ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Wednesday 26 July 2017

സാവന്നക്കുഞ്ഞൻ

മൃഗസ്നേഹിക്കുഞ്ഞൻ ...വീണ്ടും
( ഒരു വീണ്ടും ലിസ എഫ്ഫക്റ്റ്)
അച്ഛാ ഈ റെപ്‌റ്റൈൽസും മാമ്മൽസും തമ്മിലെന്താ വ്യത്യാസം ?
അച്ഛൻ : (അറിവിന്റെ പരിധിയിൽ നിന്നോണ്ട്)...മാമ്മൽസ് ന്നു വച്ചാ കുഞ്ഞുങ്ങളെ പ്രസവിച്ചു പാലുകൊടുത്തു വളർത്തുന്ന ജീവികൾ
റെപ്‌റ്റൈൽസ് മുട്ടയിടണ ജീവികൾ .
( ഈസി ഉത്തരം പറഞ്ഞു കുഞ്ഞനെ മനസിലാക്കിച്ച സന്തോഷത്തിൽ ഇരിക്കുന്ന അച്ഛൻ പശ്ചാത്തലം )
വീണ്ടും കുഞ്ഞൻ - അപ്പൊ 'അമ്മ മാമ്മലും മ്മള് റെപ്‌റ്റൈൽസുമാ ?? ഞാനും അച്ഛനും എപ്പളാ മുട്ടയിടണെ ??
അടുക്കളയിൽ ഒക്കെ കേട്ട് നിന്ന "കമന്റ് തൊഴിലാളി " 'അമ്മ -
"ന്നാപ്പിന്നെ വേഗാവട്ടെ ...ഫിഡ്ജില് മുട്ട തീർന്നു ."
വാൽക്കഷ്ണം - മൃഗകഥകൾ ആവശ്യമുണ്ട് ..നായകൻ പോളാർ ബെയറും നായിക ബാക്ട്രിയൻ ക്യാമെലും ...

വീണ്ടും ചില വീട്ടുപാഠങ്ങൾ

വീണ്ടും ചില വീട്ടുപാഠങ്ങൾ
പാഠം ഒന്ന് ഒരു വിലാപം -
ചോദ്യക്കുഞ്ഞൻ - അമ്മാ നിയ്ക്കു സങ്കടം വരുന്നുണ്ടേയ് ഞാനിപ്പോ കരയും .
അമ്മയുത്തരം - ഓഹോ ...ആയിക്കോട്ടെ .
ചോ : കു - അമ്മാ യു ആർ റോങ്ങ്.
അമ്മയുത്തരം - വൈ ബേബി ?
ചോ : കു - ബോയ്സ് കരയാൻ പാടുണ്ടോ ? അത് തെറ്റാണ് . കരഞ്ഞാലെങ്ങനെയാ സ്ട്രോങ്ങ് ആവ്വ്വാ ??
'അമ്മ( വിത്ത് കൺഫ്യൂസ്ഡ് മൈൻഡ് )- ഇതെവിടന്നാ പുതിയ അറിവ് ?
ചോ : കു - അതെ ദാറ്റ് ഈസ് റോങ്ങ് . സ്‌ട്രോങ്ങ് ബോയ്സ് കരയില്ല .
അമ്മയുത്തരം - കടലിലെ വെള്ളത്തിന് എന്താ ടേസ്റ്റ് ?
"" ഉപ്പ് "' .തിരമാല എന്ത് സ്ട്രോങ്ങാ ല്ലേ ?
ഉപ്പില്ലാത്ത ഫുഡ് മോന് ഇഷ്ടാണോ ? ""yucky ""
ഉപ്പിട്ടാൽ എന്ത് ടേസ്റ്റാ ല്ലേ ?
അതുപോലെ കരച്ചിലിനും ഉപ്പാണ് .നമ്മള് ഇടയ്ക്കു കരയണം . ദാറ്റ് വിൽ മേക്ക് അസ് മോർ സ്ട്രോങ്ങ് .
