ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Friday 5 February 2016

"ഉമ്മാക്കി "

ഓർമ്മ വഴിയുടെ അങ്ങേയറ്റത്ത്‌
ഒരു നാല് വയസ്സുകാരിയുടെ ഭീതിചിത്രം ....
ഏതൊക്കെയോ ക്ലാസ്സുകളിൽ കണക്കിലെ സമവാക്യങ്ങൾ
പശ്ചാത്തലമായി അറിയാതുറങ്ങിയ ദിവസങ്ങളിൽ ,
രാത്രിയുറക്കം നഷ്ടമായി പാവമോളോട് കൊഞ്ചുമ്പോഴാണ്
പകൽ മുഴുവൻ വായിട്ടലച്ച ക്ഷീണവുമായി
ഉറക്കം മുറിഞ്ഞ് അമ്മയലറിയത്‌ ...
"മിണ്ടാണ്ട്‌ കെടന്നോ ...ഉമ്മാക്കി വരും "
"ഉമ്മാക്കി "
ഹൃദയം ഉമ്മാക്കിയെ ഇരുട്ടിൽ വരച്ചു നോക്കിപ്പേടിച്ചു !!
വെള്ളത്തുണി കൊണ്ട് തലമൂടിയാവും
ഉമ്മാക്കിയുടെ വരവെന്ന് ഉറപ്പിച്ചു ..
പുതപ്പു തലവഴി മൂടിക്കിടക്കുമ്പോഴും
കണ്ണൊന്നടച്ചാൽ ഉമ്മാക്കി വന്നു നിന്ന് മാടി വിളിച്ചു .
എത്രയോ നാളുകൾ ഉമ്മാക്കിപ്പേടിയിൽ
ഇരുട്ടത്ത്‌ തുറിച്ചു നോക്കിക്കിടന്നു !
ആയിടയ്ക്ക് ,
അയൽവക്കത്തെ ആളൊഴിഞ്ഞ വീട്ടിൽ
ഒരു തലമൂടിയ വെള്ളത്തുണി പ്രത്യക്ഷപ്പെടാൻ തുടങ്ങി
കാതുകൾ ഞാന്ന ,
റവുക്കയും വെള്ളമുണ്ടുമുടുത്ത
കുനിഞ്ഞു കുനിഞ്ഞു നടന്നൊരു ഉമ്മാക്കി !
ഒരിക്കൽ ഉമ്മാക്കി നേരിട്ട് വീട്ടിലെത്തി ,
നല്ല മൊരിഞ്ഞ അരിമുറുക്കും കൊണ്ട് !
മരിച്ചു പോയ മകളുടെ കൊച്ചുമകളെ പോറ്റാൻ
മുറുക്ക് വിറ്റു നടന്ന ഉമ്മൂമ്മ ..
അതിൽപ്പിന്നെ ഉമ്മാക്കിയ്ക്കു രൂപമില്ലാതായി !
ഏതൊക്കെയോ നിറങ്ങളിൽ ,രൂപങ്ങളിൽ ,
ഉമ്മാക്കിയിടയ്ക്ക് കിനാവുകളിൽ വന്നു
മുടിയഴിച്ചാടി കടന്നു പോയി .
"ഉമ്മാക്കി "പ്രയോഗങ്ങൾ വായിക്കാനും അറിയാനും
തുടങ്ങിയ കാലത്ത് അതും നിലച്ചു .
രണ്ടു ദിവസം മുൻപ്,രാത്രിയിൽ
"തൊയിരം "തരാതെ കഥകഥയെന്ന് കുഞ്ഞപ്പൻ .
ഒടുവിൽ ഉമ്മാക്കിപ്പേടിയിൽ അവനെ കുടുക്കാമെന്നു
കരുതി ഹൃദയം .
പുതച്ചു മൂടി പേടിച്ചു കിടന്ന രാവുകൾ
ഓർമ്മയുടെ അറ്റത്തു തിളങ്ങിയത് കൊണ്ട്
അത് പറയാൻ തോന്നിയില്ല
പകരം പറഞ്ഞു ,
"മിണ്ടാണ്ട്‌ കെടന്നോ ...കുമ്മാട്ടി വരും "
ജെനറേഷൻ ഗ്യാപ്പാവും ,പണ്ട് ഹൃദയം ചോദിക്കാത്ത
ആ ചോദ്യം അവൻ ചോദിച്ചു ..
"കുമ്മാട്ട്യോ ...അതെന്താ ????"
കുഞ്ഞന്റച്ഛൻ ഉറക്കം മുറിഞ്ഞൊച്ചയിൽ പാടി
"മാനത്തെ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാല ചേലക്കൂറ ചുറ്റിയ കുമ്മാട്ടി "
ഒടുക്കം കഥയമ്മയുടെ പല്ലിറുമ്മൽ വകവയ്ക്കാതെ
പിതാവും പുത്രനും പാടി നിർത്തി ,
"മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത് "
പാട്ടോടുക്കം കേട്ട അച്ഛന്റെ കൂർക്കം വലിക്കിടയിൽ
സംശയ കുമാരൻ ,
"ന്താമ്മാ ..ഈ എയുന്നള്ളത്ത് ???"
പാതിരാത്രി ഈ മനുഷ്യന് വേറെ പണിയില്ലേ
ദൈവമേ എന്ന അതിഭീകര ആത്മഗതം നടത്തി
അർത്ഥം വിശദീകരിച്ച് കുഞ്ഞനെ ശ്രമപ്പെട്ടുറക്കി .
പിറ്റേന്ന് എണീറ്റയുടനെ കുമ്മാട്ടിയെ കാണാൻ
കുഞ്ഞന്റെ തിടുക്കം കണ്ടപ്പോ
ഹൃദയം വക ആത്മഗതം വീണ്ടും ...
"ഇന്നത്തെക്കാലത്ത് പേടിപ്പിക്കാൻ നോക്ക്യാലും
രക്ഷയില്ലേ ഭഗവാനേ !!!"
തിരച്ചിലിനൊടുക്കം ലാപ്‌ ടോപ്‌ സ്ക്രീനിൽ
കാവാലം കുമ്മാട്ടിയോടൊപ്പം തകർത്തു പാടി
"പേടിപ്പിച്ചോണ്ട്
പേയ് പറഞ്ഞോണ്ട്
നമ്മളുറങ്ങുമ്പം
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത് "
കൂടെ കൈകൊട്ടി പാടി രസിച്ചു കുഞ്ഞുണ്ണി
പിന്നെ പതിവ് ചോദ്യ ശരങ്ങളും
"തേറ്റാന്ന്വച്ചാ..??
ചേലാന്ന്വച്ചാ ...??"
തള്ളേ .................കൊല്ല് !!!!