പിന്നേം ചോദ്യം ,
"ആരേം കൊല്ലാത്ത ഗാന്ധിജിയപ്പൂപ്പനെ
ആരോ വെടിവച്ചു കൊന്നു ല്ലേ ?"
ഒരു നിമിഷം കഥയമ്മ നിന്നു .
അവന്റെയാ ചോദ്യത്തിന്റെ structure ഓർത്ത് ,
അത് മുന്നോട്ടു വയ്ക്കുന്ന തിരിച്ചറിവിനെക്കുറിച്ചാലോചിച്ച് ,
അതിന്റെ ശരിതെറ്റുകൾ എങ്ങനെയവനെ ബോധ്യപ്പെടുത്തുമെന്നു ഭയന്ന് ,
ഇനിയെങ്ങനെ അവനോടു വിശദീകരിക്കണമെന്ന്
പരിഭ്രാന്തയായി .ഒരു നിമിഷം നിന്നു .
അപ്പോഴേക്കും ചോദ്യക്കുഞ്ഞൻ ഉത്തരത്തിനു കാത്തുനിൽക്കാതെ പിന്നെയും ചോദിച്ചുകൊണ്ടേയിരുന്നു .
"മദേഴ്‌സ് ഡേ ആരുടെ ഹാപ്പി ബർത്ഡേ യാ ?
ഫാദേഴ്‌സ് ഡേ ആര്ടെ ഹാപ്പി ബർത്ഡേ ?
സ്കൂളിലെ പേരന്റ്സ് ഡെയോ ?
അപ്പൂപ്പന്റേം അമ്മൂമ്മേടേം ഡേ ഏതാ ?"
ഹോ ...ഇന്നെന്റെ ദിവസം എന്ന് തലയ്ക്കടിച്ച് ,
സ്കൂളിൽ എത്താൻ വൈകുമെന്ന് ഓർമ്മിപ്പിച്ച് കുഞ്ഞന്റെ കൈക്കുപിടിച്ചു വലിച്ചു നടന്നു കഥയമ്മ .
തിരികെ വരുമ്പോൾ അവൻ പാടിയ രണ്ടു വരികൾ ഓർത്തെടുത്തു ഹൃദയം .
"പറഞ്ഞതെല്ലാം പിന്നേം പറേണം
പിന്നേം പറഞ്ഞാ പിള്ളേരോർക്കും "
ചിലപ്പോഴെല്ലാം ആവർത്തനങ്ങൾ രസകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു 💜

"വിപരീതച്ചെപ്പ് "

ഉറക്കം വന്നു കണ്ണുതിരുമ്മിക്കുഞ്ഞനാകുമ്പോ അസഹ്യത മൂത്തൊരു വിളിയുണ്ടവന് .
"മ്മാ..വേം വാ "
പിന്നെ മൂന്നു കഥ രണ്ടു പാട്ട് .
അപ്പോഴേക്കുമവൻ കൂർക്കംവലിക്കുഞ്ഞനാകും .
ഈയിടെയായി ബെഡ്‌ലാംപ് വെളിച്ചത്തിൽ കുറേനേരം നിഴൽക്കളികൾ കളിക്കാറുണ്ട് ഞങ്ങൾ !
റഷ്യൻ കഥകളിലെ മന്ത്രവാദിയുവാവിനെപ്പോലെ ചെന്നായയായി മാറി ലോകമെല്ലാം ഓടിനടന്ന് കരടിയായി ,പിന്നെ കറുത്തവാലുള്ള കീരിയായി വേരിലും പൊത്തിലും കയറിയിറങ്ങി ,അഴകുള്ള കഴുകനായി ആകാശത്തിലേക്കുയർന്ന് ചിത്രശലഭമായി മടങ്ങി വന്ന് ചുവരിൽ
തുള്ളിക്കളിക്കാറുണ്ട് .
അങ്ങനെയൊരു രാവിലാണ് പൊടുന്നനെയൊരു പുത്തൻകളി അമ്മത്തലയിൽ വെളിപാട് കിട്ടിയത് .
"വിപരീതച്ചെപ്പ് "
ചുവരിലെ നിഴലിൽ അമ്മക്കൈയ്യൊരു ചെപ്പായി .
അത് തുറന്നിറങ്ങിയ വാക്കുകാലുകൾ നടന്നു നടന്നുനടന്നു
കുഞ്ഞനിരുവിരൽക്കാലുകൾക്കടുത്തെത്തി .
പിന്നെ പറഞ്ഞു തുടങ്ങി .
രാത്രി x .........=പറ പറ പറയുത്തരം -
പകലെന്നു കുഞ്ഞൻ .
