ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Friday 15 January 2016

.................പ്ളിംഗ് .....................

എന്റെ ശ്രീ പദ്മനാഭാ .......
ഇന്നത്തെ ചോദ്യക്കുരുക്ക് ........
ത്രിസന്ധ്യയ്ക്ക്‌ മഹാലക്ഷ്മ്യഷ്ടകം ""സാധനാ സർഗ്ഗം ""
മനോഹരമായി പാടുന്നു ....
അതില് മഹാലക്ഷ്മിയുടെ മനോഹര ചിത്രങ്ങൾ ....
ആനയും അരയന്നവും ...താമരപ്പൂവും ഒക്കെയായി ....
സുന്ദരി ദേവി .....
ഒരു കുസൃതിയ്ക്കു പാമ്പിന്റെ മേത്തു കിടക്കണ
ദൈവത്തിനെ അമ്മ കുഞ്ഞൂട്ടന് കാട്ടിക്കൊടുത്തു ...
( പണി വരുന്ന വഴിയേ !!!)
സംശയകുമാരൻ ( അവനു ആ പേരാ കൂടുതൽ ചേര്വാ ):
...മ്മാ ...ഈ മഗാവിച്ച്ണു കെടക്കുമ്പം മഗാ ലച്ച്മി കാല്
തടവും ല്ലേ ......
അമ്മ : അതെ ...ഫോട്ടോയില് കണ്ടില്ലേ കുട്ടി ?
സ: കു -- ""അപ്പം മഗാലച്ച്മി കെടക്കുമ്പം മഗാവിച്ച്ണു
കാല് തടവ്വോ ???""
.................പ്ളിംഗ് .....................

ഞങ്ങളുടെ സമാധാനം ...നിങ്ങളോടു കൂടെ ..

അല്ലാ ...2015 ലെ ക്രിസ്മസ് ഡിസംബർ 25 നല്ലേ ...!!!!!
അല്ലാന്നു കുഞ്ഞൻ പറയണൂ ....
ഇന്നലെ ഇവിടത്തെ പുൽക്കൂട്ടിൽ ഉണ്ണീശോ ജനിച്ചു ....!!!
ന്താ ചെയ്യാ ????
അമ്മേടെ പേർസണൽ അൾത്താരയിൽ
വെള്ളപ്പട്ടു കിടക്കയിൽ ഉണ്ണീശോ
അച്ഛനും അമ്മേം അടുത്തില്ലാതെ
കിടന്നു കൈകാലിളക്കി നോക്കണ കണ്ടിട്ടും
ഒരമ്മക്കുന്തം ചുമ്മായിരിക്കണെന്നു വച്ചാ .....!!!
കുഞ്ഞുണ്ണ്യാർക്കു കയ്യും കെട്ടി നോക്കി നിക്കാൻ പറ്റോ ???
അമ്മ അടുക്കളേല് നിന്നപ്പോ ഉണ്ണീശോയെ പൊക്കിയെടുത്ത്
പുൽക്കൂട്ടില് വച്ചു ....ഹല്ല ..പിന്നെ !!
( അമ്മയാണത്രെ ..അമ്മ ,...എന്ന് സലിംകുമാർ സ്റ്റൈലിൽ
ഒരാത്മഗതവും കക്ഷി നടത്തി ....)
ന്തായാലും ഉണ്ണീശോ വന്നില്ലേ ...നി ...സന്താക്ളോസ് വരട്ടെ ...
അപ്പൂപ്പൻ കൊണ്ടുവരേണ്ട സമ്മാനത്തിന് കത്തെഴുതി വയ്ക്കാമ്പോവാത്രെ .....
( ക്രിസ്മസ് ട്രീയുടെ താഴെ ഇഷ്ടമുള്ള സമ്മാനത്തെ ക്കുറിച്ച് കത്തെഴുതി വച്ചാൽ സാന്താക്ലോസ്
ക്രിസ്മസ് രാത്രി ആ സമ്മാനം എത്തിക്കുമെന്ന് കുഞ്ഞപ്പന് പറഞ്ഞു കൊടുത്തത് അമ്മയാണ് ....!!!
(എന്റെ പിഴ ..എന്റെ വലിയ പിഴ ...എന്താണാവോ സമ്മാനം വേണംന്ന് പറയുക !!!)
അതിനിടെ മറ്റൊരു കണ്ടുപിടിത്തം ....
അറബി നാട്ടില് സാന്താ ഒട്ടകത്തിലാ വരണേ ...
പുതിയ അറിവിൽ കഥയമ്മ കുഞ്ഞനെ നമിച്ചൂ ....!!!
താച്ചു ചേട്ടൻ @ Thaatwik Abhilash സ്നോമാന്റെ അടുത്ത് നിക്കണ ഫോട്ടം വെറുതെ
കാണിച്ചു കൊടുത്തു ...( അതും എന്റെ പിഴ ....)
ഇന്നലെ സ്നോ മാന് പകരം അമ്മ ""സാൻഡ്‌ മാൻ " ഉണ്ടാക്കി കൊടുത്തു ....മരുഭൂമീല് സാൻഡ്‌ മാനാ താരം ....!!;-)
അങ്ങനെ ബ്ടെ രണ്ടു ദീസം മുന്നേ ക്രിസ്മസ് വന്നൂന്നേ .....
അപ്പോ അമ്മേടെ എല്ലാ കൂട്ടുകാർക്കും കുഞ്ഞുണ്ണി വക
""മെറി ക്രിസ്മസ് ...""
എല്ലാവർക്കും ഈ ക്രിസ്മസ് സന്തോഷവും സമാധാനവും നല്കട്ടെ ....
ഞങ്ങളുടെ സമാധാനം ...നിങ്ങളോടു കൂടെ .....

