ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Friday 27 November 2015

ഭഗവാനേ വലഞ്ഞൂലോ ഇവനെക്കൊണ്ട് !!!

ഈയിടെയായി പണ്ട് കേട്ട പാട്ടൊക്കെ തപ്പിയെടുത്തു
ഹൃദയം ചുവടു വയ്ക്കുന്നു .....
കുഞ്ഞുണ്ണ്യാർക്കെപ്പോഴാ ഡാൻസ് ചെയ്യാൻ തോന്ന്വാന്ന്
പറയാമ്പറ്റില്ലേ ....!!
അക്കൂട്ടത്തിൽ ഇന്നോർത്തെടുത്തു ചുവടു വച്ചത്
നന്ദലാല ....
( എന്തായാലും അമ്പത്തഞ്ചീന്നങ്ങോട്ടുമിങ്ങോട്ടും മാറാൻ
കൂട്ടാക്കാതിരുന്ന ബോഡി വെയ്റ്റ് അമ്പത്തി മൂന്നിലെത്തി
താളം ചവിട്ടുന്നു ....)
പറയുമ്പോ നേര് പറയണ്ടേ
ഉണ്ണിക്കിച്ചന്റെ പാട്ടുകളാത്രേ കുഞ്ഞുണ്ണിയ്ക്കിഷ്ടം !!
""ഗുരുവയൂരോമനക്കണ്ണനാമുണ്ണിയ്ക്ക്
ചില നേരമുണ്ടൊരു കള്ള നാട്യം"" ന്ന്
പാട്ടമ്മ പാടുമ്പോ കുഞ്ഞപ്പനുമുണ്ട്
കണ്‍കോണിലൂടൊരു കള്ള നോട്ടം....
ആനത്തലയോളം വെണ്ണ തരാമെടാ ന്ന്
പാട്ടമ്മ മൂളുമ്പോ
ചോറുണ്ണിയ്ക്ക് ആന വായ്‌ ....
ഒറ്റമുറി വട്ടത്തിൽ വട്ടം പിടിച്ചിരുന്ന്
ത്രിസന്ധ്യയ്ക്ക്‌ ""അഞ്ജന ശ്രീധരാന്നു ""
പാട്ടമ്മ കണ്ണു പൂട്ടുമ്പോ
""അഞ്ജലി "" അമ്മാടെ പേയല്ലേന്നു കുഞ്ഞുണ്ണി
( പേര്- പേയ് ...വായനക്കാർ തെറ്റിദ്ധരിച്ചേക്കുമോ ????)
""അമ്പാടി തന്നിലോരുണ്ണിയുണ്ടങ്ങനെന്നു ""
പാട്ടമ്മ തുടങ്ങുമ്പോ
""ദുബൈ തന്നിലോരുണ്ണിയുണ്ടിങ്ങയേന്നു ""
പൂർത്തിയാക്കും കുഞ്ഞപ്പൻ ...
""ഒളികണ്‍ പൂ ചാർത്താൻ സഖി രാധാ""ന്ന്
സംഗീത ശിരോമണിയമ്മ ഉറക്കു പാട്ടു പാടുമ്പോൾ
ഉറക്കംതൂങ്ങി കുഞ്ഞിക്കണ്ണ് വലിച്ചു തുറന്ന്
""രാത കിച്ചന്റെ ഫ്രന്റാമ്മാ???ന്ന്"" ഉണ്ണിക്കണ്ണൻ
എന്തായാലും നവ്യാനായര് നന്ദനത്തിൽ വിളിക്കണ പോലെ
ന്റെ ഗുരുവയൂരപ്പാന്നു വിളിച്ചില്ല ഹൃദയം !!
പകരം ചില കൃഷ്ണഗാഥകളോർത്തു .....
പഴയൊരു നഴ്സറി ...
മുറ്റത്ത്‌ പൂഴിമണ്ണിൽ പ്ളാവിൻ ചോട്ടിൽ
ചിരിച്ചു കുഴഞ്ഞു നിന്നൊരു കൃഷ്ണരൂപം ...
(കടമ്പ് കിട്ടീല്ലേൽ പ്ളാവിൻ ചോടായാലും മതിയത്രേ ...)
അന്നത്തെയഞ്ചു വയസ്സുകാരിയുടെ ഇരട്ടി ഉയരം ..
കാലുകൾ പിണച്ചു വച്ച് , ഓടക്കുഴലൂതി
അവനങ്ങനെ പുഞ്ചിരിച്ചു നിന്നു ....!!
പ്ലാവില കോട്ടി , കഞ്ഞീം കറീം വച്ച്
ആദ്യമൂട്ടിയത് അവനെ ...
പൂഴിവാരിക്കുളിപ്പിച്ചു പൊട്ടു തൊടീച്ചത്
കപ്പത്തണ്ടൊടിച്ചു മാല കോർത്ത്‌
കല്യാണം കഴിച്ചത് ....
എല്ലാമവനെ മാത്രം ....!!
കൊതികൾ , കൊതിക്കെറുവുകൾ
പരിഭവങ്ങൾ , കുഞ്ഞു സങ്കടത്തുണ്ടുകൾ
അങ്ങനെ തട്ടിയതും മുട്ടിയതും വരെ
ചെന്ന്നിന്നത് അവന്റെ കാതുകളിൽ !!
ഒരുനാൾ , സ്കൂൾ വിട്ടു വരുമ്പോ ഹൃദയം തകർത്ത കാഴ്ച ...
കണ്ണന് കൈയ്യില്ല !!!
ഏതോ കുറുമ്പുകാരൻ നാഴ്സറിക്കുട്ടി
തൂങ്ങിയാടിയതാത്രേ ....!
കൈയ്യില്ലാക്കണ്ണനെ മാറ്റണംന്നു വിദഗ്ദ്ധ നിർദ്ദേശം ...
യുക്തിവാദിയച്ഛൻ വഴങ്ങുമോ ?????
മഴയും വെയിലും മഞ്ഞുമേറ്റ് അവനവിടെത്തന്നെ നിന്നു !!
രണ്ടാം ക്ളാസ്സുകാരിയ്ക്കാനന്ദലബ്ധി ....
സ്നേഹത്തിനു കൈയ്യെന്തിന് ????
കാലമേറെക്കഴിഞ്ഞ് ,
നഴ്സറിയും പൂഴിമണ്ണും പ്ലാവുമൊക്കെ
നാമാവശേഷമായിട്ടും
