ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Saturday 13 June 2015

""ആരാമ്മാ ദൈവം ....എവിട്യാമ്മാ ദൈവം ????""

മരുഭൂമിയിലെ പൊള്ളുന്ന വെയിൽ ജ്വാലയെ വെല്ലുവിളിച്ച്
ഗുൽമോഹറിന്റെ ചില്ലകൾ ചുവന്ന തീജ്വാല പോലെ തിളങ്ങി .....
കരിയാനനുവദിക്കില്ലെന്നു ശഠിച്ചു അതിന്റെ ചുവട്ടിൽ
നനഞ്ഞു നനഞ്ഞു കിടന്ന മണ്ണിൽ കുഞ്ഞൻ കാൽ വെള്ള പുതച്ചു ...!
കൊഴിഞ്ഞു വീണ ഇതൾ മെത്തയിലിരുന്ന് കഥയമ്മ
നോഹയുടെ പെട്ടകം തുറന്നു .....

പറഞ്ഞു തീർത്ത ഏദൻ തോട്ടത്തിൽ ഓടിക്കളിക്കുകയായിരുന്നു
കുഞ്ഞുണ്ണിയപ്പോഴും ....!!
ആദ്യത്തെ മൃഗജോഡി പെട്ടകം കയറുമ്പോൾ
പൊടുന്നനെയവൻ ചോദിച്ചു .....
""ആരാമ്മാ ദൈവം ?""
എവിട്യാമ്മാ ദൈവം ?""

ലക്ഷ്യത്തിൽ തൊട്ടൊരു അമ്പിന്റെ മൂർച്ചയിൽ
കഥയമ്മ ഞെട്ടി ...!!!
അച്ഛനിപ്പം വരുമെന്ന ഓർമ്മപ്പെടുത്തലോടെ
അവന്റെ കൈ പിടിച്ചു വീട്ടിലേയ്ക്ക് ....
വന്നു കയറുമ്പോൾ വീണ്ടും അതേ  ചോദ്യം ....
ചന്ദനത്തിരിയുടെ പരസ്യത്തിലെ അശരീരി പോലെ
""ദൈവമുണ്ട് "" എന്ന് പറഞ്ഞ്
ഉണ്ണിക്കണ്ണന്റെ കാൽ വണ്ണയിൽ നീലച്ചായം
തേയ്ക്കാനെടുത്തു കുഞ്ഞുവമ്മ !!

നനഞ്ഞൊലിച്ചു മുറ്റമേത് മുറിയേതെന്നറിയാതെ
ഉറക്കമൊഴിഞ്ഞു കുത്തിയിരുന്നൊരു വെളുപ്പാൻകാലത്ത്‌
അമ്മയുടെ മുഖത്തു കണ്ട നിസ്സഹായത ....
പിറ്റേന്ന് രാവിലെ യാദൃശ്ചികമായി
പഴയ അധ്യാപികയെ കാണാനെത്തിയ പ്രവാസി ശിഷ്യന്റെ കയ്യിൽ
ചുരുട്ടിപ്പിടിച്ച നോട്ടുകൾ ....
നിറഞ്ഞ ചിരിയായി മാറിയ നിസ്സഹായതയ്ക്കു പശ്ചാത്തല സംഗീതം ....
""ദൈവമുണ്ട് ....""

ആകാശവാണിയിലെ അന്നത്തെ മലയാള
പ്രക്ഷേപണത്തിനൊടുവിൽ
""ഔദ്യോഗിക വണ്ടിയുടെ "" കൃത്യതയുടെ ഫലം ...
11.15 നുള്ള ഗുരുവായൂർ എക്സ്പ്രസിന്റെ അകന്നു പോകുന്ന
ചുവന്ന വെളിച്ചം .....
പാതിരാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ
ഒറ്റപ്പെട്ടു പോയൊരു ഇരുപത്തൊന്നുകാരി .....

ധൈര്യമെന്ന ജന്മവാസനയെ മാത്രം കൂട്ടുപിടിച്ച്
എതിർ വശത്തെ കുപ്രസിദ്ധമായ ബസ്‌ സ്റ്റാൻഡിലേയ്ക്ക് നടക്കുമ്പോൾ
ഒപ്പം നടന്ന ചെറുപ്പക്കാരൻ .....
""താടി സാറിന്റെ മോളല്ലേ ""യെന്ന ചോദ്യത്തിൽ
കയ്യിൽ പിടിച്ച ഹൃദയം വഴുതിമാറി പൂർവ്വസ്ഥാനത്തു ചെന്നിരുന്നു ..!!

