ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Sunday 24 July 2016

വേയാളം

അലമാരക്കതകിനുള്ളിൽ സ്റ്റീൽ ഹാംഗറിൽ അമ്മ വേതാളം തൂങ്ങിയാടി ..
തലകുത്തി നിർത്താൻ പലതവണ ശ്രമിച്ച് , "വേണ്ട വേയാളം ങ്ങനെ നിക്ക് "
എന്നാജ്ഞാപിച്ചു വിക്രമാദിത്യ വീരൻ തലപ്പാവ് തോർത്തണിഞ്ഞു .
അറ്റു പോയൊരു കളിപ്പാട്ടച്ചിറകു വാൾ വീശി
ചുടുകാട്ടിലൊരറ്റത്ത് വിക്രമാദിത്യ വീരൻ ചാടി വന്നു !
മുരിക്കു മരത്തിലെ അമ്മവേതാളം അട്ടഹസിച്ചു ..
.ഹ ..ഹ .ഹാ ..
ചാടി വീണ കരിമ്പൂച്ചക്കുന്നനെ വാൾകൊണ്ടു വെട്ടിവീഴ്ത്തി ,
തലങ്ങും വിലങ്ങും പറന്ന കടവാവലുകളെ വാൾവീശിയകറ്റി
വിക്രമാദിത്യക്കുഞ്ഞൻ ഠപ്പോഠപ്പോന്നു നടന്നു !
അമ്മവേതാളത്തെ മുരിക്കിൻ കൊമ്പിൽ നിന്ന് പറിച്ചെടുത്തു
വലിച്ചെടുത്തു നടന്നു .
വിക്രമാദിത്യത്തോളിൽ ബലമുറപ്പിക്കാതെ തൂങ്ങി അമ്മവേതാളം പിന്നെയും ചിരിച്ചു .എന്നിട്ട് പാടി ,
""തലച്ചോറു ചോറാണെനിക്കിഷ്ടം
മനുഷ്യന്റെതലച്ചോറു ചോറാണെനിക്കിഷ്ടം "'
വിക്രമക്കുഞ്ഞൻ തിരുത്തി ,
“”വേയാളം പുല്ലു തിന്നാ മതി , ആരേം ഊദ്രോക്കണ്ട””
അമ്പരന്ന അമ്മവേതാളം ഗതികെട്ട പുലിയായി !
പിന്നേം പാടി ,
""പറയാം ഞാനൊരു കഥ പറയാം
അതിനുത്തരം പറഞ്ഞാലുമ്മ
ഉത്തരം മുട്ടിയാലുമ്മത്തിൻ കായ ""
വിക്രമാദിത്യക്കുഞ്ഞൻ തലയാട്ടി ,
കാലില്ലാ ,വാലില്ലാ വേതാളപ്പെണ്ണ് കഥ തുടങ്ങി ...
"പണ്ട് പണ്ടൊരു രാജ്യത്തൊരു രാജാവ് ..
രാജാവിന്റെ പാതി മുഖം കരികരിഞ്ഞ്
പാതിമുഖം വെളുവെളുത്ത് ..""
ചോദ്യക്കുഞ്ഞൻ വിക്രമാദിത്യൻ വക ഉത്തരവ് ,
""രായാവ് അമ്മേടണ ക്രീമിട്ടോട്ടെ
മുയോനും വെളുത്തോട്ടെ ""
മുരിക്കിൻ കൊമ്പിലേയ്ക്ക് തിരിച്ചു പറന്നു അമ്മവേതാളം പാടി ..
കഥയ്ക്കിടയിൽ ചോദ്യമില്ല ...അങ്ങനെയിങ്ങനെ ചോദ്യം പാടില്ലാ ..
തലച്ചോറ് ചോറാണെനിക്കിഷ്ടം മനുഷ്യന്റെ തലച്ചോറ് ചോറ്പെരുത്തിഷ്ടം ..
വിഷണ്ണനായി നിന്ന വിക്രമാദിത്യക്കുഞ്ഞന്റെ തലപ്പാവ് തോർത്തഴിഞ്ഞു വീണു !
പിന്നെ അമ്പരപ്പിന്റെ വാക്കുകൾ കേട്ടു ,
ഇല്ല ..മിണ്ടൂല്ല ...വേയാളം വാ ..
പറന്നു വന്ന വേതാളം വീണ്ടും കഥ തുടങ്ങി ..
പണ്ടു പണ്ടൊരു രാജ്യത്ത് പേശാമടന്തയെന്നൊരു രാജകുമാരി ..