പുഞ്ചിരി മായാത്ത മുഖവുമായി
കൃഷ്ണരൂപം നിവര്ന്നു നിന്നു ....
അതിലെ കഥയും കഥയില്ലായ്മയും
ചികഞ്ഞു പോയപലർക്കും
കൈയ്യില്ലാ പ്രണയത്തിനു കത്തിവയ്ക്കാനായില്ല ...!!
ഒടുക്കം , ബാങ്കുകാരു വന്നവകാശം പറയും മുൻപേ
അവശേഷിച്ച മണ്‍ തുണ്ട് കൈമാറ്റം ചെയ്ത് ,
കൈവണ്ടിയിൽ തുണിക്കെട്ടുകളും പിഞാണങ്ങളും
അടുക്കി വച്ചിറങ്ങുമ്പോൾ
""ഇത് കൊണ്ടോവ്വാൻ പറ്റില്ലാന്ന് ""
ചുമട്ടുകാരു കയ്യൊഴിഞ്ഞു ...!!
അന്നേരമവരുടെ ചുറ്റികയിൽ തകര്ന്നു വീണ
കൃഷ്ണരൂപത്തോടൊപ്പം മണ്ണടിഞ്ഞത്
ചില കുഞ്ഞു രഹസ്യങ്ങൾ ....!!
ഒക്കെ പെറുക്കിക്കൂട്ടിയെടുത്തു സഞ്ചിയിലാക്കി
വയ്ക്കുമ്പോൾ അമ്മക്കണ്ണുരുണ്ടു .....
വഴിയ്ക്ക് ആറ്റിലൊഴുക്കാമെന്ന് അലസമായി പറയുമ്പോൾ
പതിനാലുകാരി ഹൃദയം ഒരു കരച്ചിൽത്തിരയിലാർത്തലച്ചു !!!
ഇന്നും കണ്ണനെന്നോർക്കുമ്പോൾ ആദ്യയോർമ്മ ,
തുണ്ടുകൾക്കിടയിലെ ഉടയാമുഖത്തെ
മായച്ചിരിച്ചുണ്ടുകൾ മാത്രം !!!
പിന്നെയവിടുന്നിങ്ങോട്ട് എത്രയോ കൃഷ്ണമുഖങ്ങൾ ...
ചില നേരങ്ങളിലവന്
നേരമ്പോക്കിന്റെ കളിമുഖം ..!
പത്തിൽ , എന്നെത്തേടിവന്ന ഹൈ സ്കൂൾ മുകുന്ദന്
പ്രണയം അക്ഷരങ്ങളോട് .....
ഒരിക്കൽ കുറിച്ച വരികൾ മറ്റൊരു ഗോപികയുടെ 'പുസ്തകച്ചട്ടയിൽ കണ്ടപ്പോഴാണ്
ഹൃദയത്തിനത് പിടികിട്ടിയത് ....
ചിലപ്പോഴവന്
ഭീരുത്വത്തിന്റെ അപക്വ മുഖം ...!
കലാലയ മാധവൻ ആദ്യമായി പ്രണയിച്ചത്
പാട്ടിനൊപ്പം മൂളിയ ചുണ്ടുകളെ ....!
മനപ്പൊരുത്തം ഉത്തമമേയല്ലെന്ന കണ്ടെത്തലിന്റെ
വെട്ടത്തിലവൻ ""മഥുരയ്ക്കു "" പോയി ....
ചില നേരമവന്
സൌഹൃദത്തിന്റെ സ്നേഹമുഖം !
പത്രപ്രവർത്തകൻ ""ഗോവിന്ദൻ ""...
അവനോട് ഹൃദയത്തിനു തോന്നിയതൊരു
""തീപ്പൊരിച്ചങ്ങാത്തം"" ...
ഒരു നേരമവന് ,
ജീവിതത്തിന്റെ നേർമുഖം !
ഒരേസമയം ,
ആനന്ദിപ്പിക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്യുന്നവൻ ....
രുഗ്മിണീ സ്വയംവരത്തിനൊടുവിൽ
കൈപിടിച്ച ""ശ്രീകൃഷ്ണന് ""
നേരിന്റെ പ്രിയമുഖങ്ങൾ പലത് ....!
ഇന്നേരമവന് ,
ആനന്ദത്തിന്റെ ആലിലമുഖം !
ഗുരുവായൂരു നടയ്ക്കലെ ഉണ്ണിയെത്തരണേ വിളികൾക്കിടയിൽ
വിറയ്ക്കുന്ന കയ്യിലെ വാടിയ താമരത്തണ്ടിനൊപ്പം
കാഴ്ചവച്ച വാടിത്തുടങ്ങിയൊരു മനസ് !!
അതെടുത്തു പകരം തന്ന ഉണ്ണിയ്ക്ക്
വാകച്ചാർത്തു കഴിഞ്ഞ കൃഷ്ണനുണ്ണി മുഖം !
പണ്ട് മേഘങ്ങൾക്കിടയിൽ ഹൃദയം വരച്ച അതേ
കൃഷ്ണരൂപം ...
ഉടയാമുഖത്തെ മായച്ചിരിച്ചുണ്ടുകൾ ...
പിന്നിലൂടോടി വന്നു കുഞ്ഞിക്കൈകൾ ചേർത്തു പിടിയ്ക്കുമ്പോൾ
ചിത്രപ്പാട്ടിനൊപ്പം പാട്ടമ്മയറിയാതെ മൂളുന്നു ....
""കണ്ണനെന്നെയാണെന്നെയാണിഷ്ടം ....""
വാല്ക്കഷണം :- കുഞ്ഞന് നിക്കറിടാൻ വയ്യ !!
നിക്കറെടുത്തമ്മ പിറകേയോടി മടുത്തു ...
വല്യച്ഛനു പഠിക്കയാണോന്ന് അമ്മൂമ്മ !!!
ഓടിയോടി ആയ്ച്ചുകിതച്ചു കുഞ്ഞനോടി വന്നു നിന്നതൊരു
ഫോട്ടോയ്ക്ക് മുന്നിൽ ....
ന്നിട്ടൊരു പ്രഖ്യാപനം ....
""അമ്മാ ....ആ നിക്കയ് ഉണ്ണിക്കിച്ചനിട്ടു കൊടുക്കേയ് .....
പാവം നിക്കയില്ലാ .....""
ഭഗവാനേ വലഞ്ഞൂലോ ഇവനെക്കൊണ്ട് !!!

