ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Monday 28 December 2020

.ഒരിക്കലും മടുക്കാത്ത ചില ജീവിത പാഠങ്ങൾ !

 "അമ്മയെന്തിനാ എപ്പോഴും ഇങ്ങനെ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കണത് . വാ നമ്മക്ക് കളിക്കാം " എന്ന എന്റെ ഏഴുവയസ്സുകാരൻ മകന്റെ പറച്ചിലിനൊടുവിലാണ് ഞാനാ സത്യം മനസ്സിലാക്കിയത് . ആ ബോധോദയത്തിനൊടുവിലാണ് മുഖപുസ്തകത്തിനെ മൊബൈലിൽ നിന്ന് വലിച്ചു പുറത്തിട്ടു പടിയടച്ചത് .തീർച്ചയായും സോഷ്യൽ മീഡിയയും വീട്ടുകാര്യങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്യാനറിയുന്ന കൂട്ടുകാർ എനിയ്ക്കുണ്ട് . പക്ഷെ ഒന്നിൽ ശ്രദ്ധിച്ചാൽ അതിൽത്തന്നെ അടയിരിക്കുന്ന സ്വഭാവമുള്ള എന്നെപ്പോലൊരുവൾക്ക് അടുക്കളപ്പണി ,വീടുവൃത്തിയാക്കൽ ,കുട്ടിയെ പഠിപ്പിക്കൽ , സ്വയം പഠിക്കൽ ഇത്യാദി കർമ്മങ്ങൾക്കിടയിൽ മൊബൈലിൽ വരുന്ന മുഖപുസ്തകഅറിയിപ്പുകൾ തീരെ അനുയോജ്യമല്ല എന്നും അതിനു പുറകെ പോയിട്ടുള്ളപ്പോഴൊക്കെ "അയ്യോ എന്തെല്ലാം പണികൾ കിടക്കുന്നു "എന്ന ആന്തലോടെ ഓടിനടന്നു ജോലി തീർക്കേണ്ടി വരാറുണ്ട് എന്നും അനുഭവം പഠിപ്പിച്ച പാഠമാണ് .അതുകൊണ്ടു തന്നെ ഒരു ദിവസത്തിൽ കൃത്യമായൊരു സമയം മുഖപുസ്തകം പരതാൻ മാറ്റിവയ്ക്കുവാൻ തീരുമാനിയ്ക്കുകയും ലാപ്ടോപ്പ് മാത്രം അതിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുകയെന്നൊരു തീരുമാനം എടുക്കപ്പെട്ടു . അങ്ങനെ മൊബൈൽ അറിയിപ്പുകൾക്കു പിന്നാലെ പോകാതിരുന്ന കാലത്താണ് "എന്റെ മകന്റെ നിഷ്കളങ്ക ബാല്യം " നഷ്ടപ്പെട്ടോ എന്നൊരു സംശയം എനിക്ക് തോന്നിത്തുടങ്ങിയത് .അവൻ "വല്ലാണ്ടങ്ങു വളർന്നുപോയി "എന്ന് ഞാൻ അമ്പരക്കുവാൻ തുടങ്ങി .അതിലേയ്ക്ക് നയിച്ച ചില സീനുകളാണ് ഈ കുറിപ്പിൽ :