കരയുമ്പോ നമ്മടെ ലൈഫ് ടേസ്റ്റി ആവും സ്ട്രോങ്ങ് ആവും . ഓക്കേ ?
ചോ : കു - ( മമ്മി റിട്ടേൺസ്‌ ) അപ്പൊ ബോയ്സ് കരഞ്ഞാൽ തെറ്റല്ലാ ?
അ :ഉ - അല്ല ...സങ്കടം വരുമ്പഴൊക്കെ കരയണം . കരഞ്ഞു കരഞ്ഞു ചിരിക്കണം .
തലകുലുക്കി കുഞ്ഞൻ കളിച്ചു തിമിർത്തു .
പാഠം രണ്ട് - ഭർത്താവുദ്യോഗം .
ചോ : കു - ഫർത്താവില്ലാതെ ( കുഞ്ഞൻ വേർഷൻ ദിസ് ഈസ് ദി "ഫ " ) ആളോൾക്കു ജീവിക്കാമ്പറ്റോ ?
അമ്മ ( എട്ടു നിലയിൽ ഞെട്ടിയതൊന്ന് )- എന്തോന്നാ എന്തോന്നാ ?
(ചോദ്യം റിപീറ്റഡ് വിത്ത് വീണ്ടും ലിസ എഫ്ഫക്റ്റ് )
ഫെമിനിസ്റ്റ് രക്തം സിരകളിൽ ഗുമു ഗുമാന്നോടുന്ന 'അമ്മ ( വിത്ത് പുച്ഛസ്മൈലി )- പെണ്ണുങ്ങൾക്ക് ജീവിക്കാൻ ഭർത്താവൊന്നും വേണ്ട .
ചോ : കു ( രണ്ടും കൽപ്പിച്ച് )- അപ്പൊ അമ്മേ ആരേലും ഉപദ്രവിക്കാൻ വന്നാ ആരാ ഇടിച്ചിടുക ? അച്ഛനില്ലേൽ കാണാം .
'അമ്മ - എന്നെ ആരേലും ഉപദ്രവിക്കാൻ വന്നാലേ അറിയാവുന്ന കളരി വച്ച് ഞാൻ നേരിടും .അതിനു നിന്റെ അച്ഛൻ വരണ്ട . അല്ലേൽ തന്നെ അച്ഛൻ ഓഫീസിൽ പോവില്ലേ ?അമ്മേടെ ശക്തിയുണ്ടല്ലോ മോനറിയില്ല ( വാതുറന്നു നിൽക്കുന്ന കുഞ്ഞൻ ). പണ്ട്‌ കണ്ട ജാക്കിച്ചാൻ സിനിമയിലെ യീ ...ഹാ അടവ് വായുവിൽ വീശിക്കാണിച്ചു സ്റ്റൈലിൽ 'അമ്മ പറഞ്ഞു നിർത്തി .പോരാത്തതിന് പെൺശക്തി പ്രകടിപ്പിക്കും വിധം പണ്ട് പഠിച്ച ഭരതനാട്യം തട്ടടവ് കരാട്ടെ സ്റ്റൈലിൽ എടുത്തലക്കി.
കുഞ്ഞൻ ഫ്‌ളാ...റ്റ് .
പിന്നെയൊരു ബോധവത്ക്കരണ ക്‌ളാസ് . അതോടെ ഗേൾസ് സ്ട്രോങ്ങ് അല്ലല്ലേ എന്ന കുഞ്ഞന്റെ സംശയം മാറിക്കിട്ടി . ഹല്ല പിന്നെ .
നമ്മളോടാ കളി ..ഹും .
വാൽക്കഷ്ണം - പിന്നെ അമ്മയ്‌ക്കെന്തിനാ അച്ഛൻ എന്ന ചോദ്യം ചോദിക്കും മുൻപ് കുഞ്ഞന് അമ്മ ഒരു ചോറുരുള വായിൽ വച്ച് കൊടുത്തു .