ചില ഗുണപാഠങ്ങൾ

ഇന്നലെ കുഞ്ഞിപ്പള്ളിക്കൂടത്തീന്നു ""കള്ളാസു"" കിട്ടി !!!
കുഞ്ഞന്റെ ""പഠന നിലവാര റിപ്പോർട്ട്‌ ""
(ന്റത്തിപ്പാറ അമ്മച്ചീ ....ജഗതി.jpg )
ന്തായാലും വയ്യൂട്ട്‌ അമ്മ വന്നപ്പോ കുഞ്ഞനും അമ്മയും പതിവ് കഥ പറച്ചിൽ മാമാങ്കം ....
കുഞ്ഞിപ്പള്ളിക്കൂട വിശേഷങ്ങൾ പങ്കുവച്ചു ചിരിച്ചു
ബാക്കി കഥ ഉറങ്ങുമ്പഴെന്ന പതിവു പല്ലവിയിൽ
ഇന്നലത്തെ പങ്ക് ചീത്തവിളികൾ (സ്കൂൾ -ഓഫീസ് വക )
പരസ്പരം പറഞ്ഞ് ,
""പുല്ല് ,കളഞ്ഞിട്ട് നാളെത്തന്നെ നാട്ടീപ്പോവാമെന്ന
സുന്ദര ഭീകര ക്ലൈമാക്സ്‌ ഡയലോഗും കാച്ചി
കഥയമ്മയും നല്ലപാതിയും ഒരാഴ്ചത്തെയ്ക്കുള്ള
ഇഡലി മാവരച്ച് മൂന്നു മാസത്തെ റേഷൻ സ്റ്റോറേജിനു
കടയിൽ പോയി ....!!!
തിരിച്ചു വന്നു ഞം ഞം കഴിച്ചു കുഞ്ഞനൊട്ടിച്ച
സർക്കിളും സ്ക്വയറും കളറടിച്ച കിളിയെയുമൊക്കെ കണ്ടു
""സായൂജ്യം ""കൊണ്ട് അന്തിയുറക്കത്തിലേയ്ക്ക് .....
ഉറങ്ങാൻ നേരം മേത്തു കാലു കേറ്റി വച്ച് കുഞ്ഞൻ ...
"ഒരു കത പയഞ്ഞു തയോമ്മാ ..""
ന്നാ പ്പിന്നെ പള്ളിക്കൂട കള്ളാസിലെ ചോന്ന കുഞ്ഞൻ കോഴിക്കഥ പറഞ്ഞേക്കാമെന്നു
കഥാ ദാരിദ്ര്യ വിവശ വിഷണ്ണയമ്മ !!!!
കളഞ്ഞു കിട്ടിയ കോതമ്പുമണിയും
അധ്വാനവും സഹായിക്കാത്ത കൂട്ടുകാരുമൊക്കെ കഴിഞ്ഞു
കഥയൊടുക്കം ""ഒരിത് ""വേണമല്ലോ ....
(ഗുണപാഠം )
ആ ഒരിതിനു വേണ്ടി ചോദിച്ചു ...
""അപ്പോ എന്താ മോനെ കാര്യം ????""
ഉടനെ വന്നു കാര്യായ കാര്യം ....
""അദേ , മ്മക്ക് വല്ലോം കയഞ്ഞു കിട്ട്യാ
മ്മളത് വീട്ടീക്കൊണ്ട് വന്നു
മ്മള് കയിക്കണം ...
ആക്കും കൊടുക്കല്ല് ....""
(പുടികിട്ടാത്ത കൂട്ടുകാര് കഥയുടെ ഫോട്ടം നോക്ക്വാ ....
ഇതിനാ പറേണെ ..മൂക്കളേം ഒലിപ്പിച്ചു നിക്കറും വലിച്ചു കേറ്റി
നടന്നാപ്പോരാ അംഗൻ വാടീപ്പോണംന്ന് ...).
ന്തായാലും കുഞ്ഞപ്പൻ ഗമേല് പറഞ്ഞ ഗുണപാഠം കേട്ട്
അപ്പുറത്ത് കിടന്ന നല്ലപാതിയും ഇപ്പുറത്ത് കിടന്ന കഥയമ്മയും
ഞെട്ടി കട്ടപ്പൊറത്തു വീണു !!!
കുഞ്ഞൻ വക ഡയലോഗ് വീണ്ടും ...
""പൂച്ച പാവംമ്മാ
എലീം താറാവും പാവം ...
ചോന്ന കുഞ്ഞ്ങ്കോഴി കേക്കെന്തിനാ ഒറ്റയ്ക്ക് തിന്നേ ???
ഷേറെയ്തില്ല ....bad boy ""
കുഞ്ഞിക്കുറുമ്പിനെ സമാധാനിപ്പിക്കണോല്ലോ ...
അങ്ങനെ സിൽമ പോലെ കഥയ്ക്ക്‌ ഡബിൾ ക്ലൈമാക്സ്‌ ...
ചോന്ന കുഞ്ഞങ്കോഴി കേക്കുണ്ടാക്കി
പൂച്ചയ്ക്കും താറാവിനും എലിയ്ക്കും കൊടുത്തു ...
കുഞ്ഞൻ വക പഞ്ച് ഡയലോഗ് ....
""ഇനി കേക്കുണ്ടാക്കുമ്പോ ഹെൽപ്പെയ്യണം ...
നാനമ്മേ ഹെൽപ്പെയ്യണ പോലെ ....!!!!!)
ഗുണപാഠം : കഥയറിഞ്ഞാൽ പോരാ ...
പറയേണ്ട പോലെ പറയേണ്ട നേരത്ത്
പറയാനുമറിയണം ....!!

Saturday 13 June 2015

""ആരാമ്മാ ദൈവം ....എവിട്യാമ്മാ ദൈവം ????""

മരുഭൂമിയിലെ പൊള്ളുന്ന വെയിൽ ജ്വാലയെ വെല്ലുവിളിച്ച്
ഗുൽമോഹറിന്റെ ചില്ലകൾ ചുവന്ന തീജ്വാല പോലെ തിളങ്ങി .....
കരിയാനനുവദിക്കില്ലെന്നു ശഠിച്ചു അതിന്റെ ചുവട്ടിൽ
നനഞ്ഞു നനഞ്ഞു കിടന്ന മണ്ണിൽ കുഞ്ഞൻ കാൽ വെള്ള പുതച്ചു ...!
കൊഴിഞ്ഞു വീണ ഇതൾ മെത്തയിലിരുന്ന് കഥയമ്മ
നോഹയുടെ പെട്ടകം തുറന്നു .....