സീൻ -1
എല്ലാവരും കുഞ്ഞുങ്ങളുടെ കഴിവുകളും മറ്റും വീഡിയോ ,ഫോട്ടോ എന്നീ രൂപത്തിൽ ഇടുന്നതു കണ്ട ഒരു ശരാശരി അമ്മയായ ഞാൻ "എന്റെ മകനും കഴിവുകൾ ഉണ്ടല്ലോ ." എന്ന മട്ടിൽ വീഡിയോ ,ഫോട്ടോ എന്നിവ ചിത്രീകരിക്കുവാൻ പെടാപ്പാടു തുടങ്ങി .കൂടുതലും അവൻ വരച്ചമൃഗങ്ങളുടെ പടങ്ങളായിരുന്നു .അങ്ങനെ മത്സരിച്ചു സ്റ്റാറ്റസിട്ടു ഞാനിങ്ങനെ അനന്തവിഹായസ്സിൽ വിഹരിക്കുമ്പോഴാണ് ഒരു ദിവസം സ്കൂൾ വിട്ടു രൗദ്രഭാവത്തിൽ ഋഷിയുടെ വരവ് ! വന്നപാടെ "'ഞാൻ വരച്ച ടൈഗറിന്റെ പടം എങ്ങന്യാ ആ വൈശാഖ് കണ്ടത് .ഇപ്പം പറേണം " ഞാൻ ഞെട്ടി "അതെങ്ങനെയാപ്പാ ".
ഋഷി -ഇന്ന് ഞാൻ ക്ലാസ്സിൽ ചെന്നപ്പം അവനും കൂട്ടുകാരും നിന്റെ ടൈഗർ കൊള്ളാല്ലോടാന്നു പറഞ്ഞു .പിന്നെ നിന്റെ ടൈഗറിന്റെ തലയ്ക്ക് ആനേടത്രേം വലിപ്പമുണ്ടല്ലോടാന്നും പറഞ്ഞു എല്ലാരും കൂടി ചിരിച്ചു .എനിക്ക് ദേഷ്യം വന്നു .സത്യം പറേമ്മാ .അവനെങ്ങന്യാ കണ്ടത് .അവന്റമ്മയാ അവനു കാണിച്ചു കൊടുത്തെ ."
ഞാൻ - ദൈവമേ ഇന്നലെയിട്ട സ്റ്റാറ്റസ് !!
ഋഷി - അമ്മാ പ്ലീസ് .ഞാൻ എന്റെ സന്തോഷത്തിനാ വരയ്ക്കണത് .എനിക്കിഷ്ടായിട്ട് . അമ്മയ്ക്കും കൂടി ഇഷ്ടാവാൻ .അത് എല്ലാരേം ഫോട്ടോയെടുത്തു കാണിയ്ക്കണത് എനിക്കിഷ്ടല്ല .ഇനി അങ്ങനെ ചെയ്യരുത് ട്ടാ .
പ്ലിങ്ങിയ ഞാൻ - സോറി ബേബി .ഇനിയമ്മ ഫോട്ടോ എടുക്കൂല്ല .
ഋഷി - അമ്മാ നമ്മളോരോന്നു ചെയ്യണത് നമ്മടെ സന്തോഷത്തിനാ അല്ലാതെ ആളോളെ കാണിക്കാനല്ല കേട്ടോ .
പിന്നേം പ്ലിങ്ങിയ ഞാൻ - ഉവ്വല്ലേ . ( ഈശ്വരാ !)
സീൻ -2
സ്കൂളീന്ന് വന്ന ഋഷി - 'അമ്മ പിന്നേം എന്നെ വിഷമിപ്പിക്ക്യാ ?
ഞാൻ - ഇപ്പൊ എന്താ പ്രശ്നം ?
ഋഷി - ഞാൻ ആ റോബോയോട് സംസാരിക്കണ വീഡിയോ 'അമ്മ വൈശാഖിന്റമ്മയ്ക്ക് കാണിച്ചു കൊടുത്തോ ?
ഞാൻ - ദൈവമേ ..സ്റ്റാറ്റസ് !
ഋഷി - അമ്മാ ഇന്നവൻ എനിക്കൊരു സ്വൈരോം തന്നിട്ടില്ല അറിയാമോ ? ഇന്ന് മുഴുവൻ റോബോയെപ്പോലെ മുന്നീക്കൂടി നടന്നു കളിയാക്കി .പിന്നെ ഞാൻ മണ്ണിക്കളിക്കണ ഫോട്ടോയിൽ ഇട്ടിരിക്കണ ബനിയൻ കീറിപ്പോയെന്നു പറഞ്ഞു ചിരിച്ചു .അമ്മയെന്തിനാ ഇതൊക്കെ അവന്റമ്മയ്ക് അയച്ചു കൊടുക്കണേ ?
ഞാൻ - 'അമ്മ ആർക്കും ഒന്നും അയച്ചു കൊടുക്കാറില്ല മക്കളേ .
ഋഷി - (ചിന്താക്കുഴപ്പത്തിൽ ) പിന്നവൻ എങ്ങന്യാ ഇതൊക്കെയറിയണേ ?
ഞാൻ - (മനസ്സിൽ) സ്റ്റാറ്റസ് ഇടുമ്പം വൈശാഖിന്റമ്മയെ ഹൈഡ് ചെയ്യണം .
ഋഷി - എങ്ങനെയോ അമ്മേടെ മൊബൈലീന്ന് അത് വൈശാഖിന്റമ്മയുടെ മൊബൈലില് പോയിക്കാണും .അമ്മയിനി ശ്രദ്ധിക്കണം ട്ടാ .
ഞാൻ - ഇപ്പൊ ആരേലും കണ്ടാൽ എന്താ പ്രോബ്ലം ?
ഋഷി - അമ്മാ ....നമ്മടെ ഹാപ്പി മൊമെന്റ്‌സ്‌ നമ്മടെ പ്രൈവസി ആണ് . റോബോയോട് സംസാരിക്കണം എന്നാഗ്രഹമുള്ള കുട്ട്യോള് അതുകണ്ടാ അവർക്ക് വെഷമാവില്ലേ ? അവർക്കു പറ്റണില്ലല്ലോന്ന് സങ്കടപ്പെടില്ലേ .എന്തിനാ നമ്മടെ ഹാപ്പി മൊമെന്റ്‌സ്‌ കൊണ്ട് മറ്റുള്ളോരെ സാഡാക്കണത് .
ഞാൻ - മറുപടിയില്ല!!(ഋഷി അനിമൽ പ്ലാനെറ്റിന്റെ ലോകത്തേയ്ക്ക് പോയി ).
സീൻ -3
സ്കൂളീന്ന് വന്ന ഋഷി - മ്മാ ...ആ നവീൻന്ന് എന്തോ പ്രോബ്ലം ഉണ്ട് .
ഞാൻ - എന്താടാ ?
ഋഷി പോക്കറ്റിൽ നിന്നൊരു തുണ്ടു കടലാസ്സെടുത്തു നീട്ടി .അതിൽ ജോയൽ ലവ്‌സ് ഋഷി എന്നെഴുതിയിരിക്കുന്നു .
ഞാൻ - ആഹാ ഇതെന്താ ?