ചോദ്യങ്ങൾ ....ചോദ്യങ്ങൾ ....

ചോദ്യങ്ങൾ ....ചോദ്യങ്ങൾ ....
മുൻപൊരു പോസ്റ്റിൽ കമന്റിയ പോലെ ,
കുഞ്ഞുങ്ങളോട് നുണ പറയാനെളുപ്പം എന്ന
ഒറ്റക്കാരണത്താൽ ,
പല ചോദ്യങ്ങളുടെയും ആഴവും പരപ്പും 
കണ്ടില്ലെന്നു നടിക്കാറാണ് പതിവ് !!
ഇന്നൊരു ചോദ്യം ആ പതിവ് തെറ്റിച്ചു .....
മേല് കഴുകിക്കുന്നതിനിടെ കുഞ്ഞന്റെ തോണ്ടൽ ....
""മ്മാ ...ഉമ്മാന്നാൽ കിസ്സല്ലേ ...???""
മറ്റൊന്നും ഓർക്കാതെ മറുപടി പറഞ്ഞു ...."അതെ "
ഉടനെ വന്നു മറുചോദ്യം ....
""പിന്നെ റ്റൈനി ടോട്സിലെ റിഷാനെന്താ
എപ്പളും ഉമ്മാന്നു പറയണേ ??????""
സ്വാഭാവിക മറുചോദ്യത്തിനു മുൻപ്
വിശദീകരണം വന്നു ....""റിഷാന്റെ അമ്മയല്ലേ ....""
ഹൃദയം ഒന്ന് കുഴങ്ങി ....
പിന്നെ പഴയൊരു പാട്ടോർത്ത് താളത്തിൽ പറഞ്ഞു ,
""അമ്മയുമുമ്മയും ഒന്നാണ് ...
ഞങ്ങളും നിങ്ങളും ഒന്നാണ് ....""
കുഞ്ഞൻ വിടാൻ ഭാവമില്ല ...
പാട്ട് കേട്ടു തലയാട്ടി ചോദിച്ചു ...""അദെങ്ങന്യാ ""
""റിഷാൻ അങ്ങന്യാ വിളിക്കണേ മോനെ ..!!!""
മറുപടിയിലെ സഹികേടു കണ്ടിട്ടാവും
അവൻ നിശബ്ദനായി എന്തോ ആലോചിച്ചു .....
കുളിപ്പിച്ച് തോർത്തുമ്പോ വീണ്ടും ചോദ്യം ...
""അപ്പൊ കാക്കയോ ""
ചോദ്യത്തിലെ അപകടം മണത്തു ഹൃദയം ജാഗരൂകമായി ...
""അതേ കാക്കാന്നു വച്ചാ ചേട്ടൻ ...
പറക്കണ കാക്കയല്ല ...റിഷാന്റെ കാക്ക ""
അവൻ കുറേ നേരം എന്തോ ആലോചിച്ചു ...