പറഞ്ഞു തീർത്ത ഏദൻ തോട്ടത്തിൽ ഓടിക്കളിക്കുകയായിരുന്നു
കുഞ്ഞുണ്ണിയപ്പോഴും ....!!
ആദ്യത്തെ മൃഗജോഡി പെട്ടകം കയറുമ്പോൾ
പൊടുന്നനെയവൻ ചോദിച്ചു .....
""ആരാമ്മാ ദൈവം ?""
എവിട്യാമ്മാ ദൈവം ?""

ലക്ഷ്യത്തിൽ തൊട്ടൊരു അമ്പിന്റെ മൂർച്ചയിൽ
കഥയമ്മ ഞെട്ടി ...!!!
അച്ഛനിപ്പം വരുമെന്ന ഓർമ്മപ്പെടുത്തലോടെ
അവന്റെ കൈ പിടിച്ചു വീട്ടിലേയ്ക്ക് ....
വന്നു കയറുമ്പോൾ വീണ്ടും അതേ  ചോദ്യം ....
ചന്ദനത്തിരിയുടെ പരസ്യത്തിലെ അശരീരി പോലെ
""ദൈവമുണ്ട് "" എന്ന് പറഞ്ഞ്
ഉണ്ണിക്കണ്ണന്റെ കാൽ വണ്ണയിൽ നീലച്ചായം
തേയ്ക്കാനെടുത്തു കുഞ്ഞുവമ്മ !!

നനഞ്ഞൊലിച്ചു മുറ്റമേത് മുറിയേതെന്നറിയാതെ
ഉറക്കമൊഴിഞ്ഞു കുത്തിയിരുന്നൊരു വെളുപ്പാൻകാലത്ത്‌
അമ്മയുടെ മുഖത്തു കണ്ട നിസ്സഹായത ....
പിറ്റേന്ന് രാവിലെ യാദൃശ്ചികമായി
പഴയ അധ്യാപികയെ കാണാനെത്തിയ പ്രവാസി ശിഷ്യന്റെ കയ്യിൽ
ചുരുട്ടിപ്പിടിച്ച നോട്ടുകൾ ....
നിറഞ്ഞ ചിരിയായി മാറിയ നിസ്സഹായതയ്ക്കു പശ്ചാത്തല സംഗീതം ....
""ദൈവമുണ്ട് ....""

ആകാശവാണിയിലെ അന്നത്തെ മലയാള
പ്രക്ഷേപണത്തിനൊടുവിൽ
""ഔദ്യോഗിക വണ്ടിയുടെ "" കൃത്യതയുടെ ഫലം ...
11.15 നുള്ള ഗുരുവായൂർ എക്സ്പ്രസിന്റെ അകന്നു പോകുന്ന
ചുവന്ന വെളിച്ചം .....
പാതിരാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ
ഒറ്റപ്പെട്ടു പോയൊരു ഇരുപത്തൊന്നുകാരി .....

ധൈര്യമെന്ന ജന്മവാസനയെ മാത്രം കൂട്ടുപിടിച്ച്
എതിർ വശത്തെ കുപ്രസിദ്ധമായ ബസ്‌ സ്റ്റാൻഡിലേയ്ക്ക് നടക്കുമ്പോൾ
ഒപ്പം നടന്ന ചെറുപ്പക്കാരൻ .....
""താടി സാറിന്റെ മോളല്ലേ ""യെന്ന ചോദ്യത്തിൽ
കയ്യിൽ പിടിച്ച ഹൃദയം വഴുതിമാറി പൂർവ്വസ്ഥാനത്തു ചെന്നിരുന്നു ..!!

11.30 ന്റെ ഒടുവിലത്തെ സർവ്വീസ് .....
പാലക്കാട് സൂപ്പർ ഫാസ്റ്റ് ..
സ്ത്രീകളുടെ സീറ്റിലിരുന്ന യുവാവിനെയെഴുന്നേൽപ്പിച്ചു
ഒറ്റപ്പെട്ടു പോയ പെണ്‍കിടാവിനെയിരുത്തി
ആറ്റിങ്ങൽ ബസ്‌ സ്റ്റാൻഡിൽ ഒപ്പമിറങ്ങി
ഓട്ടോയിൽ കയറ്റി വിട്ട സന്മനസ്സ് ....
നെഞ്ചിടിപ്പിന്റെ താളത്തിനൊപ്പം കേട്ടു ...
""ദൈവമുണ്ട് ...""

കാടാറു മാസം നാടാറുമാസം നടന്ന്
ഏതോ വാടകമുറിയിൽ
സ്ട്രോക്കിന്റെ തളർച്ചയിലൊറ്റപ്പെട്ടു പോയൊരാൾ ....!
താലിയുടെ കടമയിൽ ...അതോ സ്നേഹത്തിലോ ....
പേഴ്സിലവശേഷിച്ച തുട്ടും പെറുക്കിയെടുത്തു
വണ്ടി പിടിച്ചോടിച്ചെന്ന് ആശുപത്രിയിലാക്കിയ സഹ ....
ഐ സി യു വിൽ അടയ്ക്കേണ്ട അഡ്വാൻസ് രസീതും
ആദ്യ ദിനം കയ്യിൽ കിട്ടിയ മരുന്ന് ബില്ലും മുറുകെപ്പിടിച്ച്‌
മിടിയ്ക്കാൻ മറന്നിരുന്ന ഹൃദയം .....

പൈസ നമുക്കുണ്ടാക്കാമെന്നേറ്റു
ഒഴിഞ്ഞ വയറിന്റെ എരിച്ചിലിൽ
ഉച്ചവെയിൽചൂടിലേയ്ക്കിറങ്ങിയ പെണ്‍ കുട്ടി ....
എന്തു ചെയ്യേണ്ടുവെന്നറിയാതെ പകച്ചു നിന്ന അവളുടെ കയ്യിലേയ്ക്കു
കഴുത്തിലെ മാലയൂരിവച്ച ബന്ധുത്വ മുഖം !!
പണയം വയ്ക്കുകയോ വില്ക്കുകയോ ചെയ്യുവെന്നു പറഞ്ഞ മനുഷ്യത്വം !!
കിട്ടിയ നാല്പ്പതിനായിരം ആശുപത്രിയിലടയ്ക്കുമ്പോൾ
മരുന്നു മണമുള്ള കരച്ചിലിനൊപ്പം നേർത്ത അശരീരി ....
""ദൈവമുണ്ട് .....""