മിണ്ടാതുരിയാടാതെ ഏതുനേരവും പുഞ്ചിരിച്ചിരുന്നൊരു രാജകുമാരി ..
""ന്നാപ്പിന്നെ അമ്മ പേശാമടന്തയാവട്ടെ .വയക്കു പർയാതെ എപ്പോം ചീച്ചോണ്ടിക്കട്ടെ ""
അമ്മവേതാളം പറന്നു ചെന്ന് മുരിക്കിൻ കൊമ്പിൽ ഊഞ്ഞാലാടി .
ശു ശുശൂ ന്നു വച്ച് അബദ്ധക്കുഞ്ഞൻ വീണ്ടും വേതാളത്തെ പിടികൂടി .
""നി മിണ്ടൂല്ല ..ശത്യം ""
ഇത്തവണ കഥ പറച്ചിലിൽ പേശാമടന്തക്കുഞ്ഞൻ കഥ മുഴോനും കേട്ടു .
കഥയൊടുക്കം ചോദ്യം ചോദിക്കാനാഞ്ഞ വേതാളത്തെ ഞെട്ടിച്ചു കൊണ്ട്
മിണ്ടാട്ടംമുട്ടിക്കുഞ്ഞൻ വക ചോദ്യം !!!
അതു കേട്ടപ്പോഴാണ് മഹാരാജൻ കഥ കേൾക്കുകയായിരുന്നില്ല ,
""പള്ളി യാലോചനയിൽ "" മുഴുകിയിരിക്കുകയായിരുന്നുവെന്നു
ഫൂളമ്മയ്ക്ക് പിടികിട്ടിയത് !!
ചോദ്യമിതായിരുന്നു ,
""മ്മള് ആരേലും ഊദ്രോച്ചാ പാവം കിട്ട്വോമ്മാ ???""
വേതാളമമ്മ മറുപടി ആലോചിക്കുമ്പോൾ കുഞ്ഞൻ രാജാവ്‌ തുടർന്നു ..
""നയകംന്ന്വച്ചാ ന്താ ??""
അവനതെവിടുന്നു കേട്ടുവെന്നോ എവിടുന്നു കിട്ടിയെന്നോ ചോദിക്കാനാവും മുൻപ്
എ സിയ്ക്കിടയിൽ കൂടുവച്ച അരിപ്രാവിൻ കുറുകൽ കേട്ട്
കുറുകുറു കുട്ടത്തിപ്രാവേ ..കുറു കുറു ..എന്ന് പാടി അവൻ പോയിക്കഴിഞ്ഞു .
ഉത്തരം തേടി നീ വരുമ്പോഴേയ്ക്കും കുഞ്ഞേ ,
ഞാനെന്റെ പാപ-പുണ്യങ്ങളുടെ മാറാപ്പഴിച്ചു നോക്കുകയാണ് ...
അതിൽ ,
പാതിമുറിഞ്ഞൊരു പിതൃ വാക്കും സ്വപ്നവുമുണ്ട് .
ജീവിതപ്പൊള്ളലേറ്റു പിടയുന്നൊരു അമ്മ മനസ്സുണ്ട് .
പെണ്ണെന്ന കരുതലുറക്കം കളഞ്ഞ അനിയത്തിയോർമ്മയുണ്ട് .
ഏതൊക്കെയോ വാക്കുജാലങ്ങളിൽ കുടുങ്ങിയുഴറിയ
കടമകളും കടപ്പാടുകളുമുണ്ട്
കാടൻ പ്രണയത്തിന്റെ പൂതലിച്ച തായ് വേരുകളുണ്ട്
എന്റെ , എന്റെയെന്ന ഹുങ്കിന്റെ മുന കൊണ്ട്
കരൾ പിളർന്നു വീണോരുയിരുമുണ്ട് ...
ഉത്തരം തേടി നീ തിരികെ വരുമ്പോഴേയ്ക്കും കുഞ്ഞേ ,
കീഴ്മേൽ മറിഞ്ഞു തൂങ്ങാനൊരു ചുടുകാടും
അതിന്റെയോരത്തൊരു മുരിക്കിൻ കൊമ്പും തിരയുകയാണ് ഞാൻ !!!""

അദ് ചീത്തയല്ല .

കഥ കഥയച്ചീ ....ഇന്നത്തെ കഥ നേരം ..
പരീക്ഷാത്തിരക്കിൽ നിന്ന് മരുഭൂമിയുച്ചച്ചൂടിൽ
മുഖവും മനസ്സും പൊള്ളി
മുറിത്തണുപ്പിൽ വന്നു കയറുമ്പോൾ 
നഴ്സറിയിൽ നിന്ന് വന്നു കാത്തു നില്ക്കുന്നു കുഞ്ഞപ്പൻ ....
