ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Wednesday 22 April 2015

കഥയമമ കഥയമമ....

എല്ലാക്കഥകളും അവസാനിക്കുന്നത്‌ ശുഭകരമായിട്ടായിരുന്നുവെങ്കിൽ .....
ഈയിടെയായി ഹൃദയം ആഗ്രഹിക്കുന്നതങ്ങനെയാണ് ....
കാരണം ,
കുഞ്ഞന് ചിരിക്കഥകൾ മാത്രം മതി !!
ഉണ്ണികൃഷ്ണൻ കുട്ടികൃഷ്ണന്റെ കഥകൾ കുഞ്ഞൂട്ടനു മടുത്തു ....
ഒരിക്കലും അവസാനിക്കാത്ത അത്തരം കഥകൾ പറയാൻ തുടങ്ങുമ്പോഴേക്കും
കഥയമ്മയ്ക്ക് നിരാശ സമ്മാനിച്ചു കൊണ്ട് അവൻ പറയും ....
"അത് ബേണ്ടാമ്മാ ...വേയെ കത .."

കുറച്ചു നാൾ മങ്കീ ഗോഡിന്റെ കഥകൾ കേട്ടു ചിരിച്ചു കുഞ്ഞൻ ..!
ഓറഞ്ചു പഴമായി മാറിയ സൂര്യദൈവത്തെ സങ്കല്പ്പിച്ചു
കുഞ്ഞുവച്ഛ സമ്മാനിച്ച ഓറഞ്ചു പന്ത് രുചികരമായി ഭക്ഷിച്ചു ...!

ആനത്തലയോളം വെണ്ണ തരാമെന്നു കഥയമ്മ മൂളിയപ്പോൾ
"അത്  ഗനപയിക്കു കൊട്ക്കമ്മാന്ന്" കൊഞ്ചി കുഞ്ഞൻ !
ഉണ്ണീശോയ്ക്ക് ചുറ്റും ആട്ടിൻ പറ്റം നിരന്ന കഥ കേട്ട്
"ഹായ് ...ഹായ് .." എന്നാർത്തു വിളിച്ചു കുഞ്ഞപ്പൻ !

ഇപ്പോ അവനു സാമിക്കഥ വേണ്ടത്രേ ....
ഓരോന്നു പറയാൻ തുടങ്ങും മുൻപേ
"വേയെ കത വേയെ കതയെന്നു നിലവിളി ...മുറവിളി ...!!

അങ്ങനെ കളം മാറ്റിചവിട്ടി കഥയമ്മ ...
മാമ്പഴവും അമ്മയും കുഞ്ഞേടത്തിയും
ചന്ദനക്കട്ടിലുമൊക്കെ കഥാവേഷമാടി !!

ഒടുവിൽ വേഷമഴിക്കുമ്പോൾ കുഞ്ഞുണ്ണിയുടെ മുഖം വാടി !!

അങ്ങനെ ,ഓ എൻ വി അപ്പൂപ്പനും കളം മാറ്റിച്ചവിട്ടി !!
ഈച്ചയും പൂച്ചയും കഞ്ഞി വെച്ചിട്ടതിൽ
ഈച്ച ചിരിച്ചതും പൂച്ച ചിരിച്ചതും
പങ്കിട്ടു കഞ്ഞി കുടിച്ചുറങ്ങുന്നതും ....
കഥയമ്മയൊച്ചയിൽ ഓ എൻ വി അപ്പൂപ്പൻ പാടിത്തിമിർത്തു !!!

ആരും മരിക്കണ്ട എല്ലാരും ജീവിക്കട്ടെയെന്നു കുഞ്ഞൻ പറഞ്ഞാലെന്തു ചെയ്യും ???
കഥ മാറ്റി , ക്ലൈമാക്സ് മാറ്റി മടുത്ത കഥയമ്മ ഇപ്പോൾ തിരക്കിലാണ് ,
ശുഭ പര്യവസായിയായ കഥകൾ തപ്പിപ്പിടിക്കുന്ന തിരക്കിൽ !!

അങ്ങനെ കഥയമ്മ പറഞ്ഞൊരു കഥ കേട്ട് കുഞ്ഞുണ്ണിയൊരു പൂതമായി !!
നാക്കു നീട്ടി , കണ്ണുരുട്ടി പൂതം കട്ടോണ്ടു പോയ
 ഉണ്ണിയെത്തേടി നങ്ങേലിയമ്മ ചെന്നു ....

പക്ഷേ ,
എന്റുണ്ണി യെത്താ പൂതമേയെന്ന്
നങ്ങേല്യമ്മ കരയാൻ തുടങ്ങുമ്പോഴേക്കും
ദാ ...തന്നല്ലോന്നു ചിരിച്ച്
പിന്നിലൊളിപ്പിച്ച മൊട്ടത്തലയൻ പാവക്കുട്ടിയെ
കഥയമ്മയ്ക്കു നീട്ടി പാവത്താൻ പൂതം !!!
കരയണ കത ബേണ്ടാന്നൊരു പറച്ചിലും !!

അതു കേട്ട് കഥയമ്മക്കണ്ണ്‍ നിറഞ്ഞു ....
പിന്നെ ,
"Life is not so fair always " എന്നു
കുഞ്ഞൻ പഠിക്കാനിരിക്കുന്ന പുതിയ പാഠത്തിൽ
ഒക്കെ നേരെയാവുമെന്നു ആശ്വാസം കൊണ്ടു !!!