കടന്നു വന്ന വഴികളിൽ പലയിടങ്ങളിലും ദൈവങ്ങളൊളിഞ്ഞിരുന്നു ....
കണ്ണ് കണ്ട പല കഥകളിലും ദൈവ സാമീപ്യമുണ്ടായിരുന്നു ....
പത്രത്താളുകളിൽ  ....കേട്ടു കേഴ്വികളിൽ  ....
ദൈവം കൈവിട്ടവരെന്നു മുദ്രകുത്തപ്പെട്ടവരെ നോക്കി
ചില നേരങ്ങളിലെങ്കിലും യുക്തി വാദിയാകുന്ന ഹൃദയം പറഞ്ഞു ...

""ദൈവമുണ്ട് ""

നീലച്ചായം പടർന്ന കുഞ്ഞു വിരലുകൾ നോക്കിയിരിക്കുമ്പോൾ
കുഞ്ഞപ്പൻ തനിയെ പറഞ്ഞു ....
ഇത് ഉണ്ണിക്കിച്ചനല്ലമ്മാ ....ഉണ്ണീശോയാ .....

അന്നേരം ,
ഹൃദയം ചിരിച്ച ചിരിയ്ക്കൊപ്പം
ഒരു കുഞ്ഞിച്ചോദ്യം വീണ്ടുമുയർന്നു കേട്ടു ....

""ആരാമ്മാ ദൈവം ....എവിട്യാമ്മാ ദൈവം ????""

Wednesday 22 April 2015

കഥയമമ കഥയമമ....

എല്ലാക്കഥകളും അവസാനിക്കുന്നത്‌ ശുഭകരമായിട്ടായിരുന്നുവെങ്കിൽ .....
ഈയിടെയായി ഹൃദയം ആഗ്രഹിക്കുന്നതങ്ങനെയാണ് ....
കാരണം ,
കുഞ്ഞന് ചിരിക്കഥകൾ മാത്രം മതി !!
ഉണ്ണികൃഷ്ണൻ കുട്ടികൃഷ്ണന്റെ കഥകൾ കുഞ്ഞൂട്ടനു മടുത്തു ....
ഒരിക്കലും അവസാനിക്കാത്ത അത്തരം കഥകൾ പറയാൻ തുടങ്ങുമ്പോഴേക്കും
കഥയമ്മയ്ക്ക് നിരാശ സമ്മാനിച്ചു കൊണ്ട് അവൻ പറയും ....
"അത് ബേണ്ടാമ്മാ ...വേയെ കത .."

കുറച്ചു നാൾ മങ്കീ ഗോഡിന്റെ കഥകൾ കേട്ടു ചിരിച്ചു കുഞ്ഞൻ ..!
ഓറഞ്ചു പഴമായി മാറിയ സൂര്യദൈവത്തെ സങ്കല്പ്പിച്ചു
കുഞ്ഞുവച്ഛ സമ്മാനിച്ച ഓറഞ്ചു പന്ത് രുചികരമായി ഭക്ഷിച്ചു ...!

ആനത്തലയോളം വെണ്ണ തരാമെന്നു കഥയമ്മ മൂളിയപ്പോൾ
"അത്  ഗനപയിക്കു കൊട്ക്കമ്മാന്ന്" കൊഞ്ചി കുഞ്ഞൻ !
ഉണ്ണീശോയ്ക്ക് ചുറ്റും ആട്ടിൻ പറ്റം നിരന്ന കഥ കേട്ട്
"ഹായ് ...ഹായ് .." എന്നാർത്തു വിളിച്ചു കുഞ്ഞപ്പൻ !

ഇപ്പോ അവനു സാമിക്കഥ വേണ്ടത്രേ ....
ഓരോന്നു പറയാൻ തുടങ്ങും മുൻപേ
"വേയെ കത വേയെ കതയെന്നു നിലവിളി ...മുറവിളി ...!!

അങ്ങനെ കളം മാറ്റിചവിട്ടി കഥയമ്മ ...
മാമ്പഴവും അമ്മയും കുഞ്ഞേടത്തിയും
ചന്ദനക്കട്ടിലുമൊക്കെ കഥാവേഷമാടി !!

ഒടുവിൽ വേഷമഴിക്കുമ്പോൾ കുഞ്ഞുണ്ണിയുടെ മുഖം വാടി !!

അങ്ങനെ ,ഓ എൻ വി അപ്പൂപ്പനും കളം മാറ്റിച്ചവിട്ടി !!
ഈച്ചയും പൂച്ചയും കഞ്ഞി വെച്ചിട്ടതിൽ
ഈച്ച ചിരിച്ചതും പൂച്ച ചിരിച്ചതും
പങ്കിട്ടു കഞ്ഞി കുടിച്ചുറങ്ങുന്നതും ....
കഥയമ്മയൊച്ചയിൽ ഓ എൻ വി അപ്പൂപ്പൻ പാടിത്തിമിർത്തു !!!

ആരും മരിക്കണ്ട എല്ലാരും ജീവിക്കട്ടെയെന്നു കുഞ്ഞൻ പറഞ്ഞാലെന്തു ചെയ്യും ???
കഥ മാറ്റി , ക്ലൈമാക്സ് മാറ്റി മടുത്ത കഥയമ്മ ഇപ്പോൾ തിരക്കിലാണ് ,
ശുഭ പര്യവസായിയായ കഥകൾ തപ്പിപ്പിടിക്കുന്ന തിരക്കിൽ !!

അങ്ങനെ കഥയമ്മ പറഞ്ഞൊരു കഥ കേട്ട് കുഞ്ഞുണ്ണിയൊരു പൂതമായി !!
നാക്കു നീട്ടി , കണ്ണുരുട്ടി പൂതം കട്ടോണ്ടു പോയ
 ഉണ്ണിയെത്തേടി നങ്ങേലിയമ്മ ചെന്നു ....

പക്ഷേ ,
എന്റുണ്ണി യെത്താ പൂതമേയെന്ന്
നങ്ങേല്യമ്മ കരയാൻ തുടങ്ങുമ്പോഴേക്കും
ദാ ...തന്നല്ലോന്നു ചിരിച്ച്
പിന്നിലൊളിപ്പിച്ച മൊട്ടത്തലയൻ പാവക്കുട്ടിയെ
കഥയമ്മയ്ക്കു നീട്ടി പാവത്താൻ പൂതം !!!
കരയണ കത ബേണ്ടാന്നൊരു പറച്ചിലും !!

അതു കേട്ട് കഥയമ്മക്കണ്ണ്‍ നിറഞ്ഞു ....
പിന്നെ ,
"Life is not so fair always " എന്നു
കുഞ്ഞൻ പഠിക്കാനിരിക്കുന്ന പുതിയ പാഠത്തിൽ
ഒക്കെ നേരെയാവുമെന്നു ആശ്വാസം കൊണ്ടു !!!