ഋഷി - അവനിപ്പോ കുറെയായി എന്നെ ടീസ് ചെയ്യുവാണ് .ഞാൻ ഇന്നാള് പറഞ്ഞില്ലേ അവനെന്റെ പ്രൈവറ്റ് പാർട്ടിൽ പിടിച്ചൂന്ന് . ഇന്ന് ലൈനിൽ നിന്നപ്പോ അവനെന്റെ ചന്തിയ്ക്ക് പിടിക്കാൻ നോക്കി .ഞാൻ ചാടിമാറി ജോയലിന്റെ മുന്നില് പോയി നിന്നു .അപ്പൊ അവൻ ഇതെഴുതി എന്റെ പുറത്തെറിഞ്ഞു തന്നു .ഹും .
എനിക്കെന്തെങ്കിലും പറയുവാനാകും മുൻപ് ഋഷി തുടർന്നു .'അമ്മ അടുത്ത തവണ ടീച്ചറെ കാണാൻ വരുമ്പോ ഇത് പറയണം .
ഞാൻ - നവീന്റെ 'അമ്മ എന്റെ കൂട്ടാ .ഞാൻ നവീന്റെ അമ്മയോട് പറഞ്ഞാലോ .
ഋഷി - അതുവേണ്ടമ്മാ . ആ ആന്റിയ്ക്ക് വെഷമാവും . എന്നെപ്പറ്റി ആരേലും അമ്മോട് പറഞ്ഞാ അമ്മയ്ക്ക് സങ്കടാവില്ലേ ? 'അമ്മ ടീച്ചറോട് പറഞ്ഞാ മതി . ടീച്ചറ് ഇനിയവൻ അങ്ങനെ ചെയ്യാതെ നോക്കിക്കൊള്ളും .
സീൻ -4
ക്ലാസ്സ്‌ടെസ്റ്റിന്റെ ദിവസം രാവിലെ
'ഞാൻ - who is a cobbler ?
ഋഷി - A cobbler is a person who repairs and mends our footwear
ഞാൻ - who is a chef ?
ഋഷി -A chef cooks delicious food for us .
ഞാൻ - who is a Teacher ?
ഋഷി - A teacher is a person who always shouts and yells at us and tells us to go and stay in the corner !
അന്തംവിട്ട ഞാൻ - എന്തോന്ന് ?എന്തോന്ന് ?
ഋഷി - ( മുഖത്ത് ഗൗരവം ) Actually ഞങ്ങടെ ടീച്ചേർസ് എല്ലാം ഇങ്ങനെയാ ചെയ്യണേ .ഇനീപ്പോ അമ്മയ്ക്ക് വേണ്ടീട്ട് ക്ലാസ് ടെസ്റ്റിന് മാറ്റിയെഴുതാം ! A teacher is a person who helps us to read , write and learn .
ഞാൻ - ഹോ ...(ആശ്വാസം ).
സീൻ -5
രാത്രീല് ഹോംവർക്ക് മൽപ്പിടുത്തം
ഞാൻ - (മിസ്സിസ് പെർഫെക്ഷനിസ്റ്റ് ) - ഋഷീ നിന്റെ evs നോട്ട് ഒരു വൃത്തീമില്ല കേട്ടോ . കാക്ക അപ്പീട്ട പോലുണ്ട് . കുറച്ചൂടി ശ്രദ്ധിച്ചെഴുതിക്കൂടേ .ഹാൻഡ് റൈറ്റിംഗ് തീരെ ശരിയാവുന്നില്ല .
ഋഷി -(തലയിൽ കൈവച്ച് ) മ്മാ This is Evs ....not English . please dont behave like my Evs miss .Even she thinks she is teaching ENGLISH !!
പ്ലിങ്ങിയ ഞാൻ - വാചകം കൂടുന്നുണ്ട് .വേഗം എഴുത് .
കുറച്ചു ദിവസങ്ങൾക്കു ശേഷം പരീക്ഷാപ്പേപ്പറുമായി മേൽപ്പറഞ്ഞ evs മിസ്സിനെ കാണാൻ ചെന്ന എന്നോട് Evs miss - See maam , Rishik is an excellent observer .He is the one who responds well with immediate answers .He is very active in the classroom .but you know.......( with a sad face) his handwriting is not good and he must improve his cursive writing skill. There are spelling mistakes in the note. You must pay attention to that area. thank you.
ജ്ഞാനോദയം കിട്ടിയ ഞാൻ - ഓക്കേ മിസ് .
അങ്ങനെയാണ് ഋഷിയെന്ന പുത്രന്റെ ചെയ്തികളെ സസൂക്ഷ്മം നിരീക്ഷിക്കുവാനും അവനോടൊപ്പം കൂടുതൽ സമയം ചെലവിടാനും വേണ്ടി ഞാൻ മുഖപുസ്തകത്തെ ലാപ്ടോപ്പിലടച്ച് "എന്റെ കുഞ്ഞു വല്ലാണ്ടങ്ങു വളർന്നു പോയെന്ന് "ആകുലപ്പെടാൻ തുടങ്ങിയത് !
നോക്കൂ ഋഷിയും 'അമ്മയും പാഠങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുകയാണ് .ഒരിക്കലും മടുക്കാത്ത ചില ജീവിത പാഠങ്ങൾ !
Rajeesh Ravindran, Nisha Gopalakrishnan and 135 others
36 Comments
1 Share
Like
Comment
Share

