ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Sunday, 24 July 2016

അദ് ചീത്തയല്ല .

കഥ കഥയച്ചീ ....ഇന്നത്തെ കഥ നേരം ..
പരീക്ഷാത്തിരക്കിൽ നിന്ന് മരുഭൂമിയുച്ചച്ചൂടിൽ
മുഖവും മനസ്സും പൊള്ളി
മുറിത്തണുപ്പിൽ വന്നു കയറുമ്പോൾ 
നഴ്സറിയിൽ നിന്ന് വന്നു കാത്തു നില്ക്കുന്നു കുഞ്ഞപ്പൻ ....
ചോറുരുള കാക്ക മുട്ടയും കുയിൽ മുട്ടയുമാക്കുമ്പോൾ
പൊടുന്നനെ വന്നു ആവശ്യം ....
മ്മാ ...കഥ
ഇപ്പോ ഭീമസേനൻ ആണ് ഹീറോ ..
അങ്ങനെ ബകൻ ചോറുരുള ഉരുട്ടിക്കഴിക്കാൻ തുടങ്ങി ..
ഒടുക്കം ബകന് കൊണ്ട് വന്ന ഒരു വണ്ടിയൂണ്
ഭീമൻ ശാപ്പിട്ടു തീർത്തു ..
ഒക്കെക്കഴിഞ്ഞൊടുക്കം കഥയുണ്ണി വക ചോദ്യം ..
ബീമസേവന് അച്ഛനും അമ്മേം ഒണ്ടോ മ്മാ ??
ഒണ്ടല്ലോ ....
ആരാ ....
വായു ദേവനെ ഇടയ്ക്കിട്ട് ഇടങ്ങേറാക്കണ്ടാന്നു കരുതി
കഥയമ്മ പറഞ്ഞു ...
പാണ്ഡു മഹാരാജാവ് അച്ഛൻ
അമ്മ കുന്തീ ദേവി ....
എച്ചിൽ വായ കുഞ്ഞിക്കൈ കൊണ്ട് പൊത്തി
അവൻ പൊടുന്നനെ പറഞ്ഞു ...
യ്യോമ്മാ ....കുണ്ടീ ന്നു പറയാമ്പാടില്ലാ ....
പ്ലിംഗ് .....
ചിരിക്കിടയിലും എവനിതെന്താ പറയണേന്ന് ഹൃദയം ഞെട്ടി !!
പിന്നെ കേൾവിപ്പിശക് തിരുത്തിപ്പറഞ്ഞു ...
മോനെ കുണ്ടിയല്ല ...കുന്തി ...
(എന്തിന്റെ "ന്ത " എന്ന് വിശദീകരിക്കാൻ കടുത്ത അന്ത:ക്ഷോഭം സമ്മയ്ച്ചില്ലാ ....)
പഞ്ചപാണ്ഡവരുടെ അമ്മയാണ് കുന്തി
എന്ന പറച്ചിൽ കേട്ട് അവനാലോചിച്ചു നിന്നു .
ആകെ മൊത്തം കുഴങ്ങി നില്പ്പാണ് അവനെന്നു മനസ്സിലായെങ്കിലും അല്പ്പം മുൻപ് കേട്ടത്
ഒരു ചീത്ത വാക്കെന്നു അവൻ പറയാൻ കാരണം അന്വേഷിക്കണം എന്ന് തോന്നി ...
അന്വേഷണത്തിൽ ,
നഴ്സറിയിൽ ഏതോ കുട്ടി ഉപയോഗിച്ച വാക്ക് ചീത്തയാണെന്ന് ആയമ്മ പറഞ്ഞൂത്രേ ...
അതൊരു ചീത്ത വാക്കല്ലെന്നും
പലയിടങ്ങളിൽ പലരുപയോഗിക്കുന്ന പല വാക്കുകളും വാമൊഴി പകർന്നു വന്നതാണെന്നും
അത് മറ്റു ചില ദേശക്കാർ അവരുടെ സംസാര ശൈലിയിൽ ഉൾപ്പെടുന്നതാകാത്തതിനാൽ
ചീത്തയായി കരുതിപ്പോരുന്നുവെന്നും
മുൻപ് പറഞ്ഞിട്ടുള്ളത് പോലെ
അശ്ലീലം പറയുന്നവന്റെ നാവിലും
കേൾക്കുന്നവന്റെ കാതിലുമാണെന്നും പറഞ്ഞാൽ
മനസ്സിലാക്കാൻ അവനായിട്ടില്ലാത്തത് കൊണ്ട് ...
ഇത് മാത്രം പറഞ്ഞു ...
കുണ്ടീന്നു വച്ചാൽ ചീത്തയൊന്ന്വല്ല ...
അതില്ലാതെ നമ്മളെങ്ങന്യാ അപ്പിയിടണേ ??
മറുചോദ്യം കേട്ട് കുഞ്ഞുണ്ണി തലകുലുക്കിപ്പറഞ്ഞു...
ശെരിയാ ....അദ് ചീത്തയല്ല ....
ന്നാലും ന്റെ കുന്തീ ദേവീ ....
ക്ഷമിഷ് ബേഡു

No comments:

Post a Comment