11.30 ന്റെ ഒടുവിലത്തെ സർവ്വീസ് .....
പാലക്കാട് സൂപ്പർ ഫാസ്റ്റ് ..
സ്ത്രീകളുടെ സീറ്റിലിരുന്ന യുവാവിനെയെഴുന്നേൽപ്പിച്ചു
ഒറ്റപ്പെട്ടു പോയ പെണ്‍കിടാവിനെയിരുത്തി
ആറ്റിങ്ങൽ ബസ്‌ സ്റ്റാൻഡിൽ ഒപ്പമിറങ്ങി
ഓട്ടോയിൽ കയറ്റി വിട്ട സന്മനസ്സ് ....
നെഞ്ചിടിപ്പിന്റെ താളത്തിനൊപ്പം കേട്ടു ...
""ദൈവമുണ്ട് ...""

കാടാറു മാസം നാടാറുമാസം നടന്ന്
ഏതോ വാടകമുറിയിൽ
സ്ട്രോക്കിന്റെ തളർച്ചയിലൊറ്റപ്പെട്ടു പോയൊരാൾ ....!
താലിയുടെ കടമയിൽ ...അതോ സ്നേഹത്തിലോ ....
പേഴ്സിലവശേഷിച്ച തുട്ടും പെറുക്കിയെടുത്തു
വണ്ടി പിടിച്ചോടിച്ചെന്ന് ആശുപത്രിയിലാക്കിയ സഹ ....
ഐ സി യു വിൽ അടയ്ക്കേണ്ട അഡ്വാൻസ് രസീതും
ആദ്യ ദിനം കയ്യിൽ കിട്ടിയ മരുന്ന് ബില്ലും മുറുകെപ്പിടിച്ച്‌
മിടിയ്ക്കാൻ മറന്നിരുന്ന ഹൃദയം .....

പൈസ നമുക്കുണ്ടാക്കാമെന്നേറ്റു
ഒഴിഞ്ഞ വയറിന്റെ എരിച്ചിലിൽ
ഉച്ചവെയിൽചൂടിലേയ്ക്കിറങ്ങിയ പെണ്‍ കുട്ടി ....
എന്തു ചെയ്യേണ്ടുവെന്നറിയാതെ പകച്ചു നിന്ന അവളുടെ കയ്യിലേയ്ക്കു
കഴുത്തിലെ മാലയൂരിവച്ച ബന്ധുത്വ മുഖം !!
പണയം വയ്ക്കുകയോ വില്ക്കുകയോ ചെയ്യുവെന്നു പറഞ്ഞ മനുഷ്യത്വം !!
കിട്ടിയ നാല്പ്പതിനായിരം ആശുപത്രിയിലടയ്ക്കുമ്പോൾ
മരുന്നു മണമുള്ള കരച്ചിലിനൊപ്പം നേർത്ത അശരീരി ....
""ദൈവമുണ്ട് .....""

കടന്നു വന്ന വഴികളിൽ പലയിടങ്ങളിലും ദൈവങ്ങളൊളിഞ്ഞിരുന്നു ....
കണ്ണ് കണ്ട പല കഥകളിലും ദൈവ സാമീപ്യമുണ്ടായിരുന്നു ....
പത്രത്താളുകളിൽ  ....കേട്ടു കേഴ്വികളിൽ  ....
ദൈവം കൈവിട്ടവരെന്നു മുദ്രകുത്തപ്പെട്ടവരെ നോക്കി
ചില നേരങ്ങളിലെങ്കിലും യുക്തി വാദിയാകുന്ന ഹൃദയം പറഞ്ഞു ...

""ദൈവമുണ്ട് ""

നീലച്ചായം പടർന്ന കുഞ്ഞു വിരലുകൾ നോക്കിയിരിക്കുമ്പോൾ
കുഞ്ഞപ്പൻ തനിയെ പറഞ്ഞു ....
ഇത് ഉണ്ണിക്കിച്ചനല്ലമ്മാ ....ഉണ്ണീശോയാ .....

അന്നേരം ,
ഹൃദയം ചിരിച്ച ചിരിയ്ക്കൊപ്പം
ഒരു കുഞ്ഞിച്ചോദ്യം വീണ്ടുമുയർന്നു കേട്ടു ....

""ആരാമ്മാ ദൈവം ....എവിട്യാമ്മാ ദൈവം ????""