Saturday 26 December 2020

ഉണ്ണിയാരാരിരോ

 കുഞ്ഞിപ്പെണ്ണിനെ നീട്ടിപ്പാടി തൊട്ടിലാട്ടിയുറക്കുന്ന 'അമ്മ - "കൊച്ചുപൊന്നും കിനാവിന്റെ പൂമഞ്ചലിൽ ഏഴു ലോകങ്ങളും കണ്ടു വാ... ആരിരാരാ രീ രോ.. "

കട്ടിലിൽ കാലാട്ടി കേട്ടിരിക്കുന്ന കുഞ്ഞൻ ചേട്ടൻ - "മ്മാ... ഈ ഏഴുലോകങ്ങൾന്നു പറേമ്പം.. അതേതൊക്കെ ആയിട്ടു വരും🤔? "
ലെ 'അമ്മ - അത് പിന്നെ.. ഈ ലോകംന്നു പറേമ്പം.. (സത്യ ലോകം, വിഷ്ണുലോകം ഇതൊക്കെയാണോ ആവോ കവി ഉദ്ദ്യേശിച്ചത്. അങ്ങനെയാണേൽ ബാക്കി ലോകങ്ങളൊക്കെ ഏതാണോ ആവോ .).. മോനേ.. ഈ ലോകംന്നു പറേണത്... ബ ബ്ബ.. ബ്ബ...
ലെ ഋഷി - ശോ ന്റമ്മാ ഇത്രേം ആലോചിക്കണ്ട. It means 7 Continents. That's it.😄
ലെ 'അമ്മ - (ആശ്വാസം ) ങാ... അതന്നെ ഏഴു ഭൂഖണ്ഡങ്ങൾ. 🤭
അങ്ങനെ കുഞ്ഞൻ ചേട്ടൻ നീട്ടിപ്പാടുന്നു....
"ഉണ്ണി ആരാരിരോ... "😍