അച്ഛനില്ലാതെ അമ്മയില്ലെന്ന് പറഞ്ഞു മനസ്സിലാക്കാനുള്ള ഭാഷ ഹൃദയത്തിനു കൈവന്നിട്ടില്ല . അവനതു കണ്ടു മനസ്സിലാക്കട്ടെ .സ്നേഹം കണ്ടും അനുഭവിച്ചും അറിയേണ്ടതാകുന്നു .

താരങ്ങൾ

നക്ഷത്രമെണ്ണുകയാണ് ടീച്ചറമ്മ .
കുഞ്ഞന്റെ വർക്ക്‌ ഷീറ്റിലെ സ്വർണ്ണനിറമുള്ള നക്ഷത്രങ്ങൾക്കും കൈത്തണ്ടയിലെ മഷിത്താരങ്ങൾക്കുമിടയിൽ നട്ടം തിരിയുന്നു
സ്കൂളിൽ നിന്ന് വന്നു ശൂന്യമായ കൈത്തണ്ട കാട്ടി കുഞ്ഞൻ വിതുമ്പി
നിയ്ക്കു ടീച്ചർ സ്റ്റാറ് തന്നില്ലമ്മാ 
അവന്റെ നിരാശക്കരച്ചിലിൽ അമ്മയും വെറുതെ സങ്കടപ്പെട്ടു
ടീച്ചർക്കൊരു സ്റ്റാർ വരച്ചു കൊടുക്കാമായിരുന്നു
എങ്ങും താരങ്ങളാണ് താരം
സ്കൂളിലും വീട്ടിലും ചുറ്റുവട്ടത്തും താരങ്ങൾ മാത്രം
മക്കളെ താരങ്ങളാക്കാൻ നെട്ടോട്ടമോടുന്ന മാതാപിതാക്കൾ
നിറഞ്ഞ കുഞ്ഞിക്കണ്ണു തുടച്ചു അമ്മക്കണ്ണു കഥ പറഞ്ഞു
സ്റ്റാറു കിട്ടാതെ കിട്ടാതെ സ്റ്റാറിനെക്കാൾ തിളങ്ങി നിന്ന ചിലരെക്കുറിച്ച്‌
സ്റ്റാറാവാൻ ഇറങ്ങിത്തിരിച്ചു ഒന്നുമാവാതെ പോയവരെക്കുറിച്ച്
പാതിയും മനസ്സിലായില്ലെങ്കിലും കുഞ്ഞൻ തലകുലുക്കിക്കേട്ടു
ഒടുക്കം മറുചോദ്യം ചോദിച്ചു
നിയ്ക്കു സ്റ്റാറു കിട്ടാത്തതീ അമ്മയ്ക്ക് വെഷമം ല്ലേ ?
ടീച്ചറമ്മ മറുപടി പറഞ്ഞു
,മോനല്ലേ അമ്മേടെ സൂപ്പർ സ്റ്റാർ .
പറഞ്ഞു പറഞ്ഞു സ്റ്റാർ ഒരു വല്യ കാര്യല്ല എന്നവൻ ചിരിക്കാൻ തുടങ്ങി .
ഗുഡിലും സ്റ്റാറിലുമല്ല പഠിച്ചത് മനസ്സിലാക്കണതിലാണ് കാര്യമെന്ന് അമ്മവാക്കു കേട്ട് സ്റ്റാറു കിട്ടാതെ പോയ പാട്ട് അവൻ ഈണത്തിൽ പാടിക്കേൾപ്പിച്ചു .
അമ്മേം മോനും മണ്ണപ്പം ചുട്ടു കളിച്ചു .
മിനിമം ഒരു നാലാം ക്ലാസ്സു വരെയെങ്കിലും പരീക്ഷ നടത്താത്ത സ്കൂൾ
അതൊരാഗ്രഹമാണ്.
kg ക്ലാസ്സു മുതൽ കുഞ്ഞുങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന സമ്മർദ്ദം അത്രയ്ക്കും വലുതാണ് .