ഇരുട്ട് x വെട്ടം
ചെറുത് x വല്യത്
സന്തോഷം x വിഷമം (സങ്കടം എന്ന അമ്മത്തിരുത്തലിൽ ആ വേണേൽ അങ്ങനേം പറയാംന്ന് കുഞ്ഞൻ )
പ്രഭാതം x (അതെന്താപ്പാ സാധനംന്നു കുഞ്ഞൻ )
ശരിയെന്നാൽ പറ
വൈകുന്നേരം x ......= കാലം (കാലത്ത് അഥവാ രാവിലെ എന്നാണ് അർത്ഥംന്നു കുഞ്ഞൻ ഡിക്ഷണറി )
കറുപ്പ് x വെള്ള (വെളുപ്പ് എന്ന അമ്മത്തിരുത്തലിൽ അല്ലമ്മാ യു ഷുഡ് സേ കറുപ്പ് ഈക്വല്സ് വെളുപ്പ് ....ഇദിപ്പോ മ്മടെ സ്കെച്ചിന്റെ കളർ ല്ലേ അതാണ് )
(മുൻപ് സ്കൂളിലെ ഒരു കുട്ടിയെ ആ കറുത്ത കുട്ടി എന്റെ ക്‌ളാസ്സിലാ എന്നവൻ സംബോധന ചെയ്തതും അതിനെത്തുടർന്ന് വീട്ടിലേയ്ക്കുള്ള 350 മീറ്റർ മുഴുവൻ കളർ ഡിസ്ക്രിമിനേഷൻ എന്ന ആധികാരിക അമ്മപ്രഭാഷണം മുഴുവൻ അവൻ മിണ്ടാതെ കേട്ടു നടന്നതും
ഒടുവിൽ സൊ ബ്ലാക്ക് ആൻഡ് വൈറ്റ് ആർ ഈക്വൽ അല്ലെ എന്ന അവന്റെ മറുചോദ്യം കേട്ട് ഞാൻ നിർവൃതിയടഞ്ഞതും ഓർത്തു പകച്ചു പോയീ ..)
അങ്ങനെ ചോദിച്ചു ചോദിച്ചൊടുക്കം ഉറക്കപ്പിച്ചിന്റെ മൂർദ്ധന്യത്തിൽ കേട്ട അമ്മച്ചോദ്യം ഇതായിരുന്നു
സൂര്യോദയം x ...........
കുഞ്ഞൻ മറുപടി "ചന്ദ്രോദയം "
ങേ ? എന്തോന്ന് ?🤨
കുഞ്ഞൻ റിപ്പീറ്റ്സ്.... "മ്മാ .സൂര്യോദയം xചന്ദ്രോദയം "
ഡാ ചന്ദ്രോദയം അല്ല .സൂര്യാസ്തമയം ന്നു തിരുത്തി തലേംകുത്തി ചിരിച്ച അമ്മയോട് സകല ഈർഷ്യയും വാക്കിൽ വരുത്തി കുഞ്ഞൻ ചോദിക്കുന്നു
ചന്ദ്രോദയംന്നു പറഞ്ഞാൽ എന്താ കൊഴപ്പം ?🙄
അങ്ങനെ എപ്പഴും സൂര്യൻ ആളാവണ്ട
സൂര്യൻ പോവുമ്പഴല്ലേ ചന്ദ്രൻ വരണേ .
അതോണ്ട് സൂര്യൻന്ന് എപ്പഴും എപ്പഴും പറേണ്ട
ചന്ദ്രൻ പാവം . ചന്ദ്രന് വിഷമാവില്ലേ ?
സൂര്യനേക്കാളും കുഞ്ഞുവാവയല്ലേ ?
കുഞ്ഞുങ്ങളെ മ്മള് വെഷമിപ്പിക്കാമ്പാടൊണ്ടോ ?😅
ഇവൻ സീരിയസ് ആണോ എന്നറിയാൻ മങ്ങിയ വെളിച്ചത്തിൽ അവന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ കണ്ണ് നിറച്ചു പുരികം ചുളിച്ചു അവൻ കാലെടുത്ത് എന്റെ ദേഹത്ത് വച്ചു .
അവന്റെയാ കണ്ടുപിടിത്തത്തിന് മുന്നിൽ "അമ്മ ഈഗോ " പർവ്വതങ്ങളും താഴ്വരകളും കടന്നു നീണ്ട വയലുകൾ താണ്ടി ,ഓക്കുമരത്തിലെ പക്ഷിരാക്ഷസന്റെ കൂട്ടിലൊളിച്ചു !
അവൻ "ചന്ദ്രോദയത്തെളിച്ചത്തിൽ "ശാന്തനായുറങ്ങി .💜