ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Saturday 26 December 2020

ഉണ്ണിയാരാരിരോ

 കുഞ്ഞിപ്പെണ്ണിനെ നീട്ടിപ്പാടി തൊട്ടിലാട്ടിയുറക്കുന്ന 'അമ്മ - "കൊച്ചുപൊന്നും കിനാവിന്റെ പൂമഞ്ചലിൽ ഏഴു ലോകങ്ങളും കണ്ടു വാ... ആരിരാരാ രീ രോ.. "

കട്ടിലിൽ കാലാട്ടി കേട്ടിരിക്കുന്ന കുഞ്ഞൻ ചേട്ടൻ - "മ്മാ... ഈ ഏഴുലോകങ്ങൾന്നു പറേമ്പം.. അതേതൊക്കെ ആയിട്ടു വരും🤔? "
ലെ 'അമ്മ - അത് പിന്നെ.. ഈ ലോകംന്നു പറേമ്പം.. (സത്യ ലോകം, വിഷ്ണുലോകം ഇതൊക്കെയാണോ ആവോ കവി ഉദ്ദ്യേശിച്ചത്. അങ്ങനെയാണേൽ ബാക്കി ലോകങ്ങളൊക്കെ ഏതാണോ ആവോ .).. മോനേ.. ഈ ലോകംന്നു പറേണത്... ബ ബ്ബ.. ബ്ബ...
ലെ ഋഷി - ശോ ന്റമ്മാ ഇത്രേം ആലോചിക്കണ്ട. It means 7 Continents. That's it.😄
ലെ 'അമ്മ - (ആശ്വാസം ) ങാ... അതന്നെ ഏഴു ഭൂഖണ്ഡങ്ങൾ. 🤭
അങ്ങനെ കുഞ്ഞൻ ചേട്ടൻ നീട്ടിപ്പാടുന്നു....
"ഉണ്ണി ആരാരിരോ... "😍

No comments:

Post a Comment