Monday 9 March 2015

പ്രവചനപത്രം ....

ഭാവിയറിയാൻ വല്ല യന്ത്രവുമുണ്ടായിരുന്നെങ്കിലെന്നു
കുഞ്ഞൂട്ടന്റമ്മ .....
ഓരോരുത്തരുടെ പ്രഖ്യാപനങ്ങൾ കേട്ടിട്ടാണേ ....!!

കുഞ്ഞന് മൃഗങ്ങളെ വല്യ ഇഷ്ടം ...
അത് കണ്ടൊരു അതിഥി പ്രഖ്യാപിച്ചു ...
ഇവനൊരു മൃഗ ഡോക്ടർ ആവും .....!!

കറവക്കാരനാകുമോയെന്ന സംശയം കുഞ്ഞുവമ്മ വിഴുങ്ങിക്കളഞ്ഞു ....!

ചുവരിലെ  കുഞ്ഞന്റെ വിരൽച്ചിത്രങ്ങൾ ആധികാരികതയോടെ
പഠിച്ച മറ്റൊരു അതിഥി വക പ്രവചനം ....
ഇവനൊരു കലാകാരനാകും ..!!

കലാപ കാരകനാകാതിരുന്നാൽ മതിയെന്നു കുഞ്ഞുവമ്മ ...!

ഒന്നര വയസ്സിൽ ഇടമുറിയാതെ അക്കങ്ങൾ എണ്ണമിട്ടു
കുഞ്ഞപ്പൻ പറയുന്ന കേട്ട് വേറൊരാൾ
അതിഘോരം പറഞ്ഞു കളഞ്ഞു ....
സംശയിക്കണ്ട ...ഇവനൊരു ഗണിത ശാസ്ത്രജ്ഞൻ തന്നെ ....!!

ജീവിത ഗണിതം തെറ്റാതിരുന്നാൽ മതിയെന്ന് കുഞ്ഞൂട്ടന്റമ്മ ....!!

അമ്മൂമ്മപ്പാട്ടിനൊത്ത് ചുവടു വയ്ക്കുന്ന  കണ്ടപ്പോ ഒരു വിദ്വാൻ ......
ആഹാ ....നല്ലൊരു നർത്തകനാകും ...നൃത്തം  പഠിപ്പിക്കണംട്ടോ .....!!

ലോകപ്പെരുവഴിയിൽ ചുവടുപിഴയ്ക്കാതിരിക്കട്ടെയെന്നു  അമ്മക്കുന്തം ...!!

പ്രഖ്യാപനങ്ങളിങ്ങനെ നീണ്ടു പോകുമ്പോൾ ...
കുഞ്ഞുവമ്മ കരളുരുകി പ്രാർത്ഥിച്ചു .....

സാഹചര്യങ്ങളോട് സമരസപ്പെട്ട്‌ ,
നന്മതിന്മകൾ തിരിച്ചറിഞ്ഞ് ,
പ്രതിസന്ധികളുടെ വാൾത്തലപ്പിനെ അതിജീവിച്ച് ,
സങ്കട വേലിയേറ്റങ്ങൾ തരണം ചെയ്ത് ,
അഹന്തക്കൊടുമുടി കയറാതെ ...
നല്ലതു ചെയ്ത് ..നല്ലവനായി ....
നല്ലൊരു മനുഷ്യനായി വളരട്ടെ കുഞ്ഞൂട്ടൻ ...

അതിനപ്പുറം മോഹങ്ങളൊന്നുമില്ല ശിവനേ ...!

Saturday 21 February 2015

ഒരു ഉരുളക്കഥ

 ഒരുപുതിയ നിഘണ്ടുവിന്റെ പണിയിലാണ് കഥയമ്മ  .....
വാക്കുകൾ കുഞ്ഞൻ വക സംഭാവന ....

കുഞ്ഞപ്പനെന്നാമ്മാ സംസാരിച്ചു തുടങ്ങ്വാന്ന്
അമ്മൂമ്മയുടെ സ്വൈരം കെടുത്തിയതാ കഥയമ്മ ...!

കുഞ്ഞനോരോന്നു പറഞ്ഞു തുടങ്ങിയപ്പോഴോ ,
എന്താത് ശിവനേന്നു തലയില് കൈവച്ചു കുഞ്ഞുവമ്മ !!
വല്ലതും മനസ്സിലാവണ്ടേ ???

നിഘണ്ടു പൂർത്തിയാവുമ്പോഴേക്കും എല്ലാം പിടികിട്ടുമെന്ന്
അമ്മൂമ്മ വക കമന്റ് ....

കുമ്മായമടർന്ന പഴയ  ചുവരിൽ തൂങ്ങുന്ന
"പുത്തൻ കുളം ശ്രീ മുരുകൻ "

കുഞ്ഞു വായില് വച്ച ചോറുരുള ഇറക്കാതെ
കുറച്ചു നേരമായി കുഞ്ഞൻ തുടങ്ങിയ അഭ്യാസമാണ് ...
പറയുന്നത് ഒരേ കാര്യം ........."ഞാഞ്ഞ "

പറഞ്ഞു പറഞ്ഞ് സംഗതി സീരിയസ് ആയി .
കുഞ്ഞൻ ചോറു വായില് വച്ച്
വല്യ വായിൽ നിലവിളി തുടങ്ങി...!!
വറ്റ് ഉച്ചീല് കേറീട്ട് ചുമയും തുടങ്ങി ....

കഥയമ്മയ്ക്ക് കുഞ്ഞൻ പറയണത് പിടികിട്ടണ്ടേ ????

അവസാനം കരച്ചില് മതിയാക്കി മടിയിൽ  നിന്നൂർന്നിറങ്ങി
കുഞ്ഞൻ തെറിച്ചു തെറിച്ചു നടന്നു ....
ചെന്ന് നിന്നത് നമ്മുടെ ശ്രീ മുരുകന്റെ താഴെ !!

മേലോട്ടു ചൂണ്ടിപ്പറഞ്ഞു ...""ഞാഞ്ഞ "
കുഞ്ഞുവമ്മ ആശ്വാസ നിശ്വാസമുതിർത്തു ....
ഓ ...ആന .....

അമ്മക്കൈയ്യിലെ ചോറുരുള ചൂണ്ടി
കുഞ്ഞൻ വീണ്ടും .....
"മാമു ...ഞാഞ്ഞ "

ഹോ ...പടമാണെങ്കിലും പുത്തൻ കുളം ശ്രീമുരുകന്റെയൊരു ഭാഗ്യമേ ....!!
പപ്പടവും പരിപ്പും നെയ്യും ...
പിന്നെയൊത്തിരി സ്നേഹവും കൂട്ടിക്കുഴച്ചൊരു
 ചോറുരുളയല്ലേ കിട്ടാൻ പോണത് .....!