(കുട്ട്യോൾടെ മനസ്സില് എന്താന്ന് ഹൃദയം തല പുകഞ്ഞു ...)
പിന്നെ പറഞ്ഞു ,
"'കാക്കാന്നു വച്ചാൽ ചേട്ടനൊന്ന്വല്ല ....
അമ്മ കള്ളം പറയണു ...""
പിന്നെ താളത്തിൽ പടി ...
"കാക്ക നല്ല കാക്ക ...വൃത്തിയുള്ള കാക്ക ...."
നഴ്സറീല് ഒപ്പം പഠിക്കണ റിഷാനുമായുള്ള
സംഭാഷണത്തിൽ വീണു കിട്ടിയ
സംശയങ്ങളുടെ നിവാരണമാണ് ഇപ്പോ നടക്കുന്നതെന്ന്
ഹൃദയമോർത്തു ...!!
പാല് കുടിച്ചു "വെള്ള മീശ " വച്ച്
കണ്ണാടി നോക്കുന്നതിനിടെ
വീണ്ടും വന്നു അടുത്ത ചോദ്യം ....
""അമ്മയെന്താ കറുത്ത ഉടുപ്പിടാത്തെ ????""
ഏത് കറുത്ത ഉടുപ്പ് !!!!!....ഞാനമ്പരന്നു ....
"കണ്ണ് മാത്തറം കാണണതേ ....."" വെള്ള മീശ തുടച്ചു കുഞ്ഞൻ മനസ്സിലാക്കിത്തന്നു !!
ഉടനേ വന്നില്ലേ ഗമഗമണ്ടനൊരു നുണ ....
""അമ്മയ്ക്കേ ...അതിട്ടാ ചൊറിയൂല്ലോ ...ചൂടെടുത്തിട്ടേയ് ....!!!""
തൃപ്തിയായ മട്ടിൽ അവൻ തലകുലുക്കുമ്പോൾ
ഹൃദയമോർത്തത് റഫീക് അഹമ്മദിന്റെ വരികൾ ...
""മൃതദേഹമല്ലിത് .....
മതദേഹം .....""
ഹൃദയമാകെ അങ്കലാപ്പിലാണ് ...
ഇനി വരാനിരിക്കുന്ന ചോദ്യ ബോംബുകളോർത്ത്‌ !!!
ബേബി സിറ്റിങ്ങിലെ അച്ചായനെ
""അപ്പച്ചാ.....ന്ന് കുഞ്ഞപ്പൻ നീട്ടി വിളിക്കുമ്പോൾ
ഉള്ളിൽ ചിരിച്ചു കുഴഞ്ഞ ഹൃദയം
ഒരു വെപ്രാളച്ചുഴിയിലാണിപ്പോൾ ....
മറുപടിയിൽ പറയേണ്ടി വരുന്ന ചില
പൊള്ളിക്കുന്ന സത്യങ്ങളോർത്ത് !!
അത് കുഞ്ഞു മനസ്സിലുണ്ടാക്കിയെക്കാവുന്ന
ആശയക്കുഴപ്പങ്ങളോർത്ത് !!