ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Wednesday, 26 July 2017

വീണ്ടും ചില വീട്ടുപാഠങ്ങൾ

വീണ്ടും ചില വീട്ടുപാഠങ്ങൾ
പാഠം ഒന്ന് ഒരു വിലാപം -
ചോദ്യക്കുഞ്ഞൻ - അമ്മാ നിയ്ക്കു സങ്കടം വരുന്നുണ്ടേയ് ഞാനിപ്പോ കരയും .
അമ്മയുത്തരം - ഓഹോ ...ആയിക്കോട്ടെ .
ചോ : കു - അമ്മാ യു ആർ റോങ്ങ്.
അമ്മയുത്തരം - വൈ ബേബി ?
ചോ : കു - ബോയ്സ് കരയാൻ പാടുണ്ടോ ? അത് തെറ്റാണ് . കരഞ്ഞാലെങ്ങനെയാ സ്ട്രോങ്ങ് ആവ്വ്വാ ??
'അമ്മ( വിത്ത് കൺഫ്യൂസ്ഡ് മൈൻഡ് )- ഇതെവിടന്നാ പുതിയ അറിവ് ?
ചോ : കു - അതെ ദാറ്റ് ഈസ് റോങ്ങ് . സ്‌ട്രോങ്ങ് ബോയ്സ് കരയില്ല .
അമ്മയുത്തരം - കടലിലെ വെള്ളത്തിന് എന്താ ടേസ്റ്റ് ?
"" ഉപ്പ് "' .തിരമാല എന്ത് സ്ട്രോങ്ങാ ല്ലേ ?
ഉപ്പില്ലാത്ത ഫുഡ് മോന് ഇഷ്ടാണോ ? ""yucky ""
ഉപ്പിട്ടാൽ എന്ത് ടേസ്റ്റാ ല്ലേ ?
അതുപോലെ കരച്ചിലിനും ഉപ്പാണ് .നമ്മള് ഇടയ്ക്കു കരയണം . ദാറ്റ് വിൽ മേക്ക് അസ് മോർ സ്ട്രോങ്ങ് .
കരയുമ്പോ നമ്മടെ ലൈഫ് ടേസ്റ്റി ആവും സ്ട്രോങ്ങ് ആവും . ഓക്കേ ?
ചോ : കു - ( മമ്മി റിട്ടേൺസ്‌ ) അപ്പൊ ബോയ്സ് കരഞ്ഞാൽ തെറ്റല്ലാ ?
അ :ഉ - അല്ല ...സങ്കടം വരുമ്പഴൊക്കെ കരയണം . കരഞ്ഞു കരഞ്ഞു ചിരിക്കണം .
തലകുലുക്കി കുഞ്ഞൻ കളിച്ചു തിമിർത്തു .
പാഠം രണ്ട് - ഭർത്താവുദ്യോഗം .
ചോ : കു - ഫർത്താവില്ലാതെ ( കുഞ്ഞൻ വേർഷൻ ദിസ് ഈസ് ദി "ഫ " ) ആളോൾക്കു ജീവിക്കാമ്പറ്റോ ?
അമ്മ ( എട്ടു നിലയിൽ ഞെട്ടിയതൊന്ന് )- എന്തോന്നാ എന്തോന്നാ ?
(ചോദ്യം റിപീറ്റഡ് വിത്ത് വീണ്ടും ലിസ എഫ്ഫക്റ്റ് )
ഫെമിനിസ്റ്റ് രക്തം സിരകളിൽ ഗുമു ഗുമാന്നോടുന്ന 'അമ്മ ( വിത്ത് പുച്ഛസ്മൈലി )- പെണ്ണുങ്ങൾക്ക് ജീവിക്കാൻ ഭർത്താവൊന്നും വേണ്ട .
ചോ : കു ( രണ്ടും കൽപ്പിച്ച് )- അപ്പൊ അമ്മേ ആരേലും ഉപദ്രവിക്കാൻ വന്നാ ആരാ ഇടിച്ചിടുക ? അച്ഛനില്ലേൽ കാണാം .
'അമ്മ - എന്നെ ആരേലും ഉപദ്രവിക്കാൻ വന്നാലേ അറിയാവുന്ന കളരി വച്ച് ഞാൻ നേരിടും .അതിനു നിന്റെ അച്ഛൻ വരണ്ട . അല്ലേൽ തന്നെ അച്ഛൻ ഓഫീസിൽ പോവില്ലേ ?അമ്മേടെ ശക്തിയുണ്ടല്ലോ മോനറിയില്ല ( വാതുറന്നു നിൽക്കുന്ന കുഞ്ഞൻ ). പണ്ട്‌ കണ്ട ജാക്കിച്ചാൻ സിനിമയിലെ യീ ...ഹാ അടവ് വായുവിൽ വീശിക്കാണിച്ചു സ്റ്റൈലിൽ 'അമ്മ പറഞ്ഞു നിർത്തി .പോരാത്തതിന് പെൺശക്തി പ്രകടിപ്പിക്കും വിധം പണ്ട് പഠിച്ച ഭരതനാട്യം തട്ടടവ് കരാട്ടെ സ്റ്റൈലിൽ എടുത്തലക്കി.
കുഞ്ഞൻ ഫ്‌ളാ...റ്റ് .
പിന്നെയൊരു ബോധവത്ക്കരണ ക്‌ളാസ് . അതോടെ ഗേൾസ് സ്ട്രോങ്ങ് അല്ലല്ലേ എന്ന കുഞ്ഞന്റെ സംശയം മാറിക്കിട്ടി . ഹല്ല പിന്നെ .
നമ്മളോടാ കളി ..ഹും .
വാൽക്കഷ്ണം - പിന്നെ അമ്മയ്‌ക്കെന്തിനാ അച്ഛൻ എന്ന ചോദ്യം ചോദിക്കും മുൻപ് കുഞ്ഞന് അമ്മ ഒരു ചോറുരുള വായിൽ വച്ച് കൊടുത്തു .
അച്ഛനില്ലാതെ അമ്മയില്ലെന്ന് പറഞ്ഞു മനസ്സിലാക്കാനുള്ള ഭാഷ ഹൃദയത്തിനു കൈവന്നിട്ടില്ല . അവനതു കണ്ടു മനസ്സിലാക്കട്ടെ .സ്നേഹം കണ്ടും അനുഭവിച്ചും അറിയേണ്ടതാകുന്നു .

No comments:

Post a Comment