എന്തായാലും ഉരുള കഴിച്ചു വീർത്ത ശ്രീ മുരുകന്റെ
വലിയ വയറു കണ്ട ശേഷമാണ്
കുഞ്ഞൂട്ടന്റെ കുഞ്ഞി വയറു നിറഞ്ഞത്‌ ....
ഒപ്പം ..അമ്മേടെ ....പെരു വയറൻ ഹൃദയവും .....!!

Monday 2 February 2015

തോറ്റ ചരിത്രം കേട്ടിട്ടില്ല .........

കുഞ്ഞപ്പൻ പാർട്ടീല് ചേർന്നു !!!

രണ്ടു ദിവസമായി ഏതു നേരവും
കൈചുരുട്ടി മുദ്രാവാക്യം വിളിയാണേ  ....

ആയമ്മ പറയാണ് ,
"ഇവൻ കമ്മൂണിസ്റ്റാവും കുഞ്ഞേ ...."
അതിനുപോൽബലകമായി മുഖപുസ്തകത്തിൽ
പോസ്റ്റുചെയ്ത പടത്തിന്
കുഞ്ഞന്റെ ചക്കിയമ്മ അടിക്കുറിപ്പെഴുതി ....
"നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ...!!"

പൊന്നു പറഞ്ഞു ....
"ഇവനൊരു bjp ച്ഛായ ....!!"

ഇത് കേട്ട അപ്രത്തെ വല്യമ്മ പ്രഖ്യാപിച്ചു ...
"ഓ ...ഒരു സാധാരണ മനുഷ്യനായാ മതി ..."
കുഞ്ഞുവമ്മ ഞെട്ടി !!
80 കഴിഞ്ഞ വല്യമ്മയും
ആം ആദ്മീച്ചേർന്നോ ????

ഒക്കെയും കണ്ടു നിന്ന
പക്കാ കോണ്‍ഗ്രസ്സുകാരി അമ്മൂമ്മയ്ക്ക് ദേഷ്യം വന്നു ...

"എന്റെ കുഞ്ഞു ഗാന്ധിജീടെ വഴിയാ ....!!!"

എല്ലാം കേട്ടു കഴിഞ്ഞ്
ഒടുക്കം പെരുവഴിയാവാണ്ടിരുന്നാൽ മതിയെന്ന് കുഞ്ഞുവമ്മ ....!!


 ,

Saturday 31 January 2015

ദേഷ്യക്കുഞ്ഞൻ .......!!

ഓരോരോ ചടങ്ങുകളേ ....!!

കുഞ്ഞന് ദേഷ്യം വരുന്നുണ്ടൂട്ടോ അമ്മാ ...
നൂലുകെട്ടാന്നു പറഞ്ഞു ഇങ്ങനെ നാണം കെടുത്തണോ ???

മുഴോനെ .....ഇത്രേം പേരടെ മുന്നില് ....
ന്നിട്ടിപ്പോ ....കുഞ്ഞൻ അരീല് അപ്പീട്ടതാ കുറ്റം ..!!

അപ്പീടുക മാത്രല്ല ..ചൂച്ചൂം വച്ചു കുഞ്ഞാന്ന് അമ്മ!!!

ആ വയ്ക്കും ...ഇനീം വയ്ക്കുംന്ന്
കണ്ണോണ്ട് പറഞ്ഞ് കുഞ്ഞപ്പൻ അമ്മേടെ മടീല്
മൂത്രം മുത്തി !!
എന്നിട്ട് വല്യ വായിലെ ഒറ്റ നിലവിളി....!

ശെടാ ...
അരീം തിന്ന് ആശാരിച്ചിയേം കടിച്ചിട്ട്‌
പിന്നേം നായയ്ക്കാ മുറുമുറുപ്പെന്നു പറഞ്ഞ
പോലായല്ലോ !!

Monday 26 January 2015

"കണ്ണേ ...നവമണിയേ ...."

കുഞ്ഞന് കുളിക്കാൻ വയ്യ ....
എണ്ണ തേയ്ക്കാൻ ഒട്ടും വയ്യ ...
ആയമ്മ എണ്ണക്കിണ്ണം കയ്യിലെടുക്കുമ്പോൾ മുതൽ തുടങ്ങും
നിലവിളി ....മുറവിളി.....













മൂക്കില് തൊടണ്ട ...
നെറ്റീല് തൊടണ്ട ...
മങ്ങിണീല് ഒട്ടും തൊടണ്ട ....!!!

അവസാനം കരച്ചില് കേട്ട് മടുത്ത്
കുഞ്ഞുവമ്മ പാട്ടമ്മയായി ....
"കണ്ണേ ...നവമണിയേ ...."

പാട്ട് കേട്ടു കുഞ്ഞൻ അന്തം വിട്ടു ചുറ്റും നോക്കിയ നേരം കൊണ്ട്
ആയമ്മ കുളിപ്പിച്ചു തോർത്തി ....

കുളി കഴിഞ്ഞാലോ ....
പരസ്യത്തിലെ സുന്ദരക്കുട്ടനിടുന്ന പൗഡറ് വേണ്ടേ വേണ്ട...

കുഞ്ഞപ്പന് മേല് ചൊറിയുന്നു ....
സമ്മാനം കിട്ടിയ പൌഡർ ടിന്നെല്ലാം
അമ്മൂമ്മ തട്ടിൻ പുറത്തു കയറ്റി വച്ചു ...
(കൊടുത്തു കാശാക്കാൻ പരിപാടിയുണ്ടോ ആവോ????)

സമ്മാനം കിട്ടിയ കുഞ്ഞുടുപ്പും കുഞ്ഞപ്പന് വേണ്ട ...
അമ്മ തുന്നിയ വെള്ളയുടുപ്പു മതി ....

ചൊറിയുന്നോണ്ടാണേ ...!!

ഇത്ര നല്ല ഉടുപ്പെല്ലാം എങ്ങനെയാ കളയണേന്നു പറഞ്ഞ്
അമ്മൂമ്മ ഒക്കെ ചൂട് വെള്ളത്തില് കഴുകിയുണക്കി ...

