ഇത് കുഞ്ഞൂട്ടന്റെ ലോകം....

കുഞ്ഞിക്കണ്ണു തുറന്നപ്പോൾ മുതൽ കുഞ്ഞൻ കണ്ട കാഴ്ചകൾ ...
കുഞ്ഞിക്കാതുകൾ പിടിച്ചെടുത്ത കുഞ്ഞു വലിയ ഒച്ചപ്പാടുകൾ ....
ചുക ചുകെ ചുവന്ന കുഞ്ഞി മൂക്കു വിടർത്തി
കുഞ്ഞൂട്ടൻ നെഞ്ചോടു ചേർത്ത ഗന്ധങ്ങൾ.....

ഇളം കൈവിരൽ കൊണ്ട് അവൻ തൊട്ടെടുത്ത ഓർമ്മകൾ....
അമ്മ നെഞ്ചിൽ പറ്റിച്ചേർന്നു അവൻ നുണഞ്ഞ പാൽ മധുരം.....

അവന്റെ മണൽക്കുളിയും മണ്‍ വീടും ...
അവനൊടിച്ചെറിഞ്ഞ മാങ്കുലകൾ ....പൂങ്കുലകൾ ....

ഒരു തോരാ മഴക്കാലത്ത്‌
അവന്റെ കുഞ്ഞു പാദങ്ങൾ ചുവരിൽ തീർത്ത ജലഭൂപടം .......
എണ്ണ മെഴുക്കു പുരണ്ട കുഞ്ഞിക്കൈകൾ
കുളിമുറിക്കതകിൽ വരച്ച ചില എണ്ണച്ചായ ചിത്രങ്ങൾ .....

മുറ്റത്തെ കൊച്ചു കായലിൽ മുങ്ങിയകന്ന കടലാസു വഞ്ചികൾ ....
തവളച്ചാട്ടം ചാടിയോടിയ പകലുകൾ ...
ആനകളിച്ചു നടന്ന സന്ധ്യകൾ .....

മണൽത്തരികൾ ചിരിച്ച കുഞ്ഞരിപ്പല്ലുകൾ ....
അമ്മക്കണ്ണീരു തുടച്ച ഇളം ചുണ്ടുകൾ .....

ഒരു പറിച്ചു നടീലിനു തൊട്ടു മുൻപ് ...
ഇതു കഥയമ്മ കുഞ്ഞനു നൽകുന്ന സമ്മാനം .....

വേഷം കെട്ടലുകളുടെ ഭാരം അഴിച്ചു വച്ച് വായിക്കുക....

നിങ്ങളുടെ ഉള്ളിൽ അടച്ചിട്ടും അടയാത്ത
കുഞ്ഞു കൗതുകക്കണ്ണുകൾ തുറക്കുക....

ഒരുപക്ഷേ ....
കാലം നമുക്കു നഷ്ടമാക്കിയതെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞാലോ .....
ലോകത്തെ വീണ്ടും ഒന്ന് കൂടി
പുതിയതു പോലെ നോക്കിക്കാണാൻ ..ഒരവസരം ....
എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ......

Friday, 15 January 2016

ഞങ്ങളുടെ സമാധാനം ...നിങ്ങളോടു കൂടെ ..

അല്ലാ ...2015 ലെ ക്രിസ്മസ് ഡിസംബർ 25 നല്ലേ ...!!!!!
അല്ലാന്നു കുഞ്ഞൻ പറയണൂ ....
ഇന്നലെ ഇവിടത്തെ പുൽക്കൂട്ടിൽ ഉണ്ണീശോ ജനിച്ചു ....!!!
ന്താ ചെയ്യാ ????
അമ്മേടെ പേർസണൽ അൾത്താരയിൽ
വെള്ളപ്പട്ടു കിടക്കയിൽ ഉണ്ണീശോ
അച്ഛനും അമ്മേം അടുത്തില്ലാതെ
കിടന്നു കൈകാലിളക്കി നോക്കണ കണ്ടിട്ടും
ഒരമ്മക്കുന്തം ചുമ്മായിരിക്കണെന്നു വച്ചാ .....!!!
കുഞ്ഞുണ്ണ്യാർക്കു കയ്യും കെട്ടി നോക്കി നിക്കാൻ പറ്റോ ???
അമ്മ അടുക്കളേല് നിന്നപ്പോ ഉണ്ണീശോയെ പൊക്കിയെടുത്ത്
പുൽക്കൂട്ടില് വച്ചു ....ഹല്ല ..പിന്നെ !!
( അമ്മയാണത്രെ ..അമ്മ ,...എന്ന് സലിംകുമാർ സ്റ്റൈലിൽ
ഒരാത്മഗതവും കക്ഷി നടത്തി ....)
ന്തായാലും ഉണ്ണീശോ വന്നില്ലേ ...നി ...സന്താക്ളോസ് വരട്ടെ ...
അപ്പൂപ്പൻ കൊണ്ടുവരേണ്ട സമ്മാനത്തിന് കത്തെഴുതി വയ്ക്കാമ്പോവാത്രെ .....
( ക്രിസ്മസ് ട്രീയുടെ താഴെ ഇഷ്ടമുള്ള സമ്മാനത്തെ ക്കുറിച്ച് കത്തെഴുതി വച്ചാൽ സാന്താക്ലോസ്
ക്രിസ്മസ് രാത്രി ആ സമ്മാനം എത്തിക്കുമെന്ന് കുഞ്ഞപ്പന് പറഞ്ഞു കൊടുത്തത് അമ്മയാണ് ....!!!
(എന്റെ പിഴ ..എന്റെ വലിയ പിഴ ...എന്താണാവോ സമ്മാനം വേണംന്ന് പറയുക !!!)
അതിനിടെ മറ്റൊരു കണ്ടുപിടിത്തം ....
അറബി നാട്ടില് സാന്താ ഒട്ടകത്തിലാ വരണേ ...
പുതിയ അറിവിൽ കഥയമ്മ കുഞ്ഞനെ നമിച്ചൂ ....!!!
താച്ചു ചേട്ടൻ @ Thaatwik Abhilash സ്നോമാന്റെ അടുത്ത് നിക്കണ ഫോട്ടം വെറുതെ
കാണിച്ചു കൊടുത്തു ...( അതും എന്റെ പിഴ ....)
ഇന്നലെ സ്നോ മാന് പകരം അമ്മ ""സാൻഡ്‌ മാൻ " ഉണ്ടാക്കി കൊടുത്തു ....മരുഭൂമീല് സാൻഡ്‌ മാനാ താരം ....!!;-)
അങ്ങനെ ബ്ടെ രണ്ടു ദീസം മുന്നേ ക്രിസ്മസ് വന്നൂന്നേ .....
അപ്പോ അമ്മേടെ എല്ലാ കൂട്ടുകാർക്കും കുഞ്ഞുണ്ണി വക
""മെറി ക്രിസ്മസ് ...""
എല്ലാവർക്കും ഈ ക്രിസ്മസ് സന്തോഷവും സമാധാനവും നല്കട്ടെ ....
ഞങ്ങളുടെ സമാധാനം ...നിങ്ങളോടു കൂടെ .....

No comments:

Post a Comment