പഠന പ്രശ്നങ്ങൾ നേരിടുന്ന കുഞ്ഞുങ്ങളെ ഇപ്പോഴും
പഠന 'വൈകല്യ'മുള്ളവരെന്നു മുദ്ര കുത്തി മാറ്റിനിർത്തുന്നു .
അവർ ചേരേണ്ടതു സ്പെഷ്യൽ സ്കൂളിലാണെന്നു വാദിയ്ക്കുന്നു .
സാധാരണ സ്കൂളുകളിൽ അത്തരം കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കും വേണ്ടവിധം പരിശീലനം കിട്ടുന്നുണ്ടോയെന്നു സംശയമാണ് .
പിന്നെ മാതാപിതാക്കളുടെ സമയക്കുറവും .
ഒരു സിനിമയുടെ തുടക്കത്തിൽ പറയുമ്പോലെ ജീവിതം ഒരു ഓട്ടമത്‌സരമായി മാറിക്കഴിഞ്ഞു .
എങ്ങനെയും ഒന്നാമതെത്തണം അതാണ് ലക്‌ഷ്യം .
മൾട്ടി ടാസ്കിങ് എന്ന പേരിൽ "മീനുകളെ " "മരംകയറ്റം " പഠിപ്പിക്കുന്ന സ്കൂളുകൾ വേറെ .
ഹൃദയമൊരാധിയിലാണ് .
എന്ത് ചെയ്യും ?
കുഞ്ഞനെക്കുറിച്ചോർത്തു വ്യാകുലമാതാവായിരിക്കുമ്പോഴും ഒരു പോംവഴി തെളിയുന്നില്ല .
അവൻ നേരിടാനിരിക്കുന്ന താരതമ്യപ്പെടുത്തലുകളിൽ
ഇനിയും സങ്കടരംഗങ്ങളെ നേരിടേണ്ടി വന്നേക്കാം .
മക്കളുടെ മാർക്കിലും വെരി ഗുഡിലും സന്തോഷം കണ്ടെത്തുന്ന മാതാപിതാക്കളോട്,
അമ്മയായും ടീച്ചറായും പറയുവാനുള്ളതിത്ര മാത്രം
ഒരു കുഞ്ഞും പരിപൂർണ്ണനല്ല .
ഓരോ മക്കൾക്കും അവരുടേതായ കഴിവുകളും വാസനകളും ഉണ്ടാകും .
അത് കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക .
ഗ്രേഡുകൾ തുലയട്ടെ .
നാളെ ഒന്നാംകിട സർട്ടിഫിക്കറ്റുമായി അവർ സമൂഹത്തിലേക്കിറങ്ങുമ്പോൾ അവർക്കുപകരിക്കുന്നതു നിങ്ങൾ നൽകുന്ന പ്രായോഗിക വിദ്യാഭാസമാവും .
അവരെ തലയുയർത്തിപ്പിടിച്ചു ജീവിക്കാൻ പ്രാപ്തരാക്കൂ .
ഇപ്പോഴത്തെ സാഹചര്യത്തിൽ "ടോമോഗാക്വൻ " പോലൊരു സ്കൂളും കൊബായാഷി മാസ്റ്ററെ പോലൊരു മാഷും സ്വപ്നം മാത്രമാണ് .
അത് സാര്ഥകമാകാത്തിടത്തോളം കാലം
ജാഗരൂകരായിരിക്കേണ്ടത് നമ്മളാണ് .
മേല്പറഞ്ഞതു ഇപ്പോഴത്തെ വിദ്യാഭാസ സമ്പ്രദായം എന്നക്കെപ്പറഞ്ഞു ചർച്ചിക്കാൻ പറ്റിയ കാര്യമാണെങ്കിലും
ചർച്ചകൾ എങ്ങുമെത്തില്ലെന്ന "ഫീകര " സത്യം മനസ്സിലാക്കി അതിൽ കാര്യമില്ലെന്നടിവരയിടാം
അല്ലേ ?