ശിവനേ ഇവനൊരു "ചൊറിയനാണോ"
എന്നോർത്തു കുഞ്ഞുവമ്മ ....!!!
അപ്പഴേയ്ക്കും എണ്ണ തേച്ചു കുളിച്ച സുഖത്തിൽ
ഒന്നുമറിയാതെ കുഞ്ഞൂഞ്ഞപ്പൻ കണ്ണടച്ചുറങ്ങി ...... 

ഒരു കണ്ണിറുക്കിക്കഥ

ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനോട് സാദൃശ്യം തോന്നിയാലും
ആസ്പത്രി ....ആസ്പത്രി തന്നെ ....

ഓരോ മുറികൾക്കും ഒരേ രൂപം ..ഒരേ നിറം ...ഒരേ ഗന്ധം ...

ഫിനോയിലിന്റെ മൂക്കു തുളയ്ക്കുന്ന ഗന്ധം ...
ഒരേ അകലത്തിൽ തൂങ്ങുന്ന പച്ച വിരികൾ ...
മേശ മേൽ ഗ്ലാസ്സുകൾ ...പാത്രങ്ങൾ ..മരുന്നുകൾ ...
ആരൊക്കെയോ സമ്മാനിച്ച പഴങ്ങൾ ...
എന്തിന് ,
അതിഥികളുടെ മുഖംങ്ങൾ പോലും ഒരുപോലെ ...
(ജനനവും മരണവും രോഗവും രോഗശാന്തിയും
ഒരുക്കുന്ന ഭാവ വ്യത്യാസമൊഴിച്ചാൽ ...)

പ്രസവ മുറിയിലെ അരണ്ട വെളിച്ചത്തിൽ
വേദനയുടെ താളത്തിനിടയിൽ
ഏതൊരു  പെണ്‍ ഹൃദയവും ഓർക്കുന്ന  മുഖം ഒന്ന് തന്നെ...
സ്വന്തം അമ്മയുടെ മുഖം !!

കുഞ്ഞനെക്കൊണ്ടുവന്ന നിമിഷം
ഏതൊരമ്മയെയും പോലെ
കുഞ്ഞുവമ്മയും ആകാംക്ഷാ ഭരിതയായിരുന്നു ....!

എങ്ങനെയുണ്ടാവും കാണാൻ???

വെള്ളക്കോട്ടിലെ മാലാഖ കുഞ്ഞനെ കൈമാറുന്നതിനിടയിൽ പറഞ്ഞു ....

"ഇവനാള് ശ്രീ കൃഷ്ണനാ ...
ഇന്നത്തെ ഒരേയൊരു ആണ്‍ തരി ...
നാല് ഗോപികമാരുടെ നടുവിലല്ലേ കിടപ്പ് ...."

വിറയ്ക്കുന്ന വിരലുകളോടെ അവനെ നെഞ്ചിൽ ചേർക്കുമ്പോൾ
ഹൃദയമൊഴുക്കിയ സന്തോഷക്കണ്ണീരിനൊപ്പം
അകത്തൊരു ഗോപിക കരഞ്ഞു....!!

ഇവനാദ്യം സൈറ്റ് അടിച്ചത് പുറത്തെടുത്ത ഡോക്ടറെ നോക്കിയെന്ന
മാലാഖ ചേച്ചിയുടെ പ്രഖ്യാപനം കേട്ട ഹൃദയം
വേദനയ്ക്കിടയിലും ചിരിച്ചു പോയി...











ഇനിയെന്തൊക്കെ കാണാൻ പോകുന്നുവെന്ന് അമ്പരന്ന ഹൃദയം
അത് മാറ്റി വച്ച്
എത്രയോ നാളുകളായി കാണാപ്പാഠം പഠിച്ചു വെച്ച വരികൾ മൂളി ...

"ജസോദാ ഹരി ..പാലന് .....ഛുലാവേ ......"

ആമുഖക്കുറിപ്പ്‌ ...!!

ചില കാര്യങ്ങളിൽ അതങ്ങനെയാണ് .....

ഹൃദയം ഒരിക്കൽ വേണ്ടെന്നു വച്ചതിനെയാവും
മറ്റൊരിക്കൽ തീവ്രമായി വേണമെന്ന് മോഹിക്കുന്നത് ....!!

സൗകര്യവും സമയവും കണക്കിലെടുത്തു മാത്രം
ചില തീരുമാനങ്ങൾ സ്വീകരിക്കപ്പെടും ...
പക്ഷേ ,
സമയസൗകര്യങ്ങൾ ഒത്തു വരുമ്പോൾ
നടക്കണമെന്നാഗ്രഹിക്കുന്നതു നടന്നില്ലെങ്കിലോ ???

പിന്നെ ....നിരാശ ...വിഷാദം ...പ്രാർഥന ....

അങ്ങനെയൊരു വിഷാദസന്ധ്യയിലാണ്
ഹൃദയമൊരുണ്ണിയെ മോഹിച്ചു കരഞ്ഞത് ....

സങ്കടം ഗുരുവായൂര് നടയ്ക്കൽ ഭജനയായപ്പോൾ
ഉണ്ണിക്കണ്ണൻ കണ്ണിറുക്കി പുഞ്ചിരിച്ചു !!
കൃത്യം ഒരു വര്ഷം കഴിഞ്ഞപ്പോൾ
മടിയിലൊരാലിലക്കണ്ണൻ കാൽ വിരലൂറിക്കിടന്നു ....!!

അതിൽപ്പിന്നിങ്ങോട്ട് ഹൃദയം ആടിയത് അമ്മവേഷം മാത്രം !!

അതിന്റെ ഫലമോ ???
ചില കഥയില്ലാ കുഞ്ഞിക്കഥകൾ ...

എന്ത് ചെയ്യാൻ ....
ഏതൊരമ്മയെയും പോലെ ഒക്കെയും ഓർമ്മയിൽ സൂക്ഷിച്ച്
ഓർത്തോർത്തു സായൂജ്യം കൊള്ളാൻ ഹൃദയം തയ്യാറാവണ്ടേ !!!!
എല്ലാം എഴുതിക്കൂട്ടി വയ്ക്കണമത്രേ ...
(ഭാവിയിലൊരു മറവിരോഗ സാധ്യത തള്ളിക്കളയാനാവില്ലല്ലോ ....)

കൂട്ടി വയ്ക്കുന്ന കുത്തിക്കുറിക്കലുകൾ
അങ്ങനെയാണ് കുഞ്ഞൂട്ടൻ കഥകളാവുന്നത് ...

ഇത് കുഞ്ഞുവമ്മയുടെ
കുഞ്ഞൂട്ടൻ കഥകളിലെ
ആദ്യകുറിപ്പ് ......ആമുഖക്കുറിപ്പ്‌ ...!!