ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Monday 30 May 2016

ചോദ്യങ്ങളിൽ ചോര മണക്കുന്നു ...

രാത്രിയിൽ , പതിവുള്ള മുട്ടിപ്പായി നടക്കുമ്പോഴാണ്
ആപ്പിൾ മണം പരത്തി കണ്ണാടിയ്ക്കുള്ളിലെരിഞ്ഞ
ചോന്ന മെഴുകുതിരി വെട്ടത്തിൽ ,
ചാലിട്ടൊഴുകിയ ചോരച്ചുവപ്പ് കുഞ്ഞൻ കണ്ടു പിടിച്ചത് !
അമ്മാ ചത്തുപോയ ദെയ് വത്തിനെ നമ്മള് തൊയണോ ?
അപ്രതീക്ഷിത ചോദ്യത്തിൽ ഞെട്ടി !!
( ലൈഫ് ഓഫ് പൈ യിലെ ചെക്കന്റെ ചോദ്യം വെറുതെ ഓർത്തു )
മറുപടി പറയാനായും മുൻപ് അടുത്ത ചോദ്യം ,
എന്തിനാ ഈ ദെയ് വം ചത്തുപോയെ ??
ചില നേരങ്ങളിൽ സിനിമ ജീവിതം ആകുന്നു!!
അതിലെ പാതിരിയെപ്പോലെ മറുപടി പറയണമെന്നും
കുഞ്ഞു ഹീറോയെപ്പോലെ എന്റെ മകൻ തുടർ ചോദ്യങ്ങൾ ചോദിക്കണമെന്നും ഹൃദയം ആശിച്ചതിൽ തെറ്റ് പറയാനൊക്കില്ല ...
കാക്കയ്ക്കും തൻ കുഞ്ഞു പൊൻകുഞ്ഞ് !
എന്തായാലും അങ്ങനെ ഒരു മറുപടി മൂന്നര വയസ്സുകാരന്റെ കേൾവിയ്ക്കും ക്ഷമയ്ക്കും
ഉൾക്കൊള്ളാവുന്നതിനും അപ്പുറത്തായതുകൊണ്ട്
പകരം പറഞ്ഞു :
മക്കളെ , ഇത് ദൈവത്തിന്റെ മോനാണ് ..
ദുഷ്ടന്മാർ അദ്ദേഹത്തെ കൊന്നതാണ് ...
കുറേനേരം അവൻ ക്രൂശിത രൂപത്തെ നോക്കി നിന്നു.
പിന്നെ ചോദിച്ചു ,
ഈശോയ്ക്ക് അമ്മയില്ലേ ???
ഉണ്ട് ....
എന്നിട്ടമ്മെന്താ ഈശോയെ രച്ചിക്കാത്തെ ??
(കുഞ്ഞു സങ്കൽപ്പത്തിലെ അമ്മ ശത്രു സംഹാരിണിയായ കാളിയാകുന്നു )
അതിനു മറുപടി പറയും മുൻപേ അടുത്ത ചോദ്യക്കുരുക്ക് വന്നു .
ദുഷ്ടന്മാരെന്തിനാ ഈശോയെ കൊന്നെ ?
ഹൃദയം ഈശോ ...മറിയം ..ഔസേപ്പേ പാടി !
പിന്നെ പറഞ്ഞു ,
ഈശോ എല്ലാരേയും നല്ലത് ചെയ്യാൻ പഠിപ്പിച്ചത് കൊണ്ട് .
എല്ലാവരും നന്മ ചെയ്താൽ ലോകത്ത് ദുഷ്ടന്മാർ ഇല്ലാതാവും , അത് അവർക്കിഷ്ടമില്ലാത്തത് കൊണ്ട് !
ഉത്തരത്തിലെ സങ്കീർണ്ണത സംശയകുമാരനെ ചിന്താക്കുഴപ്പത്തിലാക്കി ..
കുഞ്ഞു വിരൽ കൊണ്ട് ക്രിസ്തുവിന്റെ മുറിപ്പാടുകൾ തലോടി അവൻ ചോദിച്ചു ,
ഈശോയ്ക്ക് വേയ്നിച്ചോ ??
ഊം ഹൂം ...എന്ന അമ്മ മൂളൽ കേട്ടമട്ടു കാട്ടാതെ
അവനെന്തോ ആലോചിച്ചു നിന്നു .
കിടക്കുമ്പോഴുള്ള പതിവ് കഥപറച്ചിൽ ആവശ്യം
ഉന്നയിക്കപ്പെട്ടില്ല !
അവനപ്പോഴും എന്തോ ഓർക്കുകയായിരുന്നു ..
ഇടയ്ക്ക് "മോനേ " എന്ന് വിളിച്ച് അവനുറങ്ങുകയല്ലെന്ന്
ഹൃദയം ഉറപ്പു വരുത്തി !!
അമ്മ വയറ്റിൽ കാൽ കയറ്റി വച്ച് , മുഖം അമ്മനെഞ്ചോട് ചേർത്ത് വച്ച് അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു ...
ഈശോയ്ക്കു വേയ്നിച്ചോമ്മാ ???
പ്രാവിന്റെ അടിവയർ പോലെ മിനുസമായ കവിളിൽ തൊട്ട് കഥയമ്മ പറഞ്ഞു ...
എല്ലാരേം സ്നേഹിക്കുമ്പോ ചെലപ്പോ നമുക്ക് വേദനിയ്ക്കും കുഞ്ഞേ ...
പക്ഷേ ഈശോയുടെ അച്ഛൻ "ദൈവം "
വേദനയെല്ലാം തേൻ പോലെ മധുരമാക്കും ..
നമ്മക്ക് വേയ്നിച്ചാലുംമ്മാ ??
അതെ ..നമുക്ക് വേദനിച്ചാലും !!
ജനവാതിലിലൂടെ അരിച്ചുവന്ന ചെറിയ വെളിച്ചത്തിൽ
അവന്റെ ചിരി ഒരു മാത്ര കണ്ടു ..
പിന്നെ ശ്വാസം വലിച്ചു വിട്ട് അവനെന്നോട് ചേർന്നു കിടന്നു ...
ഒടുക്കം ,
കുരിശിന്റെയും ചോരയുടെയും
സ്നേഹത്തിന്റെയും വേദനയുടെയും
കടങ്കഥയിൽ കുഴങ്ങി കുഞ്ഞനുറങ്ങി ...
കഥയമ്മയും ...
ആത്മഗതം :
മുലപ്പാൽ മണമുള്ള കാക്കാ പൂച്ചാ ചോദ്യങ്ങൾ ...എന്നേയ്ക്കുമായി മാഞ്ഞുവോ ?
ചോദ്യങ്ങളിൽ ചോര മണക്കുന്നു ...