ചോറുരുള കാക്ക മുട്ടയും കുയിൽ മുട്ടയുമാക്കുമ്പോൾ
പൊടുന്നനെ വന്നു ആവശ്യം ....
മ്മാ ...കഥ
ഇപ്പോ ഭീമസേനൻ ആണ് ഹീറോ ..
അങ്ങനെ ബകൻ ചോറുരുള ഉരുട്ടിക്കഴിക്കാൻ തുടങ്ങി ..
ഒടുക്കം ബകന് കൊണ്ട് വന്ന ഒരു വണ്ടിയൂണ്
ഭീമൻ ശാപ്പിട്ടു തീർത്തു ..
ഒക്കെക്കഴിഞ്ഞൊടുക്കം കഥയുണ്ണി വക ചോദ്യം ..
ബീമസേവന് അച്ഛനും അമ്മേം ഒണ്ടോ മ്മാ ??
ഒണ്ടല്ലോ ....
ആരാ ....
വായു ദേവനെ ഇടയ്ക്കിട്ട് ഇടങ്ങേറാക്കണ്ടാന്നു കരുതി
കഥയമ്മ പറഞ്ഞു ...
പാണ്ഡു മഹാരാജാവ് അച്ഛൻ
അമ്മ കുന്തീ ദേവി ....
എച്ചിൽ വായ കുഞ്ഞിക്കൈ കൊണ്ട് പൊത്തി
അവൻ പൊടുന്നനെ പറഞ്ഞു ...
യ്യോമ്മാ ....കുണ്ടീ ന്നു പറയാമ്പാടില്ലാ ....
പ്ലിംഗ് .....
ചിരിക്കിടയിലും എവനിതെന്താ പറയണേന്ന് ഹൃദയം ഞെട്ടി !!
പിന്നെ കേൾവിപ്പിശക് തിരുത്തിപ്പറഞ്ഞു ...
മോനെ കുണ്ടിയല്ല ...കുന്തി ...
(എന്തിന്റെ "ന്ത " എന്ന് വിശദീകരിക്കാൻ കടുത്ത അന്ത:ക്ഷോഭം സമ്മയ്ച്ചില്ലാ ....)
പഞ്ചപാണ്ഡവരുടെ അമ്മയാണ് കുന്തി
എന്ന പറച്ചിൽ കേട്ട് അവനാലോചിച്ചു നിന്നു .
ആകെ മൊത്തം കുഴങ്ങി നില്പ്പാണ് അവനെന്നു മനസ്സിലായെങ്കിലും അല്പ്പം മുൻപ് കേട്ടത്
ഒരു ചീത്ത വാക്കെന്നു അവൻ പറയാൻ കാരണം അന്വേഷിക്കണം എന്ന് തോന്നി ...
അന്വേഷണത്തിൽ ,
നഴ്സറിയിൽ ഏതോ കുട്ടി ഉപയോഗിച്ച വാക്ക് ചീത്തയാണെന്ന് ആയമ്മ പറഞ്ഞൂത്രേ ...
അതൊരു ചീത്ത വാക്കല്ലെന്നും
പലയിടങ്ങളിൽ പലരുപയോഗിക്കുന്ന പല വാക്കുകളും വാമൊഴി പകർന്നു വന്നതാണെന്നും
അത് മറ്റു ചില ദേശക്കാർ അവരുടെ സംസാര ശൈലിയിൽ ഉൾപ്പെടുന്നതാകാത്തതിനാൽ
ചീത്തയായി കരുതിപ്പോരുന്നുവെന്നും
മുൻപ് പറഞ്ഞിട്ടുള്ളത് പോലെ
അശ്ലീലം പറയുന്നവന്റെ നാവിലും
കേൾക്കുന്നവന്റെ കാതിലുമാണെന്നും പറഞ്ഞാൽ
മനസ്സിലാക്കാൻ അവനായിട്ടില്ലാത്തത് കൊണ്ട് ...
ഇത് മാത്രം പറഞ്ഞു ...
കുണ്ടീന്നു വച്ചാൽ ചീത്തയൊന്ന്വല്ല ...
അതില്ലാതെ നമ്മളെങ്ങന്യാ അപ്പിയിടണേ ??
മറുചോദ്യം കേട്ട് കുഞ്ഞുണ്ണി തലകുലുക്കിപ്പറഞ്ഞു...
ശെരിയാ ....അദ് ചീത്തയല്ല ....
ന്നാലും ന്റെ കുന്തീ ദേവീ ....
ക്ഷമിഷ് ബേഡു